'കുഴപ്പമൊന്നുമില്ലെടോ, ഇപ്പോ ഇറങ്ങും ഇലഞ്ഞിത്തറേലുണ്ടാവും'; ഐസിയുവില്‍ കിടന്ന് പെരുവനം 

പാറമേക്കാവ് ഇറക്കിയെഴുന്നള്ളിപ്പിനു പ്രമാണിത്തം വഹിക്കുമ്പോഴാണു പെരുവനം കുട്ടന്‍മാരാര്‍ക്കു ദേഹാസ്വാസ്ഥ്യമുണ്ടായത്
'കുഴപ്പമൊന്നുമില്ലെടോ, ഇപ്പോ ഇറങ്ങും ഇലഞ്ഞിത്തറേലുണ്ടാവും'; ഐസിയുവില്‍ കിടന്ന് പെരുവനം 

തൃശൂര്‍:  പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പെരുവനം കുട്ടന്‍മാരാരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത ആശങ്കയോടെയാണ് പൂരപ്രേമികള്‍ കേട്ടത്. പിന്നീട് ഇലഞ്ഞിത്തറമേളത്തിന്റെ മേളപ്രമാണിയായി അദ്ദേഹത്തെ കണ്ടപ്പോഴാണ് പൂരപ്രേമികള്‍ക്ക് ആശ്വാസമായത്. തുടര്‍ന്ന് ആവേശമായിരുന്നു വടക്കുംനാഥ സന്നിധിയില്‍. 

ആശുപത്രിയിലെ കാഷ്വാലിറ്റി ഐസിയുവില്‍ കിടന്നു പെരുവനം കുട്ടന്‍മാരാര്‍ പറഞ്ഞതിങ്ങനെ...'കുഴപ്പമൊന്നുമില്ലെടോ, ഇപ്പോ ഇറങ്ങും ഇലഞ്ഞിത്തറേലുണ്ടാവും. ഇതു വല്യ സംഭവാക്കണ്ട'. പിന്നീട് മേളപ്രേമികളുടെ മനസറിയുന്ന പെരുവനം ആശുപത്രിയില്‍ നിന്നും വടക്കുംനാഥ സന്നിധിയിലേക്ക് ഓടിയെത്തുകയായിരുന്നു.

പാറമേക്കാവ് ഇറക്കിയെഴുന്നള്ളിപ്പിനു പ്രമാണിത്തം വഹിക്കുമ്പോഴാണു പെരുവനം കുട്ടന്‍മാരാര്‍ക്കു ദേഹാസ്വാസ്ഥ്യമുണ്ടായത്. ചെണ്ട നിലത്തുവച്ചു പിന്നോട്ടൊന്നാഞ്ഞു. മകന്‍ അപ്പുവടക്കം ചുറ്റുമുള്ളവര്‍ താങ്ങി. മേളത്തിന് ഭംഗംവരാതെ കുട്ടന്‍മാരാരുടെ ഇടം, വലം കൈകളായ  കേളത്ത് അരവിന്ദാക്ഷനും  പെരുവനം സതീശന്‍മാരാരും മുന്നോട്ടുകൊണ്ടുപോയി. നടപ്പാണ്ടി കൊട്ടി ഇലഞ്ഞിത്തറയിലേക്ക് അവര്‍ നീങ്ങുമ്പോള്‍ മേളപ്രമാണി പെരുവനം ആശുപത്രിയിലായിരുന്നു.

പ്രമാണം കൈമാറിയിട്ടാണോയെന്നു ചോദിച്ചപ്പോള്‍ മേളത്തുടര്‍ച്ചയെക്കുറിച്ചു സംശയമേതുമില്ലാതെ കുട്ടന്‍മാരാരാര്‍ പറഞ്ഞു: അതൊക്കെ അവരു നോക്കിക്കോളും. ഒരു കപ്പില്‍ നഴ്‌സ് വെള്ളം കൊണ്ടുവന്നു. അത് കുടിച്ചപ്പോള്‍ പെരുവനം ചോദിച്ചു: ' ഇത് ഒആര്‍എസ് ലായനിയല്ലേ.. ഞാനും രണ്ടുമൂന്നെണ്ണം കരുതിയിട്ടുണ്ട്..' കഴിഞ്ഞദിവസം വരെ നല്ല പനിയുണ്ടായിരുന്നു. അതിന്റെയൊരു ക്ഷീണമാണെന്നേ..അത്രേയുള്ളൂവെന്നു കുട്ടന്‍മാരാര്‍.  പോകാം.., പോകാമെന്നു വാശി.

കുട്ടന്‍മാരാരുടെ മകന്‍ അപ്പുവും മന്ത്രി വി.എസ്. സുനില്‍കുമാറും ഒപ്പമുണ്ടായിരുന്നു. ആശുപത്രിയില്‍ നിന്നിറങ്ങുമ്പോഴേക്കും കലക്ടറുമെത്തി. ഇലഞ്ഞിത്തറയുടെ സമീപത്ത് ആംബുലന്‍സും കാര്‍ഡിയോളജിസ്റ്റ് അടക്കമുള്ള ഡോക്ടര്‍മാരും തയ്യാറാണെന്നറിയിച്ചു. മന്ത്രിയുടെ കാറില്‍ നേരെ ഇലഞ്ഞിത്തറയിലേക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com