കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍, കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്, ഡോക്ടറാവാന്‍ ആഗ്രഹം; ഇതായിരുന്നു വൈഷ്ണവി, സഹപാഠികള്‍ പറയുന്നു

പഠിച്ച് എംബിബിഎസ് പാസായി ഡോക്ടറാകണമെന്നായിരുന്നു വൈഷ്ണവിയുടെ ആഗ്രഹം
കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍, കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്, ഡോക്ടറാവാന്‍ ആഗ്രഹം; ഇതായിരുന്നു വൈഷ്ണവി, സഹപാഠികള്‍ പറയുന്നു

നക്കരുത്തുളള, ബ്ലാക്ക് ബെല്‍റ്റായ, ഡോക്ടറാകണമെന്ന് അതിയായി ആഗ്രഹിച്ച വൈഷ്ണവി ഇതു ചെയ്‌തെന്ന് കൂട്ടുകാര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയായ വൈഷ്ണവി മറ്റുളളവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന മിടുക്കിയായ പെണ്‍കുട്ടിയാണ് എന്ന കാര്യത്തില്‍ ഒരു കുട്ടിക്കും എതിരഭിപ്രായമില്ല. വൈഷ്ണവിയെ കുറിച്ച് ചോദിച്ചാല്‍ കൂട്ടുകാര്‍ എല്ലാം വാചാലരാവും. അതിനുശേഷം എന്തിന് ഇതു ചെയ്തെന്ന് ഓര്‍ത്ത് കൂട്ടുകാര്‍ വിതുമ്പി. നെയ്യാറ്റിന്‍കര പനച്ചുംമൂടിലെ വൈറ്റ് മെമ്മോറിയല്‍ കോളേജിലെ ബികോം വിദ്യാര്‍ത്ഥിയാണ് വൈഷ്ണവി.

പഠിച്ച് എംബിബിഎസ് പാസായി ഡോക്ടറാകണമെന്നായിരുന്നു വൈഷ്ണവിയുടെ ആഗ്രഹം. കോളജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണായിരുന്ന വൈഷ്ണവി പഠനത്തില്‍ മിടുക്കിയുമായിരുന്നു. ക്ലാസ് ലീഡറായിരുന്നു. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റും നേടിയിരുന്നു. ഇതിനെല്ലാം പുറമേ കരാട്ടെയിലെ അടവുകള്‍ പറഞ്ഞു കൊടുക്കുന്ന ഇന്‍സ്ട്രക്ടര്‍ കൂടിയാണ് വൈഷ്ണവി.  കൂട്ടുകാര്‍ 'കരാട്ടേ വൈഷ്ണവി' എന്നാണ് വിളിച്ചിരുന്നതു പോലും. അങ്ങനെ നീളുന്നു വൈഷ്ണവിയുടെ വിശേഷണങ്ങള്‍.

ക്ലാസില്‍ വരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ എംബിബിഎസ് പ്രവേശനപരീക്ഷയ്ക്കുളള തയ്യാറെടുപ്പിലാണ് എന്നാണ് വൈഷ്ണവി കൂട്ടുകാരോട് പറഞ്ഞിരുന്നത്. എംബിബിഎസ്് പഠനത്തിന് അവസരം ലഭിച്ചാല്‍ ബികോം പഠനം നിര്‍ത്തുമെന്നാണ് വൈഷ്ണവി പറഞ്ഞത്. വൈഷ്ണവിയെ ക്ലാസില്‍ കാണാതായപ്പോള്‍ എംബിബിഎസ് പ്രവേശനത്തിനുളള പഠനത്തിലായിരിക്കുമെന്നാണ് തങ്ങള്‍ കരുതിയിരുന്നതെന്നും കൂട്ടുകാരികള്‍ പറയുന്നു. 

അമ്മ ലേഖയെക്കുറിച്ച് എപ്പോഴും വാതോരാതെ കൂട്ടുകാരോട് സംസാരിച്ചിരുന്നു. എന്നാല്‍ അച്ഛനെക്കുറിച്ച് അധികം മിണ്ടിയതുമില്ല. മകളെ എംബിബിഎസിനു ചേര്‍ക്കാന്‍ പണം കണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നു അമ്മ. കോച്ചിങിന് ഒരു സ്ഥാപനത്തില്‍ ചേര്‍ന്നിരുന്നു. സര്‍ട്ടിഫിക്കേറ്റ് വാങ്ങാനാണ് ഏറ്റവുമൊടുവില്‍ കോളേജില്‍ എത്തിയത്. 
കുറച്ചു നാളുകളായി വൈഷ്ണവി ഏറെ മാനസികവിഷമം അനുഭവിച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വീടു ജപ്തി ഭീഷണിയിലാണെന്നും നഷ്ടപ്പെടുമെന്നുമുള്ള പേടി ഉണ്ടെന്നും കൂട്ടുകാരില്‍ ചിലരോട് പറഞ്ഞിരുന്നു. 

ഒരിക്കലും വൈഷ്ണവി സുഹൃത്തുക്കളെ വീട്ടിലേക്കു ക്ഷണിച്ചിരുന്നില്ല. വീട്ടില്‍ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു മറുപടി. വൈഷ്ണവി ഇനി തങ്ങളോടൊപ്പമില്ലെന്ന് ഇപ്പോഴും പലര്‍ക്കും വിശ്വസിക്കാനാകുന്നില്ല. 

കഴിഞ്ഞദിവസമാണ് നെയ്യാറ്റിന്‍കരയില്‍ അമ്മ ലേഖയും മകള്‍ വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യ ചെയ്തത്. ജപ്തി ഭീഷണിയും ഗാര്‍ഹിക പീഡനവുമെല്ലാമാണ് ഇവര്‍ ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com