ചെയര്‍മാന്‍ സ്ഥാനം: കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം; ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച തുടക്കം

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങുന്നു
ചെയര്‍മാന്‍ സ്ഥാനം: കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം; ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച തുടക്കം

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങുന്നു. നാളെ തിരുവനന്തപുരത്തു യുഡിഎഫ് യോഗത്തിനു ശേഷം കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ അനൗദ്യോഗിക ചര്‍ച്ച നടന്നേക്കും. ബുധനാഴ്ച തിരുവനന്തപുരത്തു കെഎം മാണി അനുസ്മരണ സമ്മേളനമുണ്ട്. അന്നു രണ്ടാംഘട്ട ചര്‍ച്ച നടക്കും. 

കെഎം മാണിയുടെ നാല്‍പതാം ചരമദിനച്ചടങ്ങുകള്‍ വെള്ളിയാഴ്ച പാലായിലുണ്ട്. അന്നത്തെ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്ന നേതാക്കള്‍ തമ്മില്‍ അവസാനവട്ടചര്‍ച്ചയും നടക്കും. ഈ ചര്‍ച്ചകളില്‍ ധാരണയായാല്‍ അടുത്ത ദിവസങ്ങളില്‍ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് അംഗീകാരം നല്‍കും. പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ആരെന്ന കാര്യം പിന്നീടു മാത്രമേ ചര്‍ച്ച ചെയ്യൂ.

വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ്, ഡപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസ്, വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി, ഉന്നതാധികാര സമിതി അംഗം മോന്‍സ് ജോസഫ്, സംഘടനാ ജനറല്‍ സെക്രട്ടറി ജോയ് ഏബ്രഹാം എന്നിവരാണു യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്നത്. 

എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പാര്‍ട്ടി മുഖമാസികയായ പ്രതിധ്വനിയില്‍ വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫിനും കോണ്‍ഗ്രസിനുമെതിരേ പ്രത്യക്ഷപ്പെട്ട ലേഖനം അതിന്റെ പ്രതിഫലനമാണ് എന്നാണ് സൂചന. 

വര്‍ക്കിങ് ചെയര്‍മാന്‍തന്നെ നിയമസഭാകക്ഷി നേതൃസ്ഥാനവും വഹിക്കുന്നതാണു ജോസ് കെ മാണി വിഭാഗത്തെ പ്രകോപിപ്പിക്കുന്നത്. മാണിക്കുശേഷം വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി ചെയര്‍മാനാകണമെന്ന് ആവശ്യപ്പെടുന്ന വിഭാഗം പാര്‍ട്ടിയില്‍ ശക്തമാണ്. എന്നാല്‍, നിലവിലെ ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസ് ചെയര്‍മാനാകണമെന്നാണു ജോസഫിന്റെ നിലപാട്. അത് അംഗീകരിക്കണമെങ്കില്‍, ജോസഫ് വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്നു മറുപക്ഷം ആവശ്യപ്പെടുന്നു. ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ അധികാരം വര്‍ക്കിങ് ചെയര്‍മാനില്‍ കേന്ദ്രീകരിക്കുമെന്നതാണു തര്‍ക്കം രൂക്ഷമാക്കിയത്. നിയമസഭാകക്ഷി നേതൃസ്ഥാനവുമുള്ളതിനാല്‍ ജോസഫ് ഇരട്ടിശക്തനാകും. അതു വകവച്ചുകൊടുക്കാന്‍  ജോസ് വിഭാഗം തയാറല്ല. 

ജോസഫ് വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചാല്‍ ഒത്തുതീര്‍പ്പിനു തയാറാണെന്നതാണ് അവരുടെ നിലപാട്. അങ്ങനെയെങ്കില്‍ സിഎഫ് തോമസ് ചെയര്‍മാനും ജോസ് വര്‍ക്കിങ് ചെയര്‍മാനും എന്നതാകും ഫോര്‍മുല. അതിനു വഴങ്ങാന്‍ ജോസഫ് തയാറല്ല. സംസ്ഥാനസമിതിയിലും ഉന്നതാധികാരസമിതിയിലും പാര്‍ലമെന്ററി ബോര്‍ഡിലും ജോസിനു വ്യക്തമായ മേല്‍ക്കൈയുണ്ട്. അതിനാല്‍ എത്രയും വേഗം സമിതികള്‍ വിളിച്ചുചേര്‍ത്ത് പാര്‍ട്ടി കൈപ്പിടിയില്‍ ഒതുക്കാനാണു നീക്കം. ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം, വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫുമായിആലോചിച്ചുവേണം സംസ്ഥാനസമിതി വിളിക്കേണ്ടത്. മാണിയുടെ വിശ്വസ്തനായിരുന്ന ജോയിയും യോഗം വിളിക്കാന്‍ തയാറാകുന്നില്ലെന്നാണു ജോസ് വിഭാഗത്തിന്റെ പരാതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com