മകള്‍ മരിച്ചിട്ടും കുലുങ്ങിയില്ല; വൈകീട്ട് അഞ്ചുവരെ ബാങ്കില്‍ നിന്നും വിളിച്ചു; കുറിപ്പിന് പിന്നാലെ ചുരുളഴിഞ്ഞു

അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകള്‍  മരിച്ചശേഷവും  പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചെന്ന് ഗൃഹനാഥന്‍ ചന്ദ്രന്‍. 
മകള്‍ മരിച്ചിട്ടും കുലുങ്ങിയില്ല; വൈകീട്ട് അഞ്ചുവരെ ബാങ്കില്‍ നിന്നും വിളിച്ചു; കുറിപ്പിന് പിന്നാലെ ചുരുളഴിഞ്ഞു


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തിയ സംഭവത്തില്‍ പത്തൊമ്പതുകാരി വൈഷ്ണവിയാണ് ആദ്യം മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ അമ്മ ലത തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ വൈകിട്ടോടെ മരിച്ചു. ഈ മരണവാര്‍ത്ത പുറത്ത് വന്നപ്പോഴും യാതൊരു ഭാവവിത്യാസങ്ങളില്ലാതെയായിരുന്നു വൈഷ്ണവിയുടെ പിതാവും ലേഖയുടെ ഭര്‍ത്താവുമായ ചന്ദ്രന്‍ പ്രതികരിച്ചത്.

രാവിലെ മുതല്‍ ബാങ്കില്‍നിന്ന് നിരന്തരം വിളിച്ച് പണം ചോദിച്ച് സമ്മര്‍ദം ചെലുത്തിയതില്‍ മനം നൊന്താണ് ഭാര്യയും മകളും ആത്മഹത്യയക്ക് ശ്രമിച്ചതെന്നായിരുന്നു ചന്ദ്രന്‍ മാധ്യമങ്ങളോടും അയല്‍വാസികളോടും പറഞ്ഞത്. ഇതോടെ മന്ത്രിമാര്‍ ഉള്‍പ്പടെ ബാങ്കിന്റെ നടപടിക്കെതിരെ രംഗത്തെത്തി. മനുഷ്യത്വരഹിതമായ ഇടപെടലാണ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും എംഎല്‍എയുള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി. ബാങ്കിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ രോഷം ഉയര്‍ന്നു. 

അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകള്‍  മരിച്ചശേഷവും  പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചെന്ന് ഗൃഹനാഥന്‍ ചന്ദ്രന്‍. ഇന്നലെ വൈകിട്ട് അഞ്ചുവരെ ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചു. പണം എപ്പോള്‍ എത്തിക്കുമെന്ന് ചോദിച്ചായിരുന്നു വിളികള്‍. ഫോണ്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നമായിരുന്നു ചന്ദ്രന്റെ വിശദീകരണം. 

ജപ്തി ഭീഷണിയെന്ന ആരോപണം രാവിലെയും ചന്ദ്രന്‍ ആവര്‍ത്തിച്ചപ്പോള്‍ സമൂഹം ഒറ്റക്കെട്ടായി അയാളുടെ ഒപ്പം നിന്നു.  കാനറാ ബാങ്ക് ശാഖകള്‍ക്ക് മുമ്പില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് അപ്രതീക്ഷിത വഴിത്തിരിവായി ആത്മഹത്യാ കുറിപ്പ് പുറത്തു വരുന്നത്. ഇതോടെ ദുര്‍മന്ത്രവാദത്തിന്റേയും കുടുംബവഴക്കിന്റേയും കഥകള്‍ ഓരോന്നായി ചുരുളഴിഞ്ഞു. വീടിനു പിന്‍വശത്തെ പ്രത്യേകം തയാറാക്കിയ തറയില്‍ മന്ത്രവാദം നടന്നിരുന്നതായി ഉറ്റബന്ധുക്കള്‍ സ്ഥിരീകരിച്ചു. ദുരൂഹതകള്‍ക്കിടെ ലേഖയുടെയും വൈഷ്ണവിയുടേയും മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ചിതയണഞ്ഞെങ്കിലും മരണം സംബന്ധിച്ച ദുരൂഹതകള്‍ പുകയുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com