തൃശൂരില്‍ 25,000ല്‍ ഏറെ ഭൂരിപക്ഷത്തിനു ജയിക്കും, സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്കു പോവും: ടിഎന്‍ പ്രതാപന്‍

തൃശൂരില്‍ 25,000ല്‍ ഏറെ ഭൂരിപക്ഷത്തിനു ജയിക്കും, സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്കു പോവും: ടിഎന്‍ പ്രതാപന്‍
തൃശൂരില്‍ 25,000ല്‍ ഏറെ ഭൂരിപക്ഷത്തിനു ജയിക്കും, സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്കു പോവും: ടിഎന്‍ പ്രതാപന്‍

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഇരുപത്തി അയ്യായിരത്തിലേറെ വോട്ടുകള്‍ക്കു യുഡിഎഫ് ജയിക്കുമെന്ന് മുന്നണി സ്ഥാനാര്‍ഥിയും ഡിസിസി പ്രസിഡന്റുമായ ടിഎന്‍ പ്രതാപന്‍. തൃശൂരിലെ വിജയത്തില്‍ താന്‍ ആശങ്ക പ്രകടിപ്പിച്ചെന്ന വാര്‍ത്തകള്‍ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രതാപന്‍ മാധ്യമങ്ങളോടു പറഞ്ഞു.

തൃശൂരില്‍ മികച്ച മുന്നേറ്റമാണ് യുഡിഎഫിന് ഉണ്ടാക്കാനായിട്ടുള്ളത്. ഹിന്ദു, ക്രൈസ്തവ, ഇസ്ലാം വിഭാഗങ്ങള്‍ കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരുടെ വോട്ടുകള്‍ യുഡിഎഫിനു തന്നെ ലഭിച്ചിട്ടുണ്ട്. മറിച്ചു താന്‍ പറഞ്ഞതായ വാര്‍ത്തകള്‍ ശരിയല്ല. ഹിന്ദു വിഭാഗത്തിലെ കുറച്ചു വോട്ടുകള്‍ ബിജെപിക്കു ലഭിച്ചിട്ടുണ്ടെന്നതു വ്‌സ്തുതയാണെന്നും പ്രതാപന്‍ പറഞ്ഞു.

തുടക്കത്തില്‍ വന്‍ മുന്നേറ്റമാണ് യുഡിഎഫ് പ്രതീക്ഷിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി വന്നതിനു ശേഷം അതില്‍ ചെറിയ മാറ്റമുണ്ടായിട്ടുണ്ട്. എന്നാല്‍ യുഡിഎഫിനു തിരിച്ചടിയൊന്നുമില്ല. ഇരുപത്തി അയ്യായിരത്തില്‍ കുറയാത്ത ഭൂരിപക്ഷം യുഡിഎഫിനുണ്ടാവും. ഒരു സര്‍വേ ഏജന്‍സിയും പ്രവചിക്കാത്ത ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

ജില്ലയിലെ മൂന്നു പാര്‍ലമെന്റ് മണ്ഡലങ്ങളിലും യുഡിഎഫ് നേട്ടമുണ്ടാക്കും. ആലത്തൂരില്‍ അദ്ഭുതകരമായ വിജയമായിരിക്കും നേടുകയെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com