സംസ്ഥാനത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പയ്ക്ക് ഇന്ന് ഒരു വയസ്

സാലിഹിന്റെ മരണത്തെതുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു തോന്നിയ സംശയമാണു നിപ്പ വൈറസാണു രോഗത്തിനു കാരണമെന്ന് തിരിച്ചറിയാന്‍ കാരണമായത്.
സംസ്ഥാനത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പയ്ക്ക് ഇന്ന് ഒരു വയസ്

കോഴിക്കോട്: കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. രോഗബാധിതനായി ചികിത്സ തേടിയ പേരാമ്പ്ര സൂപ്പിക്കട സ്വദേശി മുഹമ്മദ് സാലിഹ് 2018 മേയ് 18നാണു കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ചത്.

തുടര്‍ന്നുള്ള ദിവസങ്ങളോരോന്നും ഒരു കോഴിക്കോട്ടുകാരനും ഓര്‍ക്കാനാഗ്രഹിക്കില്ല. മനുഷ്യര്‍ പരസ്പരം സംസാരിക്കാന്‍ പോലും ഭയന്ന അവസ്ഥ ഏറെ നാളുകള്‍ കഴിഞ്ഞാണ് പൂര്‍വ്വസ്ഥിതിയില്‍ ആയതു തന്നെ. ആരോഗ്യമന്ത്രി മുതല്‍ സാധാരണക്കാരന്‍ വരെ ഒറ്റക്കെട്ടായി പോരാടിയാണു ഈ മാരക രോഗത്തെ ഇവിടെ നിന്നും പറഞ്ഞയച്ചത്. 
 
സാലിഹിന്റെ മരണത്തെതുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു തോന്നിയ സംശയമാണു നിപ്പ വൈറസാണു രോഗത്തിനു കാരണമെന്ന് തിരിച്ചറിയാന്‍ കാരണമായത്. നിപ്പ ബാധിച്ച 18 പേരില്‍ 16 പേര്‍ മരിച്ചതായാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ച റിപ്പോര്‍ട്ട്. എന്നാല്‍ നവംബറില്‍ ബ്രിട്ടിഷ് മെഡിക്കല്‍ ജേണല്‍, ദ് ജേണല്‍ ഓഫ് ഇന്‍ഫെക്ഷസ് ഡിസീസസ് എന്നിവയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പ്രകാരം 21 പേര്‍ മരിച്ചതായി വിലയിരുത്തുന്നു. 

നിപ്പ സ്ഥിരീകരിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ജി അരുണ്‍കുമാര്‍, സംസ്ഥാന ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവരടങ്ങുന്ന സംഘമാണു റിപ്പോര്‍ട്ട് തയാറാക്കിയത്. 

ഇതിനിടെ നിപ്പയെ ചെറുക്കാന്‍ അമേരിക്കയിലെ ജെഫേഴ്‌സണ്‍ സര്‍വകലാശാലയില്‍ മലയാളി ശാസ്ത്രജ്ഞയടക്കമുള്ള സംഘം മരുന്നു കണ്ടുപിടിച്ച വാര്‍ത്ത പുറത്തു വന്നത് ആരോഗ്യമേഖലയ്ക്ക് മുതല്‍ക്കൂട്ടായി. 

നിപ്പ വൈറസിന്റെ മോശം ഓര്‍മ്മകളില്‍ ആര്‍ക്കും ഒരിക്കലും മറക്കാനാലാത്ത പേരാണ് നഴ്‌സ് ലിനിയുടേത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ആയിരുന്ന ലിനിയുടെ മരണത്തോടെയായിരുന്നു ആളുകളുടെ ഭീതി വര്‍ധിച്ചത്. നിപ്പ വൈറസ് രോഗബാധിതനെ ശുശ്രൂഷിച്ചതിനാലാണ് ലിനിയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. 

നഴ്‌സ് ലിനി സജീഷിന്റെ ഓര്‍മയ്ക്കായി കെട്ടിട സമുച്ചയം നിര്‍മിക്കുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും സാങ്കേതിക തടസം കാരണം നടന്നില്ല. എങ്കിലും ഒരു ബ്ലോക്കിനു ലിനിയുടെ പേരിടാനുള്ള തീരുമാനം നിലനില്‍ക്കുകയാണ്. കോഴിക്കോട് കേന്ദ്രമാക്കി വൈറോളജി കേന്ദ്രം തുടങ്ങുമെന്ന വാഗ്ദാനവും നടപ്പായില്ല. മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാര്‍ക്കു സ്ഥിരജോലി നല്‍കാമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com