പ്രതിഭയ്‌ക്കെതിരെ കെ കെ ശൈലജ; പറയേണ്ട രീതി ഇതല്ല;  അത്തരത്തില്‍ കമന്റ് ഇട്ടത് തെറ്റ്

ഫേസ്ബുക്ക് കുറിപ്പിന് താഴെ മന്ത്രി പക്ഷപാതിത്വം കാണിക്കുന്നു എന്ന തരത്തില്‍ എംഎല്‍എ കമന്റ് ഇട്ടത് ശരിയായില്ല.  കാര്യങ്ങള്‍ പറയാന്‍ വ്യവസ്ഥാപിതമായ രീതികളുണ്ട്
പ്രതിഭയ്‌ക്കെതിരെ കെ കെ ശൈലജ; പറയേണ്ട രീതി ഇതല്ല;  അത്തരത്തില്‍ കമന്റ് ഇട്ടത് തെറ്റ്

കൊച്ചി: കായംകുളം എംഎല്‍എ യു പ്രതിഭയ്‌ക്കെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഫേസ്ബുക്ക് കുറിപ്പിന് താഴെ മന്ത്രി പക്ഷപാതിത്വം കാണിക്കുന്നു എന്ന തരത്തില്‍ എംഎല്‍എ കമന്റ് ഇട്ടത് ശരിയായില്ല.  കാര്യങ്ങള്‍ പറയാന്‍ വ്യവസ്ഥാപിതമായ രീതികളുണ്ട്. അതൊന്നും നോക്കാതെ വിമര്‍ശിച്ച് കമന്റിട്ടത് ശരിയായില്ലെന്നും കെകെ ശൈലജ പറഞ്ഞു. 

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികള്‍ നവീകരിക്കുക, രോഗീ സൗഹൃദമാക്കുക എന്ന തീരുമാനമനുസരിച്ചാണ് എട്ട് ജില്ലാ ആശുപത്രികള്‍ക്കും രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കും ഒന്നാംഘട്ടത്തില്‍ കാത്ത്‌ലാബ് അനുവദിച്ചതെന്ന് തുടങ്ങുന്ന ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ പോസ്റ്റില്‍ പ്രതിഭ കമന്റ് ഇട്ടതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്.തന്റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നാണ് കമന്റിലൂടെ പ്രതിഭ വ്യക്തമാക്കിയത്. തനിക്ക് ചെയ്യാവുന്നതെല്ലാം സമയബന്ധിതമായി ചെയ്തിട്ടും ആക്ഷേപം കേള്‍ക്കുകയാണെന്നും പ്രതിഭ പറഞ്ഞു.

തങ്ങളെ പോലെയുള്ള എംഎല്‍എമാര്‍ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചാരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ടീച്ചറില്‍ നിന്ന് അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ടെന്നും പ്രതിഭ കുറിച്ചു. എന്നാല്‍, കെ കെ ശൈലജയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു എന്ന തരത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ ഈ കമന്റിനെ കണ്ടത്.

ഇതോടെ കായംകുളം എംഎല്‍എയ്‌ക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് സൈബറിടങ്ങില്‍ ഉയര്‍ന്നത്. ഇതോടെ വിശദീകരണവുമായി എംഎല്‍എ തന്നെ രംഗത്ത് വന്നു. കായംകുളം താലൂക്ക് ആശുപത്രിയെ കുറിച്ച് ഷൈലജ ടീച്ചറിന്റെ കാത്ത് ലാബുകളെ സംബന്ധിച്ച പോസ്റ്റില്‍ ഇട്ട കമന്റ് ആരും ആഘോഷിക്കേണ്ടതില്ലെന്നം പ്രതിഭ വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് മന്ത്രി ചെയ്യുന്ന കാര്യങ്ങളെ അങ്ങേയറ്റം ആദരവോടെ കാണുന്ന സഖാവാണ് ഞാന്‍. എന്നാല്‍, താന്‍ പ്രതിനിധീകരിക്കുന്ന കായംകുളം മണ്ഡലത്തിലെ താലൂക്ക് ആശുപത്രിയെ ധനമന്ത്രി ബജറ്റ് മറുപടി പ്രസംഗത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയതാണ്.നാളിതുവരെ അതിന് പണം അനുവദിക്കപ്പെട്ടില്ല എന്നത് സത്യം തന്നെയാണ്. വികസനവും ജനങ്ങളുടെ ക്ഷേമവും മാത്രമാണ് എന്റെ ലക്ഷ്യമെന്നും പ്രതിഭ കുറിച്ചു. ഈ പോസ്റ്റിനടിയിലും പ്രതിഭയ്‌ക്കെതിരെ വിമര്‍ശനങ്ങളാണ് പാര്‍ട്ടി അണികള്‍ ഉന്നയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com