'അതേ എംഎല്‍എ സാറേ ഞങ്ങള്‍ സൈബര്‍ ഗുണ്ടകള്‍ തന്നെ' ; 'ഇതെന്ത് ? സ്‌ക്രിപ്റ്റ്, മാറ്റിയെഴുതൂ' എന്ന് പ്രതിഭ ; എംഎല്‍എയും സൈബര്‍ പോരാളികളും തമ്മിലുള്ള പോരാട്ടം കൊഴുക്കുന്നു

എംഎല്‍എ ആയാലും മന്ത്രി ആയാലും ആയിരങ്ങള്‍ ചോര കൊടുത്ത ഈ പ്രസ്ഥാനത്തെ കരിവാരി തേച്ചാല്‍ അതു കയ്യും കെട്ടി നോക്കിയിരിക്കാന്‍ നിങ്ങള്‍ പറഞ്ഞ ആ ഗുണ്ടകള്‍ തയാറല്ല കേട്ടോ
'അതേ എംഎല്‍എ സാറേ ഞങ്ങള്‍ സൈബര്‍ ഗുണ്ടകള്‍ തന്നെ' ; 'ഇതെന്ത് ? സ്‌ക്രിപ്റ്റ്, മാറ്റിയെഴുതൂ' എന്ന് പ്രതിഭ ; എംഎല്‍എയും സൈബര്‍ പോരാളികളും തമ്മിലുള്ള പോരാട്ടം കൊഴുക്കുന്നു

ആലപ്പുഴ : കായംകുളം എംഎല്‍എ യു പ്രതിഭയും സൈബര്‍ പോരാളികളും തമ്മിലുള്ള സോഷ്യല്‍ മീഡിയ പോരാട്ടം തുടരുന്നു. ആരോഗ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ തന്റെ മണ്ഡലത്തിലെ ആശുപത്രിയുടെ കാര്യം ചൂണ്ടിക്കാട്ടി പോസ്റ്റിട്ടതിന് രൂക്ഷ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി പ്രതിഭ ഇന്നലെ രംഗത്തെത്തിയിരുന്നു. 

മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേര്‍ ആഘോഷമാക്കിയപ്പോ കുറച്ച് വ്യാജസഖാക്കള്‍ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു ).. 

വ്യക്തിപരമായി ചിലര്‍ക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമന്റിലൂടെ മനസ്സിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റില്‍ പരാമര്‍ശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ ഞാന്‍ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവര്‍ അര്‍ഹരും അല്ല. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്... കൂടുതല്‍ പറയുന്നില്ല. ഇവിടെ നിര്‍ത്തുന്നു. എന്നായിരുന്നു ഇന്നലെ എംഎല്‍എ മറുപടി പോസ്റ്റിട്ടത്. 

ഇതിന് മറുപടിയുമായാണ് സൈബര്‍ പോരാളികള്‍ വീണ്ടും രംഗത്തെത്തിയത്. 
'അതേ എംഎല്‍എ സാറേ ഞങ്ങള്‍ സൈബര്‍ ഗുണ്ടകള്‍ തന്നെയാണ്.. ഈ പ്രസ്ഥാനത്തെ ആക്രമിക്കാന്‍ വരുന്നവനെ പ്രതിരോധിച്ചതിന്റെ പേരില്‍ ഞങ്ങള്‍ക്കു കിട്ടിയ അപരനാമം.
എംഎല്‍എ സാറെ ഈ ഗുണ്ടകള്‍ കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ കായംകുളം മണ്ഡലത്തില്‍ നിങ്ങള്‍ക്ക് വേണ്ടിയും ശബ്ദിച്ചിരുന്നു... ഇപ്പോ അവരോടു പുച്ഛം തോന്നും നിങ്ങള്‍ക്ക്..
നിങ്ങളില്‍ അഭിമാനമായിരുന്നു. നിങ്ങളുടെ നിയമസഭ പ്രസംഗം കേട്ട് ഒരുപാട് ആവേശം കൊണ്ടിരുന്നു..
ഒരു കാര്യം ഓര്‍മപ്പെടുത്തുന്നു. എംഎല്‍എ ആയാലും മന്ത്രി ആയാലും ആയിരങ്ങള്‍ ചോര കൊടുത്ത ഈ പ്രസ്ഥാനത്തെ കരിവാരി തേച്ചാല്‍ അതു കയ്യും കെട്ടി നോക്കിയിരിക്കാന്‍ നിങ്ങള്‍ പറഞ്ഞ ആ ഗുണ്ടകള്‍ തയാറല്ല കേട്ടോ..
പുച്ഛം തോന്നുന്നു നിങ്ങളോടു സ്വന്തം നിലപാട് പറയാന്‍ പോലും ലിപ്റ്റിക്ക് പുരട്ടിയ ഫോട്ടോ ഇടേണ്ട ഗതികേട് നോക്കൂ... ' പ്രതിഭയെ പുച്ഛിച്ചുകൊണ്ടുള്ള കമന്റ് പലതവണയാണ് പോസ്റ്റ് ചെയ്തത്. 

'ഇതെന്ത് ? സ്‌ക്രിപ്റ്റ്, മാറ്റിയെഴുതൂ' എന്ന് പ്രതിഭയും പരിഹസിച്ചു.

കായംകുളം വെളിയിട വിസര്‍ജനമുക്ത മണ്ഡലമായെന്ന പ്രതിഭയുടെ പുതിയ പോസ്റ്റിനു കീഴെ പുതിയ സ്‌ക്രിപ്റ്റുമായി സൈബര്‍ പോരാളികള്‍ ആവര്‍ത്തിച്ചു പോസ്റ്റുകള്‍ ഇടുന്നുണ്ട്.
'ഇന്നലെ വരെ ലൈക്ക് ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരോ ലീഗ് പ്രവര്‍ത്തകരോ സംഘികളോ ഇന്നു നിങ്ങള്‍ക്ക് ഈ പോസ്റ്റില്‍ പ്രോത്സാഹനം തരില്ല എന്നറിഞ്ഞു കൊണ്ട് തന്നെ ഇന്ന് ഒരു സൈബര്‍ സഖാവായ ഞാന്‍ ഈ പോസ്റ്റിന് ലൈക്കും കമന്റും തരുന്നു. അഭിവാദ്യങ്ങള്‍ ' എന്നാണ് പുതിയ പോസ്റ്റിന് താഴെയുള്ള കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com