ഫോനി കെടുത്തിയ വെളിച്ചം ഇനി കെഎസ്ഇബി തെളിയിക്കും: സംഘം ഒഡിഷയിലെത്തി

200 പേര്‍ ഉള്‍പ്പെടുന്ന ജീവനക്കാരുടെ സംഘത്തെയാണ് ഒഡീഷയുടെ വൈദ്യുത മേഖലയെ പൂര്‍വ സ്ഥിതിയിലേക്ക് എത്തിക്കാന്‍ കെഎസ്ഇബി ഒഡീഷയിലേക്ക് അയക്കുന്നത്.
ഫോനി കെടുത്തിയ വെളിച്ചം ഇനി കെഎസ്ഇബി തെളിയിക്കും: സംഘം ഒഡിഷയിലെത്തി

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റില്‍ വൈദ്യുത ലൈനുകള്‍ തകര്‍ന്ന ഒഡിഷയിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കേരള വൈദ്യുതി വകുപ്പ് രംഗത്ത്. കെഎസ്ഇബി ഇതിനായി അയച്ച ആദ്യ സംഘം ഒഡീഷയിലെത്തി. ആദ്യഘട്ടത്തില്‍ പാലക്കാടുനിന്നുള്ള 30 അംഗ സംഘമാണ് എത്തിയത്. 

200 പേര്‍ ഉള്‍പ്പെടുന്ന ജീവനക്കാരുടെ സംഘത്തെയാണ് ഒഡീഷയുടെ വൈദ്യുത മേഖലയെ പൂര്‍വ സ്ഥിതിയിലേക്ക് എത്തിക്കാന്‍ കെഎസ്ഇബി ഒഡീഷയിലേക്ക് അയക്കുന്നത്. വ്യാഴാഴ്ചയാണ് പാലക്കാട്ടുനിന്നുള്ള ജീവനക്കാര്‍ പുറപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ ഇവര്‍ ഭുവനേശ്വറിലെത്തി. 

രണ്ടാംഘട്ടമെന്ന് നിലയില്‍ കണ്ണൂരില്‍ നിന്നുള്ള കെഎസ്ഇബി ജീവനക്കാരുടെ സംഘം ശനിയാഴ്ച പുറപ്പെടും. കണ്ണൂരില്‍നിന്നുള്ള 30 അംഗ സംഘം ശനിയാഴ്ച ഉച്ചയ്ക്ക് ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ തൃശ്ശൂരിലേക്കും അവിടെ നിന്ന് ഷാലിമാര്‍ എക്‌സ്പ്രസില്‍ ഭുവനേശ്വരിലേക്കും തിരിക്കും. മറ്റ് ജില്ലകളിലെ ജീവനക്കാരും അടുത്ത ദിവസങ്ങളില്‍ ഒഡിഷയിലേക്ക് പോകും.

ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒന്നരലക്ഷത്തോളം പോസ്റ്റുകള്‍ ഒഡീഷയില്‍ തകര്‍ന്നുവീണ അവസ്ഥയാണ്. ഒരാഴ്ചയായിട്ടും നഗരപ്രദേശങ്ങളില്‍ പോലും വൈദ്യുതിയെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് സന്നദ്ധ ദൗത്യമെന്ന നിലയില്‍ കെഎസ്ഇബി വിദഗ്ദ സംഘത്തെ അയക്കുന്നത്. മുന്‍പ് തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റ് വീശിയപ്പോള്‍ തമിഴ്‌നാടിനെ സഹായിക്കാന്‍ കെഎസ്ഇബി സംഘത്തെ സര്‍ക്കാര്‍ അയച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com