'അവനെ ഏതെങ്കിലും കേസില്‍ പെടുത്തണം': സിഐ പറഞ്ഞു; കസ്റ്റഡി മര്‍ദനം മറയ്ക്കാന്‍ കള്ളക്കഥകള്‍ ചമച്ച മേലുദ്യോഗസ്ഥര്‍ക്കെതിരെ പൊലീസുകാരന്‍ നടത്തിയ നിയമപോരാട്ടത്തിന്റെ കഥ

വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം അവശേഷിക്കെ തന്റെ സര്‍വ്വീസ് ജീവിതത്തിനിടയില്‍ സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തുകയാണ് സബ് ഇന്‍സ്പെക്ടര്‍ പി.എസ്. ദിനേശന്‍
'അവനെ ഏതെങ്കിലും കേസില്‍ പെടുത്തണം': സിഐ പറഞ്ഞു; കസ്റ്റഡി മര്‍ദനം മറയ്ക്കാന്‍ കള്ളക്കഥകള്‍ ചമച്ച മേലുദ്യോഗസ്ഥര്‍ക്കെതിരെ പൊലീസുകാരന്‍ നടത്തിയ നിയമപോരാട്ടത്തിന്റെ കഥ


 
വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം അവശേഷിക്കെ തന്റെ സര്‍വ്വീസ് ജീവിതത്തിനിടയില്‍ സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തുകയാണ് സബ് ഇന്‍സ്പെക്ടര്‍ പി.എസ്. ദിനേശന്‍. 29 വര്‍ഷത്തെ സേവനകാലയളവിനിടയില്‍ തന്റെ ദുരനുഭവങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹം ഇങ്ങനെ പറയുന്നു: ഇനിയൊരു പൊലീസുകാരനും ഈ അനുഭവമുണ്ടാകരുത്. സ്ഥലംമാറ്റത്തില്‍ തുടങ്ങിയ മാനസികപീഡനം ഒടുവില്‍ കുടുംബം തകര്‍ക്കുന്നതു വരെയെത്തി. വിരമിച്ചാലും പെന്‍ഷന്‍ വാങ്ങി ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് പുതിയ ഭീഷണി. തന്നെ വേട്ടയാടുന്നത് പൊലീസ് സേനയില്‍ തന്നെയുള്ളവരാണ് ദിനേശന്‍ പറയുന്നു. അവര്‍ക്ക് പിന്തുണ നല്‍കാന്‍ ഉന്നത രാഷ്ട്രീയസ്വാധീനമുള്ള മാഫിയകളുമുണ്ട്. അധികാരവും പണവും രാഷ്ട്രീയസ്വാധീനവുമൊക്കെ കൈയാളുന്നവര്‍ ആത്മഹത്യയുടെ  വക്കിലെത്തിച്ച ഒരു പൊലീസുകാരന്റെ  കേസ് ഡയറിയാണിത്. 

മുകളിലും ഒപ്പവുമുള്ള സഹപ്രവര്‍ത്തകരില്‍ ചിലരും അവരുടെ ഉറ്റവരായ രാഷ്ട്രീയ ബന്ധമുള്ള പലതരം മാഫിയകളും ചേര്‍ന്നു വേട്ടയാടുകതന്നെയായിരുന്നു ഈ പൊലീസുദ്യോഗസ്ഥനെ. ഒരു കസ്റ്റഡി മര്‍ദ്ദനത്തിന്റെ ക്രൂരത മറച്ചുവയ്ക്കാനും അതിനു സാക്ഷിയായ യുവ സാമൂഹിക പ്രവര്‍ത്തകന്റെ നാവടക്കാനുമുള്ള ഒരു കൂട്ടം ക്രിമിനല്‍ പൊലീസുദ്യോഗസ്ഥരുടെ ശ്രമങ്ങള്‍ക്കു കൂട്ടുനിന്നില്ല എന്നതാണ് ദിനേശന്‍ ചെയ്ത 'കുറ്റം.' അതിന്റെ പേരില്‍ സ്ഥലം മാറ്റം, മാനസികപീഡനം, പിരിച്ചുവിടല്‍, കള്ളക്കേസ്, കുടുംബം പോലും നാനാവിധമാക്കുന്ന വിധമുള്ള അപവാദ പ്രചരണം ഇതെല്ലാം ചേര്‍ന്ന ചവിട്ടിത്തേയ്ക്കല്‍. ഇതെല്ലാം അതിജീവിച്ച് ജയിച്ചു കയറിനില്‍ക്കുകയാണ് ദിനേശന്‍ ഇന്ന്. 

2012 ഫെബ്രുവരി ഒന്‍പതിനു രാത്രി ഒരു യുവാവിനെ ട്രാഫിക് പൊലീസുകാരന്‍ വാടാനപ്പള്ളി സ്റ്റേഷനിലേക്കു പിടിച്ചുകൊണ്ടുവന്നു. പേര് മുഫസ്സില്‍. ദിനേശന്‍ അപ്പോള്‍ അവിടെയാണ് ജോലി ചെയ്യുന്നത്. പ്രായമുള്ള ഒരാളെ ഇയാള്‍ ക്രൂരമായി തല്ലുന്നതു കണ്ട് പിടിച്ചുകൊണ്ടുവന്നു എന്നാണ് പറഞ്ഞത്. സ്വാഭാവികമായും ഒരു വൃദ്ധനെ മര്‍ദ്ദിച്ച ചെറുപ്പക്കാരനെ പിടിച്ചുകൊണ്ടുവന്നു എന്നതിലപ്പുറം പ്രാധാന്യം അതിനുണ്ടായിരുന്നില്ല. എന്നാല്‍, ചില പൊലീസുകാര്‍ ചേര്‍ന്ന് മുഫസ്സിലിനെ ഭീകരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനം കഴിഞ്ഞാണ് ഇയാളെ കസ്റ്റഡിയിലെടുത്ത കാര്യം പൊലീസുകാരിലൊരാള്‍ എസ്.ഐയോട് പറഞ്ഞത്. 

''എസ്.ഐ എം.പി. സന്ദീപ് കുമാര്‍ പൊലീസുകാരുടെ സ്ഥിരം രീതിയില്‍ അയാളെ തറയിലിരുത്തി കാലുനീട്ടിവയ്പിച്ച് കാല്‍വെള്ളയില്‍ ചൂരല്‍കൊണ്ട് അടിക്കാന്‍ തുടങ്ങി. സാധാരണഗതിയില്‍ രണ്ടു മൂന്ന് അടിയൊക്കെ കൊടുത്തിട്ട് ആളെ നടത്തിക്കും. അപ്പോള്‍ ഈ അടികൊണ്ടുള്ള പാടുകളൊന്നും പെട്ടെന്ന് അറിയില്ല. പക്ഷേ, എസ്.ഐ നിര്‍ത്താതെ അടിച്ചു. അതോടെ കാല്‍ പൊട്ടി രക്തമൊഴുകിത്തുടങ്ങി. ഇതു കണ്ടതോടെ ഞാനും ജി.ഡി ഡ്യൂട്ടിയിലുണ്ടായിരുന്ന ശിവദാസനും പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും അവിടെനിന്നു മാറി'' ദിനേശന്‍ പറയുന്നു. ''കാരണമില്ലാതെ ഒരാളെ ക്രൂരമായി തല്ലുന്നു എന്നാണ് തോന്നിയത്. കാരണം, അത്രയ്‌ക്കെന്തെങ്കിലും അതിക്രമം കാണിക്കാനുള്ള ശാരീരികമോ മാനസികമോ ആയ ത്രാണി മുഫസ്സലിനു കണ്ടില്ല.'' 

കുറേക്കഴിഞ്ഞു വിവരം അറിഞ്ഞ് മുഫസ്സിലിന്റെ വീട്ടുകാര്‍ വന്നു. കാലില്‍ രക്തമൊഴുകി അവശ നിലയില്‍ ഇരിക്കുന്നതു കണ്ട് ഇങ്ങനെ അടിച്ചു നാശമാക്കാന്‍ എന്തു തെറ്റാണ് ചെയ്തതെന്ന് മുഫസ്സിലിന്റെ ചെറിയച്ഛന്‍ എസ്.ഐയോട് ചോദിച്ചു. നിങ്ങടെ പയ്യന്‍ ഒരു പ്രായമായ ആളെ മര്‍ദ്ദിച്ചു എന്ന് എസ്.ഐ അറിയിച്ചപ്പോള്‍ അങ്ങനെയല്ല കാര്യമെന്ന് അവര്‍ തറപ്പിച്ചു പറഞ്ഞു. നടന്ന കാര്യങ്ങളെല്ലാം ശരിയായി മനസ്സിലാക്കിയിട്ടാണ് അവര്‍ വന്നത്. അങ്ങനെയൊരാള്‍ക്കു മര്‍ദ്ദനമേറ്റിട്ടുണ്ടെങ്കില്‍ ആ ആളെവിടെ? അയാളെ കൊണ്ടുവരാന്‍ അവര്‍ ആവശ്യപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ഉണ്ടായതെന്താണ് എന്ന് അറിഞ്ഞിട്ടാണോ പിടിച്ചുകൊണ്ടുവന്നതും തല്ലിച്ചതച്ചതും എന്ന് അവര്‍ ചോദിക്കുക കൂടി ചെയ്തതോടെയാണ് പൊലീസുകാരന്റെ വാക്കു കേട്ട് എടുത്തുചാടുകയായിരുന്നു എന്ന് എസ്.ഐക്കു തോന്നിയത്. 

പ്രായമായ ഒരാളെ തല്ലുന്നതു കണ്ടുവെന്നും അതുകൊണ്ടാണ് പിടിച്ചതെന്നും പൊലീസുകാരന്‍ വിനോഷ് ആവര്‍ത്തിച്ചു. എന്നാല്‍, മദ്യവില്‍പ്പനശാലയില്‍നിന്ന് ഇറങ്ങിവന്ന ഒരാള്‍ ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിച്ചപ്പോള്‍ ചോദ്യം ചെയ്ത പലരില്‍ ഒരാള്‍ മാത്രമായിരുന്നു മുഫസ്സില്‍. വന്നവര്‍ അതാണ് പറഞ്ഞത്. നാട്ടുകാരില്‍നിന്ന് മദ്യപനു മര്‍ദ്ദനവുമേറ്റു. ബഹളംകേട്ട് എത്തിയ പൊലീസുകാരനെ കണ്ട് എല്ലാവരും മാറിക്കളഞ്ഞു. പക്ഷേ, മുഫസ്സില്‍ അവിടെത്തന്നെ നിന്നു. എന്താണു നടന്നതെന്ന് അന്വേഷിക്കാന്‍ ശ്രമിക്കാതെ കിട്ടിയ ആളെ പിടിച്ചുകൊണ്ടുവരികയും ചെയ്തു. 

മുന്‍പിന്‍ നോക്കാതെ ഒരാളെ ക്രൂരമായി മര്‍ദ്ദിച്ച എസ്.ഐ മാപ്പു പറയണം എന്ന് മുഫസ്സിലിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.  മുഫസ്സിലിനെ വിട്ടയയ്ക്കുകയോ കേസെടുത്ത് സ്റ്റേഷന്‍ ജാമ്യം കൊടുക്കുകയോ ചെയ്യാതെ പിന്നെയും നിഷേധാത്മക നിലപാടാണ് എസ്‌ഐ സ്വീകരിച്ചത്.
യു.ഡി.എഫ് ഭരണകാലമാണ്. മുഫസ്സിലിന്റേത് സി.പി.എം അനുഭാവി കുടുംബം. സി.പി.എം പ്രാദേശിക നേതാക്കളുള്‍പ്പെടെ രാത്രി വൈകുന്നതുവരെ ശ്രമിച്ചിട്ടും എസ്.ഐ മുഫസ്സിലിനെ വിട്ടയച്ചില്ല. പിറ്റേന്നു രാവിലെ സി.പി.എം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. 

അപ്പോഴാണ് സി.ഐ വിവരം അറിയുന്നത്. അവനെ ഏതെങ്കിലും ഒരു കേസില്‍ ഉള്‍പ്പെടുത്തണം എന്നാണ് ഉടനെ ജീപ്പെടുത്ത് അവിടെയെത്തിയ സി.ഐ എം. സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചത്. അടുത്തെവിടെയാണ് ക്ഷേത്രത്തില്‍ ഉത്സവമുള്ളത് എന്നും ചോദിച്ചു. തളിക്കുളം ക്ഷേത്രത്തില്‍ ഉത്സവമാണെന്ന് എസ്.ഐ പറഞ്ഞു. മുഫസ്സില്‍ മദ്യപിച്ച് അവിടെ അടിയുണ്ടാക്കിയതായി സി.ഐയുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്തു. എന്നിട്ട് സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്ന നേതാക്കളെ വിളിച്ചുവരുത്തി ജാമ്യത്തില്‍ വിട്ടുകൊടുത്തു. എടുത്തത് കള്ളക്കേസാണ്. പക്ഷേ, എന്തോ ഔദാര്യം കാണിക്കുന്നതായും സമരത്തെ മാനിക്കുന്നതായുമാണ് സി.ഐ അഭിനയിച്ചത്. 

മര്‍ദ്ദനമേറ്റ് അവശനായ മുഫസ്സില്‍ ആറു ദിവസം തൃത്തല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ കിടന്നു. ആശുപത്രിയില്‍നിന്ന് അറിയിച്ചിട്ടും അഞ്ചു ദിവസം പൊലീസ് മൊഴിയെടുത്തില്ല. ആറാം ദിവസം ചന്ദ്രന്‍ എന്ന എ.എസ്.ഐ മൊഴിയെടുത്തു. എസ്.ഐയും സി.പി.ഒമാരായ ഫൈസല്‍, വിനോഷ്, ഗോപകുമാര്‍, ഹോംഗാര്‍ഡ് സുനില്‍ പ്രകാശ് എന്നിവരും മര്‍ദ്ദിച്ചുവെന്നായിരുന്നു സ്വാഭാവികമായും മൊഴി. 

തങ്ങള്‍ക്കെതിരായതുകൊണ്ട് അത് എസ്.ഐയും പൊലീസുകാരും ചേര്‍ന്നു പൂഴ്ത്തി. ഇതിനിടെ അതേ സ്റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ ജോസ് ആശുപത്രിയില്‍ ചെന്നു വിവരം തിരക്കിയപ്പോള്‍ പൊലീസിനെതിരെ നിയമപരമായി നീങ്ങാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് മുഫസ്സിലും ബന്ധുക്കളും പറഞ്ഞു. പൊലീസുകാര്‍ സ്റ്റേഷനില്‍ വച്ചു മര്‍ദ്ദിച്ചതിനു പൊലീസുകാരല്ലാതെ പുറത്തുനിന്നു സാക്ഷികളില്ലാത്ത സ്ഥിതിക്ക് കേസുമായി പോയിട്ടെന്തു കാര്യം എന്ന് ജോസ് ചോദിച്ചു. മുഫസ്സിലിനെ പരിചയമുള്ള പ്രാദേശിക സാമൂഹിക പ്രവര്‍ത്തകന്‍ ശ്രീജിത്ത് മര്‍ദ്ദന സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നു. ശ്രീജിത്തേട്ടന്‍ സാക്ഷി പറയും എന്ന് മുഫസ്സില്‍ അറിയിച്ചു.

ജോസ് നേരെ പോയി ശ്രീജിത്തിനെ കണ്ടു ചോദിച്ചു. മര്‍ദ്ദിക്കുന്നതു കണ്ടെന്നും അന്വേഷണം ഉണ്ടായാല്‍ പറയുമെന്നുമായിരുന്നു പ്രതികരണം. കുറ്റം ചെയ്ത ആളാണെങ്കില്‍പ്പോലും ഇത്ര ക്രൂരമായി ഒരു ചെറുപ്പക്കാരനെ തല്ലിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പതിവായി പൊലീസും സ്റ്റേഷനുമൊക്കെയായി ഇടപെടുന്ന ആളാണ് ശ്രീജിത്ത്. എല്ലാവര്‍ക്കും അയാളെ അറിയുകയും ചെയ്യാം. 

കാര്യം നേരെ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ചുമതലയുള്ള ജോസ് വിവരം എസ്.ഐയെ അറിയിക്കുകയാണ് ചെയ്തത്. ശ്രീജിത്ത് സാക്ഷി പറഞ്ഞാല്‍ കുടുങ്ങുമെന്നു മനസ്സിലാക്കിയ എസ്.ഐ അവനെ കണ്ടാല്‍ വിളിച്ചുകൊണ്ടുവരണം  (ഇങ്ങെടുത്തോണ്ടു വരണം) എന്ന് അടുപ്പക്കാരായ പൊലീസുകാരോട് പറഞ്ഞു. ഫെബ്രുവരി 15-നു രാത്രി വാടാനപ്പള്ളി ടൗണില്‍ വച്ച് ശ്രീജിത്തിനെ ഒരു പൊലീസുകാരനും ഹോം ഗാര്‍ഡും കണ്ടപ്പോള്‍ സ്റ്റേഷനിലേക്കു വിളിച്ചുകൊണ്ടുപോയി. പൊലീസുകാര്‍ക്കും എസ്.ഐക്കും എതിരെ മൊഴി നല്‍കരുത് എന്നു ഭീഷണിപ്പെടുത്തിയതായി ശ്രീജിത്ത് പറയുന്നു. അന്വേഷണമുണ്ടായാല്‍ പറയും എന്ന നിലപാടില്‍ത്തന്നെയാണ് ഉറച്ചുനിന്നത്. മാത്രമല്ല, മുഫസ്സിലിന്റെ വീട്ടുകാര്‍ വലിയ ആവശ്യങ്ങളൊന്നും ഉന്നയിക്കുന്നില്ലല്ലോ എന്നും എസ്.ഐ മാപ്പു പറഞ്ഞാല്‍ തീരുമെന്നും കൂടി അറിയിച്ചു. തെറ്റുപറ്റി എന്ന് എസ്.ഐ സമ്മതിച്ചാല്‍ മതി.

നിന്നെ കണ്ടോളാം എന്നു താക്കീതു ചെയ്ത് അപ്പോള്‍ വിട്ടയച്ചെങ്കിലും പിറ്റേന്നു രാവിലെ എസ്.ഐ ഫോണില്‍ വിളിച്ചു സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞ് എത്തിയ ശ്രീജിത്തിനോട് എസ്.ഐ ആവശ്യപ്പെട്ടതും സാക്ഷി പറയരുത് എന്നുതന്നെ. ശ്രീജിത്ത് മാറാതിരുന്നപ്പോള്‍ എസ്.ഐ അയാളെ തല്ലി. മൊബൈല്‍ ഫോണ്‍ വാങ്ങി വച്ചിട്ട് മാറ്റി നിര്‍ത്തി. മാത്രമല്ല, പെറ്റിക്കേസ് പോലെ കേസെടുക്കാന്‍ ഒരു ശ്രമവും ഉണ്ടായി. അതു കുഴപ്പമായേക്കും എന്നു തോന്നിയപ്പോള്‍ വേണ്ടെന്നുവച്ചു. കുറേക്കഴിഞ്ഞപ്പോള്‍ പൊലീസിനെതിരെ സാക്ഷി പറഞ്ഞിട്ട് ജീവിക്കാമെന്നു കരുതേണ്ട എന്നു ഭീഷണിപ്പെടുത്തിയിട്ട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ തിരിച്ചു ചോദിച്ചപ്പോള്‍ കൊടുക്കാന്‍ തയ്യാറായില്ല.

ശ്രീജിത്തിന്റെ ഒരു വയസ്സ് പ്രായമുള്ള മകള്‍ ഒരു മാസം മുന്‍പ് ബസ് അപകടത്തില്‍ മരിച്ചിരുന്നു. അത് എസ്.ഐക്കും അറിയാവുന്നതാണ്. ആ കുഞ്ഞിന്റെ ഫോട്ടോ ഉള്ളത് മൊബൈലിലെ മെമ്മറി കാര്‍ഡിലാണെന്നും അതെങ്കിലും തിരിച്ചു തരണമെന്നും ആവശ്യപ്പെട്ടു. നീചമായിരുന്നു എസ്.ഐയുടെ മറുപടി: നിന്റെയൊക്കെ കുഞ്ഞ് ജീവിച്ചിരുന്നിട്ടെന്താടാ, നീ പൊലീസുകാര്‍ക്കെതിരെ സാക്ഷി പറയാന്‍ നടക്കുകല്ലേ. അതു പറഞ്ഞു വീണ്ടും തല്ലി. നിന്നാല്‍ കാരണമില്ലാതെ വീണ്ടും തല്ലുകൊള്ളേണ്ടിവരുമെന്നു മനസ്സിലാക്കിയ ശ്രീജിത്ത് പോയി. 

ഇതിനിടെ മകനു പൊലീസ് മര്‍ദ്ദനമേറ്റതിനെതിരെ നടപടി ആവശ്യപ്പെട്ട് മുഫസ്സിലിന്റെ ഉപ്പ തളിക്കുളം എടശേരി പണിക്കവീട്ടില്‍ മുഹമ്മദ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരാതി നല്‍കി. അതേത്തുടര്‍ന്ന് അന്വേഷണവുമുണ്ടായി. സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.ബി. രാജീവിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൊലീസിന് എതിരായിരുന്നു. സ്റ്റേഷനില്‍ വച്ച് മുഫസ്സലിന് മര്‍ദ്ദനമേറ്റെന്നും കള്ളക്കേസാണ് എടുത്തതെന്നും അതില്‍ വ്യക്തമാക്കി. ആ അന്വേഷണത്തില്‍ ശ്രീജിത്തും മൊഴി കൊടുത്തിരുന്നു. 

തനിക്ക് മര്‍ദ്ദനമേറ്റതിനേക്കാള്‍ ശ്രീജിത്തിനെ വേദനിപ്പിച്ചത് മരിച്ചുപോയ സ്വന്തം കുഞ്ഞിനെപ്പോലും അധിക്ഷേപിച്ച് എസ്.ഐ സംസാരിച്ചതായിരുന്നു. അകാരണമായി മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവയ്ക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടി ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചു. വൃദ്ധനെ തല്ലിയ കേസിലെ സാക്ഷിയായതുകൊണ്ടാണ് വിളിപ്പിച്ചതെന്നും ഇയാളെ മര്‍ദ്ദിക്കുകയോ ഫോണ്‍ പിടിച്ചുവയ്ക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഹൈക്കോടതി അതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി തള്ളി. അപ്പീല്‍ പോകാനുമൊന്നുമുള്ള ത്രാണി ശ്രീജിത്തിന് ഉണ്ടായിരുന്നില്ല. 

ശ്രീജിത്ത് ഹൈക്കോടതിയില്‍ പോയത് ചില പൊലീസുകാര്‍ സഹായിച്ചിട്ടാണ് എന്ന് സി.ഐയും എസ്.ഐയും അടക്കമുള്ളവര്‍ തെറ്റിദ്ധരിച്ചു. അവിടം മുതലാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. മുഫസ്സിലിനെ മര്‍ദ്ദിച്ചതു മുതലുള്ള കാര്യങ്ങള്‍ക്കു മാത്രമല്ല, അതിനു മുന്‍പും സ്റ്റേഷനില്‍ നടന്ന വഴിവിട്ട കാര്യങ്ങള്‍ക്കും കൂട്ടുനില്‍ക്കാതിരുന്ന ദിനേശന്‍ അടക്കം ഏതാനും പേര്‍ സംശയ നിഴലിലായി. 

അവര്‍ക്കെതിരെ സഹപ്രവര്‍ത്തകര്‍ ഒരു 'കഥ' ഉണ്ടാക്കി. മണല്‍ക്കടത്തുകാരെ പിടിക്കാന്‍ പോയ എസ്.ഐയും സംഘവും മണല്‍ക്കടത്തുകാരുടെ കൂട്ടാളിയായ ശ്രീജിത്തിനെ പിടിക്കുകയായിരുന്നു എന്നും സ്റ്റേഷനിലെ അഞ്ച് പൊലീസുകാര്‍ ആ സംഭവത്തില്‍ മണല്‍ക്കടത്തുകാര്‍ക്കുവേണ്ടി പൊലീസിനെ ഒറ്റി എന്നുമായിരുന്നു കഥ. അതു റിപ്പോര്‍ട്ടാക്കി ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിക്കു കൊടുത്തു. 

ദിനേശന്‍, രണ്ട് ഉണ്ണിക്കൃഷ്ണന്മാര്‍, ജോസഫ്, ഗംഗാധരന്‍ എന്നിവരായിരുന്നു ആരോപണവിധേയര്‍. അന്നത്തെ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബിജു ഭാസ്‌കറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം ഈ കാര്യത്തിലൊക്കെ ഉണ്ടായിരുന്നു എന്ന് ദിനേശന്‍ പറയുന്നു. ബലാത്സംഗക്കേസുകളിലും വ്യാപകമായ മണല്‍ക്കടത്ത് സംഭവങ്ങളിലും പൊലീസ് ഒത്തുകളിക്കുന്നതിനെതിരെ പൊലീസിനുള്ളില്‍ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ചവരായിരുന്നു ഇവരഞ്ചുപേര്‍. ഇതെല്ലാം മനസ്സില്‍ വച്ച് ഇവര്‍ക്കെതിരെ നീങ്ങാങ്ങാന്‍ അവസരം കിട്ടാന്‍ കാത്തിരുന്നപ്പോഴാണ് മുഫസ്സില്‍, ശ്രീജിത്ത് സംഭവങ്ങളുണ്ടാകുന്നത്. 

ഇതിനിടയില്‍ ദിനേശന്‍ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചിലേക്കു മാറിയിരുന്നു. കാര്യങ്ങള്‍ പോകുന്ന വഴി വളരെ കുഴപ്പം പിടിച്ചതാണെന്നു മനസ്സിലായതോടെ അന്നത്തെ ഇന്റലിജന്‍സ് ഡയറക്ടര്‍ക്കു വിശദമായ ഒരു പരാതി ഔദ്യോഗിക മാര്‍ഗ്ഗത്തിലൂടെത്തന്നെ അയച്ചു. വാടാനപ്പള്ളി സ്റ്റേഷനുമായി ബന്ധപ്പെട്ടു നടന്നിരുന്ന കുറേ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ആ പരാതിയില്‍ ഉള്‍പ്പെടുത്തി. ഈ കാര്യങ്ങള്‍ നേരിട്ടറിയാവുന്ന സാക്ഷികള്‍ നടത്തുന്ന വെളിപ്പെടുത്തല്‍ വീഡിയോകളും പരാതിക്കൊപ്പം നല്‍കി.

ഇതെല്ലാം വിശദമായി പരിശോധിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യണം എന്നായിരുന്നു അപേക്ഷ. മുഫസ്സിലിന്റെ പിതാവ് മുഖ്യമന്ത്രിക്കു നല്‍കിയ പരാതി, കസ്റ്റഡി മര്‍ദ്ദനത്തെക്കുറിച്ചു തൃശൂര്‍ റൂറല്‍ സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്, ശ്രീജിത്തിന്റെ ഹര്‍ജിയെത്തുടര്‍ന്ന് വലപ്പാട് സി.ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്, വാടാനപ്പള്ളി സ്റ്റേഷനിലെ ഹോം ഗാര്‍ഡ് സുനില്‍ പ്രകാശ് ശ്രീജിത്തിനെ ഭീഷണിപ്പെടുത്തിയതിനെതിരെ വലപ്പാട് സി.ഐക്ക് കൊടുത്ത പരാതി, അതില്‍ നടപടിയുണ്ടാകാതെ വന്നപ്പോള്‍ ശ്രീജിത്ത് ആഭ്യന്തര മന്ത്രിക്ക് കൊടുത്ത പരാതി തുടങ്ങിയവയുടെ പകര്‍പ്പും വച്ചു. 

അന്വേഷണത്തില്‍ ഈ വിവരങ്ങളെല്ലാം ശരിയാണെന്നു കണ്ടെത്തി. പല തലങ്ങളിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുടെ വക്കിലെത്തുകയും ചെയ്തു. പക്ഷേ, പിന്നീട് അന്വേഷണം പോയ വഴിയറിയില്ല. അന്വേഷണം ഇല്ലാതായതിനു പിന്നാലെ ദിനേശനു നേരെ ആരോപണ വിധേയരായ ഉന്നതരില്‍നിന്നു ഭീഷണിയുണ്ടായി: ''ഇങ്ങനെയൊരു കാര്യം ചെയ്ത പൊലീസുകാരനെ സര്‍വ്വീസില്‍ വച്ചേക്കില്ല.'' ഒരു മാസത്തിനുള്ളില്‍ അവര്‍ അതു നടപ്പാക്കി. ദിനേശനുള്‍പ്പെടെ 'വിമത'രായ അഞ്ചു പേരില്‍ നാലുപേരെ 2013 ഡിസംബര്‍ ഒടുവില്‍ സര്‍വ്വീസില്‍നിന്നു പിരിച്ചുവിട്ടു.

രണ്ട് ഉണ്ണിക്കൃഷ്ണന്മാരില്‍ ഒരാള്‍ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന സി.എന്‍. ബാലകൃഷ്ണന്റെ ബന്ധുവായിരുന്നതുകൊണ്ട്  നടപടിയില്‍നിന്ന് ഒഴിവായി. ഇവിടം മുതലാണ് ദിനേശനെന്ന പൊലീസ് ഉദ്യോഗസ്ഥന് സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റിന എതിരെ സന്ധിയില്ലാ പോരാട്ടം നടത്തേണ്ടിവന്നതും കുടുംബം പോലും നാനാവിധമാകുന്ന അനസ്ഥയിലേക്ക് എത്തിച്ചേര്‍ന്നതും ഇപ്പോള്‍ ജയിച്ചു കയറി നില്‍ക്കുന്നതും. സംഭവബഹുലമായ ദിനേശന്റെ പോരാട്ട കഥ ' പൊലീസിനെ വേട്ടയാടിപ്പിടിക്കുന്ന പൊലീസ്' പുതിലയ ലക്കം സമകാലിക മലയാളം വാരികയില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com