വീട്ടു വരാന്തയിൽ യുവതിയുടെ പ്രസവം; സഹായവുമായി 108 ആംബുലൻസ്

യുവതി വീട്ടു വരാന്തയില്‍ പ്രസവിച്ചപ്പോൾ വൈദ്യ സഹായവുമായി 108 ആംബുലൻസ് കുതിച്ചെത്തി
വീട്ടു വരാന്തയിൽ യുവതിയുടെ പ്രസവം; സഹായവുമായി 108 ആംബുലൻസ്

തിരുവനന്തപുരം: യുവതി വീട്ടു വരാന്തയില്‍ പ്രസവിച്ചപ്പോൾ വൈദ്യ സഹായവുമായി 108 ആംബുലൻസ് കുതിച്ചെത്തി. നേമം പൂഴിക്കുന്ന് കോലിയാക്കോഡ് ആമിന മൻസിലിൽ ഷമീറിന്റെ ഭാര്യ സുജിന (22) ആണ് വീടിന്റെ വരാന്തയില്‍ ആൺകുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ സുജിനയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിലേക്ക് പോകാൻ ഇറങ്ങിയെങ്കിലും വരാന്തയില്‍ എത്തിയപ്പോഴേക്കും അവശയായി. 

തുടർന്നാണ് ബന്ധുക്കൾ 108 ആംബുലൻസിന്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് വിവരം ലഭിച്ചത് അനുസരിച്ച് നേമം താലൂക്ക് ആശുപത്രിക്ക് കീഴിൽ സേവനം നടത്തുന്ന 108 ആംബുലൻസ് സ്ഥലത്തേക്ക് തിരിച്ചു. എന്നാൽ ആംബുലൻസ് എത്തുന്നതിന്  മുൻപ് 12.05 ഓടെ സുജിന വരാന്തയില്‍ കുഞ്ഞിന് ജന്മം നൽകി. 

സ്ഥലത്തെത്തിയ ഉടൻ ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രാഖിൽ സുജിനയെയും കുഞ്ഞിനേയും പരിശോധിച്ച് വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവരെയും ആംബുലൻസിലേക്ക് മാറ്റി. പിന്നാലെ ഇരുവരെയും ആംബുലൻസ് പൈലറ്റ് രാജേഷ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഷമീർ- സുജി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com