വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പരീക്ഷ എഴുതിയത് സ്‌കൂളിന് നൂറ് ശതമാനം കിട്ടാനെന്ന് അധ്യാപകന്‍; കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി

പഠനത്തില്‍ പിന്നോട്ടു നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാനാണ് അവര്‍ക്കായി പരീക്ഷ എഴുതിയത് എന്നാണ് സസ്‌പെന്‍ഷനിലായ അധ്യാപകന്‍ പറയുന്നത്
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പരീക്ഷ എഴുതിയത് സ്‌കൂളിന് നൂറ് ശതമാനം കിട്ടാനെന്ന് അധ്യാപകന്‍; കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി

സ്‌കൂളിന്റെ നൂറുശതമാനം വിജയത്തിന് വേണ്ടിയാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ എഴുതിയതെന്ന് അധ്യാപകന്‍. കാസര്‍കോഡ് നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ നിഷാദ് വി മുഹമ്മദിനെയാണ് പ്ലസ് ടു പരീക്ഷയില്‍ ക്രമക്കേട് കാണിച്ചതിന് സസ്‌പെന്‍ഷനിലായത്. പഠനത്തില്‍ പിന്നോട്ടു നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാനാണ് അവര്‍ക്കായി പരീക്ഷ എഴുതിയത് എന്നാണ് സസ്‌പെന്‍ഷനിലായ അധ്യാപകന്‍ പറയുന്നത്. 

എന്നാല്‍ അധ്യാപകന്റെ വാദത്തെ എതിര്‍ത്തുകൊണ്ട് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് രംഗത്തെത്തി. വിജയശതമാനം കൂട്ടാന്‍ സ്‌കൂളുകള്‍ക്ക് മേല്‍ യാതൊരു സമ്മര്‍ദ്ദമുണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു അധ്യാപകന്‍ മാത്രമാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നതെന്നും എന്നാല്‍ എന്തിനാണ് അധ്യാപകന്‍ ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും വകുപ്പുതല അന്വേഷണം ഫലപ്രദമായില്ലെങ്കില്‍ കേസ് പൊലീസിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നാലു കുട്ടികളുടെ ഉത്തരപേപ്പര്‍ അധ്യാപകന്‍ പൂര്‍ണമായി എഴുതിക്കൊടുക്കുകയായിരുന്നു. പരീക്ഷ ചീഫ് സൂപ്രണ്ട് സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ.റസിയയുടെ അറിവോടെയാണ് കുട്ടികള്‍ പോലുമറിയാതെ അഡീഷണല്‍ ഡെപ്യൂട്ടി ചീഫായ നിഷാദ് പരീക്ഷ എഴുതിയത്. .രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പേപ്പറും രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ കന്യൂട്ടര്‍ സയന്‍സ് പേപ്പറുമാണ് അധ്യാപകന്‍ തയാറാക്കിയത്. കുട്ടികള്‍ ഹാളില്‍ പരീക്ഷ എഴുതുന്ന സമയത്ത് ഓഫിസില്‍ വെച്ചാണ് നിഷാദ് ഉത്തരക്കടലാസ് തയാറാക്കിയത്. പരീക്ഷ എഴുതിയശേഷം കുട്ടികള്‍ സമര്‍പ്പിച്ച ഉത്തരക്കടലാസുകള്‍ക്ക് പകരം അധ്യാപകന്‍ എഴുതി പേപ്പര്‍ സീല്‍ ചെയ്ത കെട്ടില്‍ മൂല്യനിര്‍ണയത്തിന് അയക്കുകയായിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ത്ഥി പ്ലസ് വണ്ണിന് ഇംഗ്ലീഷ് പരീക്ഷയ്ക്ക് തോറ്റിരുന്നു. 

പ്ലസ് ടു ഫലം പ്രഖ്യാപിച്ചപ്പോള്‍ സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികളുടെ ഫലം വന്നിരുന്നില്ല. മറ്റ് അധ്യാപകര്‍ കാരണം ചോദിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞത് രജിസ്റ്റര്‍ നമ്പര്‍കൊണ്ടുള്ള പ്രശ്‌നം കാരണമാണെന്നാണ്. ഇതു ശരിയാക്കാനാണ് എന്ന് പറഞ്ഞാണ് കഴിഞ്ഞ ആഴ്ച പ്രിന്‍സിപ്പല്‍ തിരുവനന്തപുരത്ത് പോയിരുന്നു. ഇത് സംബന്ധിച്ച് വിശദീകരണം ചോദിച്ച് പരീക്ഷ സെക്രട്ടറി വിളിച്ചതിനെ തുടര്‍ന്നായിരുന്നു പ്രിന്‍സിപ്പല്‍ തിരുവനന്തപുരത്ത് എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com