'ഒന്നര മാസം ആ വാര്‍ത്തയ്‌ക്കൊപ്പം എന്റെ ചിത്രം വന്നു'; തട്ടിപ്പു കേസിലെ പ്രതിയ്ക്ക് പകരം കോളെജ്‌ അധ്യാപികയുടെ ചിത്രം; പരാതി

തന്റെ മുന്‍ വിദ്യാര്‍ത്ഥിയുടെ ഫോണ്‍ കോളിലൂടെയാണ് അധ്യാപിക തന്റെ ചിത്രം വലിയ തട്ടിപ്പു കേസില്‍ ഉള്‍പ്പെട്ട വിവരം അറിയുന്നത്
'ഒന്നര മാസം ആ വാര്‍ത്തയ്‌ക്കൊപ്പം എന്റെ ചിത്രം വന്നു'; തട്ടിപ്പു കേസിലെ പ്രതിയ്ക്ക് പകരം കോളെജ്‌ അധ്യാപികയുടെ ചിത്രം; പരാതി

കൊച്ചി; ഛത്തീസ്ഗഡില്‍ കോടികളുടെ തട്ടിപ്പുകേസില്‍ മലയാളി യുവതി അറസ്റ്റിലായ വാര്‍ത്ത ഏപ്രില്‍ 16നാണ് പുറത്തുവരുന്നത്. കൊല്ലം സ്വദേശിയായ രേഖ നായരാണ് അറസ്റ്റിലായത്. ഹിന്ദി മാധ്യമങ്ങളില്‍ ഇത് ഒന്നാം പേജ് വാര്‍ത്തയായിരുന്നു. എന്നാല്‍ വാര്‍ത്തയിലെ പ്രതിയുടെ ചിത്രത്തിന് പകരം വന്നത് മറ്റൊരു രേഖ നായരുടെ ചിത്രമായിരുന്നു. ആലുവ യുസി കൊളേജിലെ ഇംഗ്ലീഷ് അധ്യാപികയായ രേഖ നായരുടെ. 

കോളെജില്‍ പരീക്ഷ തിരക്കുകള്‍ക്കിടയില്‍ കോളെജിലെ തന്റെ മുന്‍ വിദ്യാര്‍ത്ഥിയുടെ ഫോണ്‍ കോളിലൂടെയാണ് അധ്യാപിക തന്റെ ചിത്രം വലിയ തട്ടിപ്പു കേസില്‍ ഉള്‍പ്പെട്ട വിവരം അറിയുന്നത്. തുടര്‍ച്ചയായ രണ്ട് ദിവസമാണ് ഒന്നാം പേജില്‍ തട്ടിപ്പു കേസിലെ പ്രതിയുടെ പേരില്‍ അധ്യാപികയുടെ ചിത്രം വന്നത്. ഹിന്ദി പത്രത്തില്‍ വന്നത് ആരുടേയും കണ്ണില്‍ പെടാത്തതുകൊണ്ട് അപ്പോഴൊന്നും ഇത് കാര്യമായി അധ്യാപികയെ ബാധിച്ചില്ല. 

മെയില്‍ കേസിലെ പ്രതിയെ കേരളത്തിലെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നതോടെ കഥ മാറി. വാര്‍ത്ത മലയാളം മാധ്യമങ്ങള്‍ ഏറ്റെടുത്തു. അപ്പോഴും കൊല്ലംകാരി രേഖ നായര്‍ക്ക് പകരം പ്രത്യക്ഷപ്പെട്ടത് അധ്യാപികയുടെ ചിത്രം തന്നെയായിരുന്നു. പ്രമുഖ ടിവി ചാനലില്‍ ഉള്‍പ്പടെ നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അധ്യാപികയുടെ ചിത്രം പ്രചരിച്ചു. കോളെജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും വാര്‍ത്ത കണ്ട് ഞെട്ടി. ഫോണ്‍ കോളിലൂടെയും മെസേജിലൂടെയും നിരവധി പേരാണ് സത്യാവസ്ഥ എന്തെന്ന് അറിയാന്‍ ബന്ധപ്പെട്ടത്. 

തന്റെ ചിത്രം തെറ്റായി ഉപയോഗിച്ചതിന് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അധ്യാപിക. ഏപ്രില്‍ 16 നായിരുന്നു ഹിന്ദിയിലെ പ്രമുഖ മാധ്യമമായ ധൈനിക് ഭാസ്‌കറില്‍ പ്രതിയുടെ ചിത്രത്തിന് പകരം അധ്യാപികയുടെ ചിത്രം വരുന്നത്. അടുത്ത ദിവസം വിവരം അറിഞ്ഞ് ഉടന്‍ പൊലീസിനെ സമീപിച്ചു. എന്നാല്‍ നിയമപരമായി നീങ്ങുന്നതിന് പത്രത്തിന്റെ യഥാര്‍ത്ഥ കോപ്പി വേണമായിരുന്നു. അപ്പോഴേക്കും പത്രത്തിന്റെ ഓണ്‍ലൈന്‍ വെബ്‌സൈറ്റിലും മറ്റു ചില മാധ്യമങ്ങളില്‍ കൂടി അധ്യാപികയുടെ ചിത്രത്തോടൊപ്പം വാര്‍ത്ത എത്തി. ഏപ്രില്‍ 24 ന് പത്രത്തിന് ലീഗല്‍ നോട്ടീസ് അയച്ചെങ്കിലും പത്രം അത് സ്വീകരിക്കാന്‍ തയാറായില്ലെന്നാണ് അധ്യാപിക പറയുന്നത്. 

പല സൈറ്റുകളില്‍ നിന്നും ചിത്രം മാറ്റിയെങ്കിലും അപ്പോഴേക്കും ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ദൈനിക് ഭാസ്‌കറിന്റെ ഓണ്‍ലൈനില്‍ വന്ന ചിത്രമാണ് കൂടുതല്‍ സൈറ്റുകളില്‍ എത്തുന്നത്. യുസി കോളെജിന്റെ സൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രമാണ് ഇത്. ഗൂഗിളില്‍ സര്‍ച്ച് ചെയ്തപ്പോഴായിരിക്കാം തന്റെ ചിത്രം കിട്ടിയിട്ടുണ്ടാവുക എന്നാണ് അധ്യാപിക പറയുന്നത്. 'ഒന്നരമാസമാണ് ആ തട്ടിപ്പ് വാര്‍ത്തയ്‌ക്കൊപ്പം തന്റെ ചിത്രം വന്നത്. ആദ്യം വാര്‍ത്ത കണ്ടപ്പോള്‍ താന്‍ വല്ലാതെ പേടിച്ചിരുന്നു. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുണ്ടായിരുന്നില്ല. അതിനാല്‍ അതെങ്കിലും രീതിയില്‍ താന്‍ കേസില്‍ ഉള്‍പ്പെടുമോ എന്നായിരുന്നു പേടി. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ പ്രതിയുടെ വീട്ടുകാരെക്കുറിച്ചും മറ്റും കൂടുതല്‍ വിവരങ്ങള്‍ വന്നതോടെയാണ് സമാധാനമായത്.'

വീട്ടില്‍ നിന്നും കോളെജില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നാണ് അധ്യാപിക പറയുന്നത്. എന്നാല്‍ താനുമായി യാതൊരു ബന്ധവുമില്ലാത്ത കേസില്‍ ഉള്‍പ്പെട്ടതിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. 2003 ല്‍ യുസി കോളെജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ അധ്യാപികയാണ് ഗസ്റ്റ് ലക്ചററായിട്ടാണ് എത്തുന്നത്. തുടര്‍ന്ന് 2006 ല്‍ അധ്യാപികയായി നിയമിതയായി. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം ആലുവയിലാണ് താമസിക്കുന്നത്. നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നാണ് അധ്യാപിക വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com