ഭിന്നശേഷിക്കാരനായ കുട്ടിയ്ക്ക് പ്രവേശനം നിഷേധിച്ചു; സ്വകാര്യ സ്‌കൂളുകള്‍ക്കെതിരേ അന്വേഷണം

സിബിഎസ്ഇ റീജിയണല്‍ ഡയറക്ടറും പൊതുവിദ്യാഭ്യാസ ഡയറക്ടറും അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്
ഭിന്നശേഷിക്കാരനായ കുട്ടിയ്ക്ക് പ്രവേശനം നിഷേധിച്ചു; സ്വകാര്യ സ്‌കൂളുകള്‍ക്കെതിരേ അന്വേഷണം

കൊച്ചി; ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയ്ക്ക് പ്രവേശനം നിഷേധിച്ച സ്വകാര്യ സ്‌കൂളുകള്‍ക്കെതിരേ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. തിരുവാണിയൂരിലെ സ്വകാര്യ സ്‌കൂള്‍ അധികൃതരാണ് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം പ്രവേശനം നിഷേധിച്ചത്. പരാതിയുമായി കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്തെത്തിയതോടെയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് അന്വേഷണത്തിന് ഉത്തരവിട്ടത്. 

സിബിഎസ്ഇ റീജിയണല്‍ ഡയറക്ടറും പൊതുവിദ്യാഭ്യാസ ഡയറക്ടറും അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പരാതിയെ കുറിച്ച്  രേഖാമൂലം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.  കേസ് ജൂണ്‍ 7 ന് കളമശേരി പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

എറണാകുളം ഏലംകുളം സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. ഹൈപ്പര്‍ ആക്റ്റിവിറ്റിക്ക് ചികിത്സ നടത്തുന്ന തന്റെ കൊച്ചുമകന് നാലാം ക്ലാസ് പ്രവേശനത്തിന് വേണ്ടിയാണ് പരാതിക്കാരന്‍ സ്വകാര്യ സ്‌കൂളുകളെ സമീപിച്ചത്. മൈസൂരിലെ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്നു കൊച്ചുമകന്‍. കുട്ടിയുടെ അച്ഛന്‍ ജോലി സംബന്ധമായി യുഎഇയിലേക്ക് പോയതോടെയാണ് പഠനം എറണാകുളത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. പ്രവേശനത്തിനായി സ്‌കൂളില്‍ എത്തിയപ്പോള്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കാനാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ സാധാരണ സ്‌കൂളില്‍ ചേര്‍ക്കാനാണ് ഡോക്ടറുടെ നിര്‍ദേശം. 

തിരുവാണിയൂരിലെ പബ്ലിക്ക് സ്‌കൂള്‍ കുട്ടിയെ അഭിമുഖം നടത്തിയ ശേഷം പ്രവേശനം നല്‍കാമെന്ന് സമ്മതിച്ചിരുന്നു. 5054 രൂപയും ഇതിമായി അടച്ചു. കുട്ടിയെ സഹായിക്കാന്‍ ഷാഡോ ടീച്ചറെ നിയോഗിക്കാമെന്നും സമ്മതിച്ചു. അതിനുള്ള പണം അടയ്ക്കാനും വീട്ടുകാര്‍ സമ്മതിച്ചു. എന്നാല്‍ ഇപ്പോള്‍ പ്രവേശനം നല്‍കില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്. 

കുട്ടിയ്ക്ക് പ്രവേശനം അനുവദിക്കാത്ത സ്‌കൂളുകള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. തിരുവാണിയൂരിലെ സ്‌കൂള്‍ കൂടാതെ തൃപൂണിത്തുറയിലെ സ്വകാര്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഗാന്ധിനഗറിലെ സ്വകാര്യ സ്‌കൂള്‍ തുടങ്ങിയവയ്ക്ക് എതിരേയും പരാതി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com