നെയ്യാറ്റിന്‍കര ആത്മഹത്യ : പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

ഭർത്താവിനെയും ബന്ധുക്കളെയും കുറിച്ച് ലേഖ എഴുതിയ കുറിപ്പുകൾ പൊലീസിന് ലഭിച്ചു. കുടുംബ വഴക്കിനെ കുറിച്ച് വിശദമായെഴുതിയ ഒരു ബുക്കാണ് പൊലീസ് കണ്ടെത്തിയത്
നെയ്യാറ്റിന്‍കര ആത്മഹത്യ : പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ലേഖയും മകള്‍ വൈഷ്ണവിയും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. കുടുംവഴക്കും കടബാധ്യതയും മൂലമുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കടബാധ്യതയുടെ പേരില്‍ പ്രതികള്‍ ലേഖയെ കുറ്റപ്പെടുത്തിയിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

അതിനിടെ ഭർത്താവിനെയും ബന്ധുക്കളെയും കുറിച്ച് ലേഖ എഴുതിയ കുറിപ്പുകൾ പൊലീസിന് ലഭിച്ചു. കുടുംബ വഴക്കിനെ കുറിച്ച് വിശദമായെഴുതിയ ഒരു ബുക്കാണ് പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം വീട്ടിൽ വഴക്ക് പതിവായിരുന്നെന്നും തന്നെ സമൂഹത്തിന് മുന്നിൽ മോശക്കാരിയായി ചിത്രീകരിക്കാൻ ഭർത്താവിന്റെ അമ്മ ശ്രമിക്കുന്നതായും ഇതിൽ പറയുന്നു.

ഓരോ ദിവസത്തെയും ചെലവുകൾ സംബന്ധിച്ചും ബുക്കിൽ കുറിച്ചിട്ടുണ്ട്. കടങ്ങൾ എങ്ങനെ ഉണ്ടായി എന്ന് ചോദിച്ച് ചന്ദ്രനും കൃഷ്ണമ്മയും കുറ്റപ്പെടുത്തിയിരുന്നുവെന്നും ലേഖ കുറിച്ചിട്ടുണ്ട്. ഗൾഫിൽ നിന്ന് താൻ അയച്ച പണം എന്ത് ചെയ്തുവെന്നും ആർക്ക് കൊടുത്തുവെന്നും ചോദിച്ചു കുറ്റപ്പെടുത്തിയിരുന്നു. എല്ലാം തന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചു. ആദ്യമൊക്കെ തനിക്ക് വലിയ സങ്കടം ആയി. പിന്നീട് മകളുടെ കാര്യം ആലോചിച്ചായിരുന്നു സങ്കടമെന്നും ലേഖ ബുക്കിൽ എഴുതി വച്ചിരുന്നു.

അതിനിടെ, സംഭവത്തിന് തലേന്നും വീട്ടിൽ വഴക്കുണ്ടായിരുന്നതായി ഭർത്താവ് ചന്ദ്രന്റെ മൊഴി പുറത്തുവന്നിരുന്നു. കഴിഞ്ഞ ആഴ്ചയും വീട്ടിൽ മന്ത്രവാദം നടന്നു.  വസ്തുവിൽപനയ്ക്ക് അമ്മ തടസം നിന്നതായും അതിൽ തർക്കമുണ്ടായെന്നും ചന്ദ്രൻ പറഞ്ഞു. ഇവിടെ സ്ഥിരം എത്താറുള്ള  മന്ത്രവാദിയെ തിരിച്ചറിഞ്ഞുവെന്ന് പൊലീസും വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ ഭർത്താവ് ചന്ദ്രൻ, ഭർതൃമാതാവ് കൃഷ്ണമ്മ, ബന്ധുക്കളായ ശാന്ത, കാശിനാഥൻ എന്നിവർ റിമാൻഡിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com