കുട്ടിയുടെ സംരക്ഷണാവകാശത്തിനായി പോക്‌സോ കള്ളപ്പരാതികള്‍: സൂക്ഷ്മമായി വിലയിരുത്തണമെന്ന് ഹൈക്കോടതി

അപ്പീല്‍ തള്ളിയ ജസ്റ്റിസ് കെ ഹരിലാലും ജസ്റ്റിസ് ടിവി അനില്‍കുമാറുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ നിര്‍ദേശം.
കുട്ടിയുടെ സംരക്ഷണാവകാശത്തിനായി പോക്‌സോ കള്ളപ്പരാതികള്‍: സൂക്ഷ്മമായി വിലയിരുത്തണമെന്ന് ഹൈക്കോടതി

കൊച്ചി: കുട്ടിയുടെ സംരക്ഷണാവകാശം നേടിയെടുക്കാനായി പിതാവ് കുഞ്ഞിനെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് കള്ളപ്പരാതി നല്‍കുന്ന പ്രവണത കൂടിവരുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പരാതികളില്‍ പോക്‌സോ നിയമപ്രകാരമെടുക്കുന്ന കേസിലെ അന്വേഷണ വിവരങ്ങളും കേസ് സാഹചര്യവും സൂക്ഷ്മമായി വിലയിരുത്തണമെന്ന് ഹൈക്കോടതി കുടുംബകോടതിക്ക് നിര്‍ദേശം നല്‍കി.

മലപ്പുറം ജില്ലക്കാരനായ വ്യക്തിക്കെതിരേ ഭാര്യയുടെ വീട്ടുകാര്‍ നല്‍കിയ പോക്‌സോ നിയമപ്രകാരമുള്ള അപ്പീല്‍ തള്ളിയ ശേഷമാണ് ഹൈക്കോടതി ഇത്തരത്തില്‍ പ്രതികരിച്ചത്. അപ്പീല്‍ തള്ളിയ ജസ്റ്റിസ് കെ ഹരിലാലും ജസ്റ്റിസ് ടിവി അനില്‍കുമാറുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ നിര്‍ദേശം.

അമ്മ നഷ്ടപ്പെട്ട കുഞ്ഞിന്റെ സ്ഥിരം സംരക്ഷണാവകാശം അച്ഛന് നല്‍കിയ ഒറ്റപ്പാലം കുടുംബകോടതിയുടെ ഉത്തരവ് അംഗീകരിച്ചുകൊണ്ടാണിത്. അമ്മയുടെ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ കുടുംബകോടതിയില്‍ വെച്ച് കാണാനുള്ള സമയവും ഹൈക്കോടതി കൂട്ടിനല്‍കി.

നാലുകൊല്ലം മുന്‍പ് കുടുംബകോടതിയില്‍ സംരക്ഷണാവകാശ തര്‍ക്കത്തിന് ഹര്‍ജി വന്നപ്പോള്‍ കുഞ്ഞിന് രണ്ടുവയസായിരുന്നു. കുഞ്ഞ് ലൈംഗിക ചൂഷണത്തിനിരയായെന്ന പരാതിക്ക് തെളിവ് ഹാജരാക്കാന്‍ അമ്മവീട്ടുകാര്‍ക്കായില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ആക്ഷേപം തെളിയിക്കുന്ന രേഖകള്‍ കുടുംബകോടതിക്കുമുന്നിലുമുണ്ടായിരുന്നില്ല. കുഞ്ഞിന്റെ ക്ഷേമത്തിനുചേരാത്തവിധമുള്ള പെരുമാറ്റം അച്ഛന്റെ  ഭാഗത്തുനിന്നുണ്ടായതായി തെളിവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com