കേരള കോണ്‍ഗ്രസിലെ തര്‍ക്കം :  കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി പാര്‍ട്ടിക്ക് പുറത്തേക്ക് ; കോടതിയെ സമീപിച്ചത് ദുരൂഹമെന്ന് പി ജെ ജോസഫ്

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെ ഒരു വിഭാഗം ഭയക്കുകയാണ്
കേരള കോണ്‍ഗ്രസിലെ തര്‍ക്കം :  കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി പാര്‍ട്ടിക്ക് പുറത്തേക്ക് ; കോടതിയെ സമീപിച്ചത് ദുരൂഹമെന്ന് പി ജെ ജോസഫ്


തൊടുപുഴ : കേരള കോണ്‍ഗ്രസിലെ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ച കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ്. അയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും. പാര്‍ട്ടി അംഗത്വം നഷ്ടപ്പെടാന്‍ തക്ക കുറ്റമാണ്  കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ചെയ്തതെന്നും ജോസഫ് പറഞ്ഞു. 

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെ ഒരു വിഭാഗം ഭയക്കുകയാണ്. തെരഞ്ഞെടുപ്പിനെതിരെ കോടതിയില്‍ പോയത് ദുരൂഹമെന്നും പി ജെ ജോസഫ് അഭിപ്രായപ്പെട്ടു. 

പാര്‍ട്ടിയില്‍ താന്‍ ഇരട്ടപദവി വഹിക്കില്ലെന്നും ജോസഫ് പറഞ്ഞു. ഏതെങ്കിലും ഒരു സ്ഥാനമേ ഒരാള്‍ക്കുണ്ടാകൂ. ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിട്ടില്ല. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും ജോസഫ് പറഞ്ഞു. 

അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ അനുസ്മരണച്ചടങ്ങില്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കരുതെന്ന് ഇന്നലെയാണ് കോടതി ഉത്തരവിട്ടത്. കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. 

ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജോസ് കെ മാണിയും പി ജെ ജോസഫും തമ്മിലാണ് കടുത്ത മല്‍സരം. ജോസിനെ ചെയര്‍മാനാക്കാന്‍ മാണിവിഭാഗം ശ്രമിക്കുമ്പോള്‍, മുതിര്‍ന്ന നേതാവായ ജോസഫ് ചെയര്‍മാനാകാണമെന്ന് ജോസഫ് അനുകൂലികളും വാദിക്കുന്നു. ജോസഫിനെ മാണി പക്ഷത്തെ ഒരു വിഭാഗവും അനുകൂലിക്കുന്നുണ്ടെന്ന് ജോസ് കെ മാണിക്കൊപ്പം നില്‍ക്കുന്നവര്‍ സംശയിക്കുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com