'വെയിലു കൊളളരുത്, മഴ കൊളളരുത്, മഞ്ഞു കൊളളരുത് എന്നതാണ് അയ്യപ്പന്റെ നിഷ്‌കര്‍ഷ'; ഉന്തും തളളുമില്ലെങ്കില്‍ ആദ്യപൂരം കാണും: സുരേഷ് ഗോപി

തൃശൂര്‍ പൂരത്തിന്റെ ആവേശം പങ്കുവെച്ച് നടനും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി
'വെയിലു കൊളളരുത്, മഴ കൊളളരുത്, മഞ്ഞു കൊളളരുത് എന്നതാണ് അയ്യപ്പന്റെ നിഷ്‌കര്‍ഷ'; ഉന്തും തളളുമില്ലെങ്കില്‍ ആദ്യപൂരം കാണും: സുരേഷ് ഗോപി

തൃശൂര്‍:  തൃശൂര്‍ പൂരത്തിന്റെ ആവേശം പങ്കുവെച്ച് നടനും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. തൃശൂര്‍ പൂരം പോലുളള ആചാരങ്ങള്‍ ഓരോ വ്യക്തിയും ജീവിതത്തില്‍ പകര്‍ത്തേണ്ട അച്ചടക്കമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ഐതിഹ്യങ്ങള്‍ അച്ചടക്കമാണ് മുന്നോട്ടുവെയ്ക്കുന്നത്. വെയിലു കൊളളരുത്, മഴ കൊളളരുത്, മഞ്ഞു കൊളളരുത് എന്നതാണ് അയ്യപ്പന്റെ നിഷ്‌കര്‍ഷ. അത് പൊതുജനങ്ങള്‍ അണുവിടെ മാറാതെ അച്ചടക്കത്തോടെ പാലിച്ചുപോരുന്നു. ജീവിതത്തിലേക്ക്് പകര്‍ത്തിയെടുക്കേണ്ട അച്ചടക്കമാണ് ഇതെല്ലാം ഓര്‍മ്മിപ്പിക്കുന്നതെന്നും പൂരദിനത്തില്‍ ആദ്യമെത്തുന്ന ഘടകപൂരമായ കണിമംഗലം ശാസ്താവിനെ വഴിയരുകില്‍ കാത്തുനിന്ന് തൊഴുതശേഷം സുരേഷ് ഗോപി പറഞ്ഞു.

തൃശൂര്‍പൂരത്തിന്റെ ആചാരചിട്ടവട്ടങ്ങളാണ് തനിക്ക്  ഇഷ്ടമായത്. ജീവിതത്തില്‍ പകര്‍ത്തിയെടുക്കേണ്ട അച്ചടക്കമാണ് പകര്‍ന്നുതരുന്നത്. മതാചാരം എന്ന് പറയുന്നത് സ്വന്തം ജീവിതത്തില്‍ ഓരോ വ്യക്തിയും പകര്‍ന്നെടുക്കേണ്ട അച്ചടക്കത്തിന്റെ ഭാഗമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

പൂരം കാണാന്‍ പോകണമെന്നാണ് ആഗ്രഹമെന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു. ഇത് തന്റെ ആദ്യ പൂരമാണ്. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താകും തന്റെ പൂരാഘോഷം.താന്‍ ചെല്ലുന്നത് മറ്റുളളവര്‍ക്ക് അസൗകര്യമുണ്ടാക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കഴിഞ്ഞാല്‍ തൃശൂര്‍ പൂരത്തിന് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com