ജപ്തി നടപടിക്കിടെ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ബാങ്കിനോട് വിശദീകരണം തേടി റവന്യൂ മന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th May 2019 07:44 PM |
Last Updated: 14th May 2019 07:44 PM | A+A A- |
തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ക്കിടെ അമ്മയും മകളും സ്വയം തീകൊളുത്തി മരിച്ച സംഭവത്തിൽ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ കനറാ ബാങ്ക് മാനേജരെ വിളിച്ച് അതൃപ്തി അറിയിച്ചു. മൊറട്ടോറിയം നിലനിൽക്കുന്ന സാഹചര്യത്തിൽ എങ്ങനെയാണ് ഇത്തരത്തിൽ ജപ്തി നടപടിയുമായി മുന്നോട്ടു പോകുന്നതെന്ന് ചോദിച്ച മന്ത്രി ബാങ്കിനോട് വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കനറാ ബാങ്കിനെതിരെ കലക്ടർ കെ വാസുകിയും റിപ്പോർട്ട് നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ ആക്ഷേപം ശരി വയ്ക്കുന്നതാണ് കലക്ടറുടെ റിപ്പോർട്ടും. കനറാ ബാങ്കിന്റെ ജപ്തി നടപടികളാണ് മാരായമുട്ടത്ത് 19കാരിയായ വൈഷ്ണവിയുടെയും പിന്നാലെ അമ്മയുടേയും മരണത്തിലേക്ക് നയിച്ചതെന്ന് കലക്ടർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തിറങ്ങിയിരുന്നു. നാട്ടുകാർ ഒരു മണിക്കൂറിലധികം റോഡ് ഉപരോധിച്ചു. നെയ്യാറ്റിൻകരയിലെ കാനറ ബാങ്ക് ശാഖാ മാനേജരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ ഉപരോധം. ബാങ്കിന്റെ ഭാഗത്ത് നിന്ന് വലിയ തോതിലുള്ള മാനസിക പീഡനങ്ങളാണ് കുടുംബത്തിന് ഏൽക്കേണ്ടി വന്നതെന്നും ഇന്ന് തന്നെ ജപ്തി നടപടികളുമായി മുന്നോട്ടു പോകുമെന്ന് ബാങ്ക് അധികൃതർ വീട്ടുകാരെ ധരിപ്പിച്ചിരുന്നതായും നാട്ടുകാർ പറയുന്നു.
പിന്നീട് പൊലീസും തഹസിൽദാറും ഇടപെട്ട് കേസടക്കമുള്ളവ എടുത്ത് മുന്നോട്ടു പോകുമെന്ന ഉറപ്പിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. നെയ്യാറ്റിൻകര ഡിവൈഎസ്പി സംഭവത്തെക്കുറിച്ച് വിശദമായ വിലയിരുത്തലുകൾ നടത്തിയിട്ടുണ്ട്. അന്വേഷണവുമായി പൊലീസ് മുന്നോട്ടു പോകുകയാണ്. സൈബർ സെല്ലുമായി ബന്ധപ്പെട്ട് ഫോൺ വിളികളടക്കം പരിശോധിച്ച് ഇവയുടെയെല്ലാം അടിസ്ഥാനത്തിലായിരിക്കും പൊലീസിന്റെ തുടർ നടപടികൾ.