അഞ്ച് ലക്ഷം വായ്പയെടുത്ത ചന്ദ്രൻ എട്ട് ലക്ഷം തിരിച്ചടച്ചു, 45 ലക്ഷത്തോളം വിലയുള്ള വീട് പാതി വിലയ്ക്കു വിൽക്കാനൊരുങ്ങി; എന്നിട്ടും... ‌ 

അഞ്ച് ലക്ഷം വായ്പയെടുത്ത ചന്ദ്രൻ എട്ട് ലക്ഷം തിരിച്ചടച്ചു, 45 ലക്ഷത്തോളം വിലയുള്ള വീട് പാതി വിലയ്ക്കു വിൽക്കാനൊരുങ്ങി; എന്നിട്ടും... ‌ 

15 വർഷംമുൻപ് കനറാബാങ്കിന്റെ നെയ്യാറ്റിൻകര ശാഖയിൽനിന്ന്‌ പത്ത് സെന്റ് സ്ഥലം ഈടുവെച്ച് ചന്ദ്രൻ എടുത്ത അഞ്ച് ലക്ഷം രൂപയാണ് ഇന്ന് ഭാര്യയുടെയും മകളുടെയും ജീവനെടുത്തത്

തിരുവനന്തപുരം: ജപ്തി ഭീഷണി ഭയന്ന് തീകൊളുത്തി മരിച്ച അമ്മയുടെയും മകളുടെയും വാർത്ത വിങ്ങലോടെയാണ് കേരളം കേട്ടത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വായ്പ അടയ്ക്കാത്തതിനാൽ വീട് ജപ്തി ചെയ്യുമെന്ന് അറിയിച്ചതിന് പിന്നാലെ കിടപ്പുമുറിയിൽ തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു ഡിഗ്രി വിദ്യാര്‍ത്ഥിനിയായ വൈഷ്ണവിയും അമ്മ ലേഖയും‌. വൈഷ്ണവി തൽക്ഷണവും ലേഖ ഇന്നലെ വൈകിട്ട് ആശുപത്രിയിൽ വച്ചും മരിച്ചു.

15 വർഷംമുൻപ് കനറാബാങ്കിന്റെ നെയ്യാറ്റിൻകര ശാഖയിൽനിന്ന്‌ പത്ത് സെന്റ് സ്ഥലം ഈടുവെച്ച് ചന്ദ്രൻ എടുത്ത അഞ്ച് ലക്ഷം രൂപയാണ് ഇന്ന് ഭാര്യയുടെയും മകളുടെയും ജീവനെടുത്തത്. 2003ൽ അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത ചന്ദ്രൻ എട്ട് ലക്ഷത്തോളം രൂപ തിരിച്ചടച്ചുകഴിഞ്ഞു. 2010 ൽ അടവ് മുടങ്ങിയതോടെ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു. 6.8 ലക്ഷമാണ് ഇപ്പോഴത്തെ കുടിശിക. 

കുടിശ്ശിക അടച്ചില്ലെങ്കിൽ വീടും സ്ഥലവും ജപ്തിചെയ്യുമെന്ന് ബാങ്ക് അധികൃതർ ഇവരെ അറിയിച്ചിരുന്നു. റിക്കവറി നടപടികൾക്കായി ബാങ്ക് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയെ സമീപിക്കുകയും കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷനും ബാങ്ക് ഉദ്യോഗസ്ഥരും പൊലീസും ജപ്തി നടപടികൾക്കായി വീട്ടിൽ എത്തുകയും ചെയ്തു. 14-ാം തിയതിക്ക് മുൻപ് പണം അടയ്ക്കാമെന്നു ചന്ദ്രനും കുടുംബവും എഴുതി ഒപ്പിട്ടു നൽകിയതിനെ തുടർന്നാണ് ഇവർ മടങ്ങിയത്. 

വീടുവിറ്റ്‌ കടം തീർക്കാനായിരുന്നു ചന്ദ്രന്റെയും കുടുംബത്തിന്റെയും തീരുമാനം. 10.5 സെന്റ് സ്ഥലവും വീടുമാണ് ഇവർക്ക് സ്വന്തമായുള്ളത്. 45 ലക്ഷത്തോളം രൂപ മതിപ്പുവിലയുള്ള വീടും സ്ഥലവും വിൽക്കാൻ ഏറെ നാളായി ശ്രമിക്കുന്നെങ്കിലും നടന്നില്ല. ഒടുവിൽ 24 ലക്ഷം രൂപയ്ക്കു വിൽപന പറഞ്ഞുറപ്പിച്ചു. ഇതിനായി ഏൽപ്പിച്ച ഇടനിലക്കാരൻ ഇന്നലെ രാവിലെ പണം നൽകുമെന്നറിയിച്ചിരുന്നെങ്കിലും ഇയാൾ പണം എത്തിച്ചില്ല. ഇതോടെയാണ് ലേഖയും വൈഷ്ണവിയും മുറിയിൽക്കയറി കുറ്റിയിട്ട് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com