ആദ്യം സ്ത്രീയെ കാട്ടി വശീകരിക്കും, ഓട്ടോറിക്ഷയില്‍ കറക്കം, പിന്നാലെ സദാചാരക്കാരെന്ന മട്ടില്‍ ചോദ്യം ചെയ്യല്‍, ഭീഷണി; തട്ടിപ്പിന്റെ പുതിയ 'സ്‌കീം'

സ്ത്രീയെ കാട്ടി വശീകരിച്ചാണ് സ്വര്‍ണാഭരണം കവര്‍ന്നതെന്ന് പൊലീസ് പറയുന്നു
ആദ്യം സ്ത്രീയെ കാട്ടി വശീകരിക്കും, ഓട്ടോറിക്ഷയില്‍ കറക്കം, പിന്നാലെ സദാചാരക്കാരെന്ന മട്ടില്‍ ചോദ്യം ചെയ്യല്‍, ഭീഷണി; തട്ടിപ്പിന്റെ പുതിയ 'സ്‌കീം'

തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് അര്‍ധരാത്രിക്ക് ശേഷം തമിഴ്‌നാട്ടുകാരുടെ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു സ്വര്‍ണാഭരണം കവര്‍ന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ത്രീയെ കാട്ടി വശീകരിച്ചാണ് സ്വര്‍ണാഭരണം കവര്‍ന്നതെന്ന് പൊലീസ് പറയുന്നു. 

സംഭവവുമായി ബന്ധപ്പെട്ട്  ഉഷ(42)യുടെ    അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കൂടാതെ 2- ാമത്തെ പ്രതിയുടെയും പരുത്തിക്കുഴി സ്വദേശി മുഹമ്മദ് ജിജാസിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.ആകെ 4 പ്രതികളുള്ള കേസില്‍ 2 അംഗ ബൈക്കു സംഘത്തിനായി  പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. ഇവരെ തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും തിരുവല്ലം പൊലീസ് അറിയിച്ചു.

ശനിയാഴ്ച അര്‍ധ രാത്രിയ്ക്കു ശേഷം വണ്ടിത്തടം ജംക്ഷനു സമീപമായിരുന്നു സംഭവം. തമിഴ്‌നാട്  കുലശേഖരം  സ്വദേശികളും തലസ്ഥാനത്തു ജോലി ചെയ്യുന്നവരുമായ അനീഷ്‌കുമാര്‍, അഭിഷേക് എന്നിവരാണ് മോഷണത്തിനിരയായത്. വണ്ടിത്തടം കുരിശടിക്കു സമീപം വച്ച്  ഓട്ടോറിക്ഷയിലെത്തിയ സ്ത്രീയുള്‍പ്പെടെയുള്ള സംഘവും  പിന്നാലെ ബൈക്കിലെത്തിയവരും ചേര്‍ന്നു കാറിനെ  തടഞ്ഞു ഇരുവരുടെയും മുഖത്ത്  മര്‍ദിച്ച് അനീഷിന്റെ കഴുത്തില്‍ നിന്നു  രണ്ടേകാല്‍  പവന്‍ സ്വര്‍ണാഭരണവും മൊബൈല്‍ ഫോണും കവരുകയായിരുന്നുവെന്ന്  പൊലീസ് പറഞ്ഞു. 

പാതിരാത്രി നഗരത്തില്‍ ഒറ്റയ്ക്കു പരിചയമില്ലാത്ത നിലയില്‍ കണ്ടെത്തുന്നവരാണ് സംഘത്തിന്റെ ഇരകള്‍. പിടിയിലായ പ്രതിയും സ്ത്രീയുമുള്‍പ്പെട്ട സംഘം ഓട്ടോറിക്ഷയില്‍ കറങ്ങിനടക്കും. ഇത്തരക്കാരെ  കണ്ടെത്തിയാല്‍ വശീകരിച്ചു മുറി സൗകര്യമുണ്ടെന്നു പറഞ്ഞു വാഹനത്തില്‍ കയറ്റും. 'സ്‌കീം' എന്നാണത്രെ ഇവര്‍ ഈ തട്ടിപ്പിനിട്ടിട്ടുള്ള പേര്‍ എന്നു പൊലീസ് പറഞ്ഞു. 

കരമന-ബാലരാമപുരം ദേശീയ പാത, കഴക്കൂട്ടം-കോവളം ബൈപാസ് തുടങ്ങി ആളൊഴിഞ്ഞ വീഥികളിലുടെ ഓട്ടോറിക്ഷ പോകുന്നതിനിടെ പിന്നാലെ ബൈക്കില്‍ 2 അംഗ സംഘമെത്തി ഇവരെ  പിടികൂടും.തുടര്‍ന്ന് സദാചാരക്കാരെന്ന മട്ടില്‍ ഇവരെയെല്ലാം ചോദ്യം ചെയ്യും. പിന്നീട് ഭീഷണിപ്പെടുത്തി ഇരയുടെ കയ്യിലുള്ള പണം, സ്വര്‍ണം, മറ്റു വിലപിടിപ്പുള്ള വസ്തുക്കളെല്ലാം കൈക്കലാക്കി വാഹനത്തില്‍ നിന്നും ഇറക്കിവിടുന്നതാണ് പതിവെന്നു പൊലീസറിയിച്ചു.

പിടിയിലായ സ്ത്രീയുള്‍പ്പെട്ട സംഘം ഇതു വരെ നഗരത്തില്‍ ഇത്തരത്തില്‍ എട്ടോളം തട്ടിപ്പ്  നടത്തിയിട്ടുണ്ടെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.  തട്ടിപ്പിനിരയായവര്‍ പരാതിപ്പെടാത്തതാണ് ഇവര്‍ക്ക് സഹായകരമായതെന്നും പൊലീസ് പറഞ്ഞു. കവര്‍ച്ച ചെയ്ത മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനായതാണ് അന്വേഷണത്തിനു വഴിത്തിരിവായതെന്നു പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com