ശബരിമല യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടേത് 'വ്യക്തിപരമായ അഭിപ്രായപ്രകടനം' ; ആര്‍എസ്എസ് നേതാക്കളെ തള്ളി ശശികല 

ശബരിമലയില്‍ യുവതീ പ്രവേശനം വേണ്ടെന്നു തന്നെയാണ് ഇപ്പോഴും ശബരിമല കര്‍മ്മ സമിതിയുടെ നിലപാടെന്നും ശശികല പറഞ്ഞു
ശബരിമല യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടേത് 'വ്യക്തിപരമായ അഭിപ്രായപ്രകടനം' ; ആര്‍എസ്എസ് നേതാക്കളെ തള്ളി ശശികല 

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ പിന്തുണച്ച് രംഗത്തുവന്ന ആര്‍എസ്എസ് നേതാക്കളെ തള്ളിപ്പറഞ്ഞ് ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല. യുവതീപ്രവേശത്തെ പിന്തുണയ്ക്കുന്ന ചില ആര്‍എസ്എസ് നേതാക്കളുടെ പ്രസ്താവനകള്‍ അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ശബരിമലയില്‍ യുവതീ പ്രവേശനം വേണ്ടെന്നു തന്നെയാണ് ഇപ്പോഴും ശബരിമല കര്‍മ്മ സമിതിയുടെ നിലപാടെന്നും ശശികല പറഞ്ഞു. 

ശബരിമല ആചാര സംരക്ഷണത്തില്‍ നിന്നും ആര്‍എസ്എസ്എസും ബിജെപിയും പിന്നോട്ടു പോകുന്നു എന്നാരോപിച്ച് ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് രംഗത്ത് വന്ന റെഡി റ്റു വെയിറ്റ് ക്യാംപയിന്‍ അനുകൂലികള്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മസമിതിയും നിലപാട് വ്യക്തമാക്കിയത്. ശബരിമല വിഷയത്തില്‍ തീരുമാനമാകും വരെ സമരം ചെയ്യുമെന്നും ശശികല പറഞ്ഞു. 

ആര്‍എസ്എസ്  ബൗദ്ധിക് പ്രമുഖ് ആയ ആര്‍ ഹരി അടക്കം ചില നേതാക്കള്‍ ശബരിമല യുവതി പ്രവേശനത്തിന് അനുകൂല നിലപാടെടുത്തിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമല ആചാര സംരക്ഷണത്തില്‍ നിന്നും ആര്‍എസ്എസ്എസും ബിജെപിയും പിന്നോട്ടു പോകുന്നു എന്നാരോപിച്ച്  റെഡി റ്റു വെയിറ്റ് ക്യാംപയിനുകാരും ആര്‍എസ്എസിലെ ഒരു വിഭാഗവും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വാക്‌പോരും നടക്കുകയാണ്. 

തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സംശയമുണ്ടെന്നും ശശികല പറഞ്ഞു. ആചാരങ്ങളുടെ മുകളിലുള്ള കടന്ന് കയറ്റത്തിന് ശ്രമം നടക്കുന്നുവെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com