പാതിരാത്രിയിലും ഉദ്യോഗസ്ഥരുടെ ഫോണ്‍വിളി: സ്വസ്ഥത നഷ്ടപ്പെട്ട് ജയില്‍ മേധാവി 

നിസാര കാര്യങ്ങള്‍ക്ക് പോലും കീഴുദ്യോഗസ്ഥര്‍ സമയം നോക്കാതെ നേരിട്ടു ഡിജിപിയെ വിളിക്കുന്ന പ്രവണത സ്ഥിരമായപ്പോള്‍ ഒരു വര്‍ഷം മുന്‍പാണ് ആദ്യ സര്‍ക്കുലര്‍ ഇറക്കിയത്.
പാതിരാത്രിയിലും ഉദ്യോഗസ്ഥരുടെ ഫോണ്‍വിളി: സ്വസ്ഥത നഷ്ടപ്പെട്ട് ജയില്‍ മേധാവി 

കണ്ണൂര്‍: കീഴുദ്യോഗസ്ഥരുടെ അസമയത്തെ ഫോണ്‍ വിളിയില്‍ പൊറുതിമുട്ടി ജയില്‍ വകുപ്പു മേധാവി ഡിജിപി ആര്‍ ശ്രീലേഖ. ഇതേ തുടര്‍ന്ന് നിസാര കാര്യത്തിനു കീഴുദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ തന്നെ വിളിക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു മൂന്നാമത്തെ സര്‍ക്കുലര്‍ ഡിജിപി പുറത്തിറക്കി. അവസാനത്തെ രണ്ടു സര്‍ക്കുലറും ഇറക്കിയത് ഒരാഴ്ചത്തെ ഇടവേളയിലാണ്.

നിസാര കാര്യങ്ങള്‍ക്ക് പോലും കീഴുദ്യോഗസ്ഥര്‍ സമയം നോക്കാതെ നേരിട്ടു ഡിജിപിയെ വിളിക്കുന്ന പ്രവണത സ്ഥിരമായപ്പോള്‍ ഒരു വര്‍ഷം മുന്‍പാണ് ആദ്യ സര്‍ക്കുലര്‍ ഇറക്കിയത്. നേരിട്ടുള്ള വിളി ഒഴിവാക്കണമെന്നും മേലുദ്യോഗസ്ഥര്‍ വഴി മാത്രമേ തന്നെ വിളിക്കാവൂ എന്നുമായിരുന്നു സര്‍ക്കുലര്‍. നിസാര കാര്യത്തിനു വിളിച്ച ചില ഉദ്യോഗസ്ഥര്‍ക്കു ജയില്‍ പരിശീലന കേന്ദ്രത്തിലേക്കു സ്ഥലംമാറ്റം കിട്ടുകയും ചെയ്തിരുന്നു. 

ഇതേതുടര്‍ന്ന് സര്‍ക്കുലര്‍ പാലിക്കപ്പെടുന്നില്ലെന്നു കാണിച്ചു കഴിഞ്ഞ 8നാണു ഡിജിപി രണ്ടാമത്തെ സര്‍ക്കുലര്‍ ഇറക്കിയത്. ജയിലില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ ജയില്‍ മേധാവിയെയോ, മേഖലാ ഡിഐജിയെയോ ആണ് വിളിക്കേണ്ടതെന്നും അവര്‍ മാത്രമേ തന്നെ വിളിക്കാന്‍ പാടുള്ളൂവെന്നുമായിരുന്നു സര്‍ക്കുലര്‍. ഗുരുതരമായ ക്രമസമാധാന പ്രശ്‌നം, ജയില്‍ചാട്ടം, തടവുകാരുടെ ഗുരുതരമായ രോഗം, മരണം എന്നിവയാണ് അടിയന്തര സാഹചര്യമായി ഡിജിപി ചൂണ്ടിക്കാട്ടിയത്.

തടവുകാരുടെ അകമ്പടിക്കു പൊലീസുകാരെ കിട്ടാത്തത് പോലുള്ള പരാതികള്‍ക്കാണ് കീഴുദ്യോഗസ്ഥര്‍ ഡിജിപിയെ വിളിച്ച് ശല്യം ചെയ്യുന്നത്. അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ മേലുദ്യോഗസ്ഥരെയോ, പ്രിസണ്‍ കണ്‍ട്രോള്‍ റൂമിലോ അറിയിക്കുന്നതിനു പകരം അര്‍ധരാത്രി നേരിട്ടു ഡിജിപിയുടെ ഫോണില്‍ വിളിക്കുന്നത്. 

തടവുകാരുടെ അസുഖത്തെക്കുറിച്ചു വിശദീകരിക്കാനായും ചില ഉദ്യോഗസ്ഥര്‍ വിളിച്ചു. അര്‍ധരാത്രിയില്‍ നേരിട്ട് ഇങ്ങനെ വിളിക്കുന്നതിന് വിശദീകരണമായി പറയുന്നത് നിവൃത്തികേടുകൊണ്ടാണെന്നാണ്. ഇതോടെ ഒരാഴ്ചയ്ക്കകം മൂന്നാമത്തെ സര്‍ക്കുലറും ഇറക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com