കമ്യൂണിസ്റ്റ് മനസ്സിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്യൂണലിസം പുറത്തുചാടിയെന്ന് ലീഗ് ; ഇസ്ലാമിക ആചാരങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് ഉണ്ണിത്താന്‍

വിശ്വാസവും ആചാരവും നിരാകരിച്ചുവേണം വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍ എത്തേണ്ടതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്ന് ലീഗ്
കമ്യൂണിസ്റ്റ് മനസ്സിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്യൂണലിസം പുറത്തുചാടിയെന്ന് ലീഗ് ; ഇസ്ലാമിക ആചാരങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് ഉണ്ണിത്താന്‍

കണ്ണൂര്‍ : മുഖം മറയ്ക്കുന്ന തരത്തില്‍ പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടുചെയ്യാന്‍ അനുവദിക്കരുതെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് രംഗത്ത്. കമ്യൂണിസ്റ്റ് മനസ്സിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്യൂണലിസത്തിന്റെ തനിരൂപമാണ് ജയരാജനിലൂടെ പുറത്തുവന്നത്. വിശ്വാസവും ആചാരവും നിരാകരിച്ചുവേണം വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍ എത്തേണ്ടതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നും ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍കരിം ചേലേരി പറഞ്ഞു. 

എം വി ജയരാജന്റേത്  മുസ്ലിം വിരുദ്ധ പ്രസ്താവനയാണെന്ന് കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇസ്ലാമിക ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വെല്ലുവിളിക്കുന്ന പ്രസ്താവനയാണ് ജയരാജന്‍ നടത്തിയത്. ഒരു സമൂഹത്തെ മുഴുവന്‍ സിപിഎം അധിക്ഷേപിക്കുന്നുവെന്നും ഉണ്ണിത്താന്‍ പറഞ്ഞു. സിപിഎമ്മിന്റെ കള്ളവോട്ട് കണ്ടുപിടിച്ചതിന്റെ ജാള്യത മറച്ചുവയ്ക്കാനാണ് ജയരാജന്റെ ശ്രമം. സുമയ്യയും സെലീനയും പത്മിനിയുമെല്ലാം പര്‍ദ ഇടാതെയല്ലേ കള്ളവോട്ട് ചെയ്യാനെത്തിയതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു. 

റീപോളിങ് നടക്കുന്ന പിലാത്തറയില്‍ ഇടതുമുന്നണി പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു എം വി  ജയരാജന്റെ വിവാദ പ്രസ്താവന. പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്നാണ് ജയരാജന്‍ ആവശ്യപ്പെട്ടത്. വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണം. ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ. ഇതുപോലെ വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറുണ്ടോ എന്നും ജയരാജന്‍ ചോദിച്ചു. 

അങ്ങനെ വന്നാല്‍ കള്ളവോട്ട് പൂര്‍ണമായും തടയാന്‍ കഴിയും. കള്ളവോട്ട് പൂര്‍ണമായും തടഞ്ഞാല്‍ ഒരു തര്‍ക്കവും വേണ്ട, യുഡിഎഫ് ജയിക്കുന്ന ബൂത്തിലടക്കം ഇടതുപക്ഷത്തിന്റെ വോട്ട് വര്‍ധിക്കും. യുഡിഎഫിന്റെ വോട്ട് കുറയുമെന്നും എം വി ജയരാജന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com