പോസ്റ്റല്‍ ബാലറ്റ് തിരിമറി: സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നല്‍കണം; ഹൈക്കോടതി

സംസ്ഥാന പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് തിരിമറി വിവാദത്തില്‍ ഹൈക്കോടതി വിശദീകരണം തേടി
പോസ്റ്റല്‍ ബാലറ്റ് തിരിമറി: സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നല്‍കണം; ഹൈക്കോടതി

കൊച്ചി: സംസ്ഥാന പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് തിരിമറി വിവാദത്തില്‍ ഹൈക്കോടതി വിശദീകരണം തേടി. സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇരുപതിന് കേസ് വീണ്ടും പരിഗണിക്കും. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിന്‍മേലാണ് കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്. ഇടത് പൊലീസ് സംഘടനയുടെ നേതൃത്വത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ അട്ടിമറിച്ചു എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി. 

പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ബാലറ്റുകള്‍ ഭീഷണിപ്പെടുത്തി വാങ്ങി അവരുടെ താല്‍പര്യത്തിനു വിരുദ്ധമായി വോട്ട് രേഖപ്പെടുത്തിയതായി പൊലീസ് ഇന്റലിജന്‍സ് മേധാവി സംസ്ഥാന ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാതലത്തില്‍ കൂടുതല്‍ അന്വേഷണത്തിനും നടപടിക്കുമായി ഡിജിപി ചീഫ് ഇലക്ടറല്‍ ഓഫിസറെ വിവരമറിയിക്കുകയും ചെയ്തിരുന്നു. 

പോസ്റ്റല്‍ ബാലറ്റ് രേഖകളില്‍ ഇനിയും തിരിച്ചു വന്നിട്ടില്ലാത്തവ റദ്ദാക്കി നിയമാനുസൃതം പുതിയവ നല്‍കാനും ഇന്റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശിക്കണം എന്ന് ചെന്നിത്തല ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 

പൊലീസുകാര്‍ക്ക് നല്‍കിയ മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും വീണ്ടും വോട്ട് ചെയ്യാന്‍ ഹൈക്കോടതി ഇടപെട്ട് സൗകര്യമുണ്ടാക്കണമെന്നും ഹര്‍ജിയില്‍ ചെന്നിത്തല ആവശ്യപ്പെട്ടു. നിലവില്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com