'എതിർപ്പുകൾക്ക് മുന്നിൽ മുട്ടുമടക്കിയില്ല'; ബാലികയുടെ മുഖ്യകാർമികത്വത്തിൽ ശനീശ്വര വി​ഗ്രഹപ്രതിഷ്ഠ

'എതിർപ്പുകൾക്ക് മുന്നിൽ മുട്ടുമടക്കിയില്ല'; ബാലികയുടെ മുഖ്യകാർമികത്വത്തിൽ ശനീശ്വര വി​ഗ്രഹപ്രതിഷ്ഠ

സ്ത്രീകൾ പ്രതിഷ്ഠ നടത്തുന്നത് ത‌ർക്കവിഷമായി തുടരുമ്പോൾ ബാലികയുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രപ്രതിഷ്ഠ

തിരുവനന്തപുരം: സ്ത്രീകൾ പ്രതിഷ്ഠ നടത്തുന്നത് ത‌ർക്കവിഷമായി തുടരുമ്പോൾ ബാലികയുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രപ്രതിഷ്ഠ.
ഒമ്പത് വയസ്സുകാരി നിരഞ്ജനയാണ് ചിറയിന്‍കീഴ് ആനത്തലവട്ടം ശനീശ്വര ഭദ്രകാളി ദേവസ്ഥാനത്ത്​ ശനീശ്വരവിഗ്രഹപ്രതിഷ്ഠ നടത്തിയത്. ഒമ്പത് ദിവസത്തെ പൂജകൾക്കൊടുവിൽ പിതാവ്​ അനിലന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷ്ഠാചടങ്ങ്​.

സ്​ത്രീകൾ പ്രതിഷ്ഠ നടത്തുന്നത്​ ആചാരവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാണിച്ച് ചിലർ എതിർപ്പുമായി രം​ഗത്തുവന്നിരുന്നു. എന്നാല്‍, ട്രസ്​റ്റ്​ ഭാരവാഹികള്‍ സ്വന്തമായി വാങ്ങിയ ഭൂമിയില്‍ പ്രതിഷ്ഠ നടത്തുന്നതിനെ എതിർക്കാനാകില്ല എന്നുകണ്ട് ഇവർ പിന്മാറി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവിടെ ഉണ്ടായിരുന്ന ശനീശ്വര വിഗ്രഹം സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചിരുന്നു. ഇതിനുപകരമായി നടത്തിയ പ്രതിഷ്ഠയിലാണ് നിരഞ്ജന മുഖ്യകാർമികത്വം വഹിച്ചത്. തമിഴ്നാട്ടിലെ മയിലാടിയില്‍ നിര്‍മിച്ച അഞ്ജനശിലയിലെ ശനീശ്വരവിഗ്രഹമാണ് പ്രതിഷ്ഠിച്ചത്. തന്ത്രി ചെമ്പകശ്ശേരി പ്രസാദ് വർമ മേല്‍നോട്ടം വഹിച്ചു.

ജനങ്ങളെ ശനിദോഷത്തി​ന്റെ പേരില്‍ ഭയപ്പെടുത്തുന്ന പ്രവണതക്ക്​ വെല്ലുവിളിയായാണ് പ്രതിഷ്ഠയെന്ന്​ അനിലന്‍ നമ്പൂതിരി പറഞ്ഞു. നാല് വയസ്സ്​ മുതല്‍ പൂജ പഠിക്കുന്ന നിരഞ്ജന ലളിതാസഹസ്രനാമവും വിഷ്ണുസഹസ്രനാമവും ക്ഷേത്രത്തില്‍ പാരായണം ചെയ്യുന്നുണ്ട്. ശനീശ്വര സഹസ്രനാമം മനഃപാഠമാക്കിയ നിരഞ്ജന മൂന്നു വര്‍ഷമായി ശനീപൂജയും നടത്തുന്നു. കൊല്ലം ചിതറ പേഴുമൂട് യു.പി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com