'പച്ചവെള്ളം കുടിക്കാതെ അവർ വീടിന്റെ വരാന്തയിലുണ്ടായിരുന്നു, ബാങ്ക് മാനേജർ രാവിലെ തന്നെ പല തവണ വിളിച്ചു'

ജപ്തി ഭീഷണി ഭയന്ന് ഇന്നലെ നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ലേഖയുടെയും വൈഷ്ണവിയുടെയും അയൽവാസിയാണ് സെബാസ്റ്റ്യൻ
'പച്ചവെള്ളം കുടിക്കാതെ അവർ വീടിന്റെ വരാന്തയിലുണ്ടായിരുന്നു, ബാങ്ക് മാനേജർ രാവിലെ തന്നെ പല തവണ വിളിച്ചു'

തിരുവനന്തപുരം: "ബാങ്ക് നൽകിയ അവധിയുടെ അവസാന ദിവസമായിരുന്നു ഇന്നലെ. പച്ചവെള്ളം പോലും കുടിക്കാതെ ചന്ദ്രനും അമ്മയും രാവിലെ തന്നെ എന്റെ വീടിന്റെ വരാന്തയിലുണ്ടായിരുന്നു. ബാങ്ക് മാനേജർ രാവിലെ മുതല്‍ പല തവണ വിളിച്ചു സമ്മർദത്തിലാക്കി. കോടതി ഉത്തരവാണ്, വേറെ മാർഗമില്ലെന്നാണു പറഞ്ഞത്", സങ്കടവും നിസ്സഹായതയും നിറഞ്ഞ ഇന്നലത്തെ ദിവസം സെബാസ്റ്റ്യൻ ഓർത്തെടുക്കുന്നു. ജപ്തി ഭീഷണി ഭയന്ന് ഇന്നലെ നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ലേഖയുടെയും വൈഷ്ണവിയുടെയും അയൽവാസിയാണ് സെബാസ്റ്റ്യൻ.  

കഴിഞ്ഞയാഴ്ച ജപ്തി നടപടികൾക്കായി അധികൃതർ വീട്ടിലെത്തിയപ്പോൾ 14-ാം തിയതിക്ക് മുൻപ് പണമടയ്ക്കാമെന്ന് ചന്ദ്രനും കുടുംബവും എഴുതി ഒപ്പിട്ടു നൽകിയിരുന്നു. അന്ന് സാക്ഷിയായി ഒപ്പിട്ടതും സെബാസ്റ്റ്യനായിരുന്നു.  കുറഞ്ഞ വിലയാണെങ്കിലും വീടും സ്ഥലവും ബാലരാമപുരം സ്വദേശിക്കു വിൽക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ചന്ദ്രനെന്ന് സെബാസ്റ്റ്യൻ പറയുന്നു. "സമീപവാസിയായ ബ്രോക്കറുമുണ്ടായിരുന്നു വീട്ടിൽ. ഇതാ വരുന്നു എന്ന പല തവണ പറഞ്ഞതല്ലാതെ പണം കിട്ടിയില്ല. കുറച്ചു കഴിഞ്ഞു ബ്രോക്കർ സ്ഥലം വിട്ടു. ഇതോടെ എല്ലാം തകിടം മറിഞ്ഞു", സെബാസ്റ്റ്യൻ പറയുന്നു.

ഉച്ചയ്ക്ക് 12നു മുൻപു പണമടയ്ക്കാമെന്നായിരുന്നു വാഗ്ദാനം. ചന്ദ്രന്റെ നിലവിളി കേട്ടാണ് സെബാസ്റ്റ്യൻ ഓടിച്ചെന്നത്. "കൃഷ്ണമ്മ മുറ്റത്തിരുന്നു കരയുകയായിരുന്നു. പൂട്ടിയിട്ട കതകിനു താഴെക്കൂടി കറുത്ത പുക ഉയർന്നപ്പോൾ, നെഞ്ചിലൂടെ ഒരു മിന്നൽ...ചവിട്ടിത്തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മുറ്റത്തുകിടന്ന കരിങ്കല്ല് ഉപയോഗിച്ചു ഇടിച്ചുതുറക്കാൻ ശ്രമിച്ചു. ഒടുവിൽ കമ്പിപ്പാര ഉപയോഗിച്ചാണു കുത്തിത്തുറന്നത്‌", സെബാസ്റ്റ്യൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com