കുടിവെള്ളമില്ലാതെ ഹോട്ടല്‍ അടച്ച് പൂട്ടി: ഉടമ വിറക്പുരയില്‍ തൂങ്ങിമരിച്ചനിലയില്‍

പ്രദേശത്തെ കുടിവെള്ളക്ഷാമം കാരണം ഈ ഹോട്ടല്‍ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്.
കുടിവെള്ളമില്ലാതെ ഹോട്ടല്‍ അടച്ച് പൂട്ടി: ഉടമ വിറക്പുരയില്‍ തൂങ്ങിമരിച്ചനിലയില്‍

കാസര്‍കോട്: കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ഹോട്ടലിന്റെ ഉടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ അളിയനടുക്കയിലെ അപ്പക്കുഞ്ഞി ഗോപി ദമ്പതികളുടെ മകന്‍ പവിത്രനെയാണ് (28) ഞായറാഴ്ച രാവിലെ വീടിനോടു ചേര്‍ന്നുള്ള വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്ന് രാവിലെ അമ്മ വിറകെടുക്കാന്‍ ചെന്നപ്പോള്‍ പവിത്രനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അഡൂരില്‍ അശോക്ഭവന്‍ എന്ന പേരില്‍ ചെറിയൊരു ഹോട്ടല്‍ നടത്തിവരികയായിരുന്നു പവിത്രന്‍. പ്രദേശത്തെ കുടിവെള്ളക്ഷാമം കാരണം ഈ ഹോട്ടല്‍ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. ഇതോടെ കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നു പവിത്രനെന്ന് ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ക്ക് സാമ്പത്തിക ബാദ്ധ്യതകളുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. 

ഹോട്ടല്‍ അടച്ചുപൂട്ടിയതോടെ തന്റെ അവസ്ഥ മോശമായതായി ഇയാള്‍ സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. ഇതിന്റെ മനോവിഷമം കാരണം ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. അവിവാഹിതനാണ് ഇദ്ദേഹം.

വേനല്‍ കടുത്തത്തോടെ അഡൂരില്‍ പലയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇവിടെ ഒരാഴ്ചയായി ശുദ്ധജല വിതരണം മുടങ്ങിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com