എറണാകുളത്ത് കണ്ണന്താനം രണ്ടുലക്ഷത്തിലധികം വോട്ടുപിടിക്കും; തൃപ്പൂണിത്തുറയും കളമശേരിയും തുണച്ചെന്ന് ബിജെപി വിലയിരുത്തല്‍

എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഒരുലക്ഷത്തിലധികം വോട്ട് പാര്‍ട്ടി അധികം പിടിക്കുമെന്ന് ബിജെപിയുടെ കണക്കുകൂട്ടല്‍
എറണാകുളത്ത് കണ്ണന്താനം രണ്ടുലക്ഷത്തിലധികം വോട്ടുപിടിക്കും; തൃപ്പൂണിത്തുറയും കളമശേരിയും തുണച്ചെന്ന് ബിജെപി വിലയിരുത്തല്‍

കൊച്ചി: എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഒരുലക്ഷത്തിലധികം വോട്ട് പാര്‍ട്ടി അധികം പിടിക്കുമെന്ന് ബിജെപിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എ എന്‍ രാധാകൃഷ്ണന് 99,003 വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ ഇതിനേക്കാള്‍ 1,17,000 വോട്ടുപിടിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.മണ്ഡലങ്ങളില്‍ നിന്നുളള കണക്കുപ്രകാരം 2.17ലക്ഷം വോട്ടുകിട്ടുമെന്നാണ് ബിജെപിയുടെ അവലോകനം. പാര്‍ട്ടിയുടെ ഇതുവരെയുളള പ്രകടനങ്ങളില്‍ ഏറ്റവും മികച്ചതായിരിക്കും ഇതെന്നാണ് കരുതുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളിലുമായി 1,43,572 വോട്ടാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. 

നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിലായിരുന്നു ബിജെപി ജില്ലയില്‍ ഏറ്റവുമധികം വോട്ടുപിടിച്ചിരുന്നത്. തുറവൂര്‍ വിശ്വംഭരന്‍ സ്ഥാനാര്‍ത്ഥിയായി വന്നതിനാല്‍ 29,843 വോട്ടുകള്‍ അവിടെ നേടി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 16,676 വോട്ടാണ് കിട്ടിയിരുന്നത്. ഇക്കുറി തൃപ്പൂണിത്തുറയില്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് മണ്ഡലം ഭാരവാഹികള്‍ ബിജെപി അവലോകന യോഗത്തില്‍ പറഞ്ഞത്. 39000 വോട്ട് തൃപ്പൂണിത്തുറയില്‍ പിടിക്കുമെന്നാണ് കണക്ക് അവതരിപ്പിച്ചിരിക്കുന്നത്.

കളമശേരി നിയമസഭ മണ്ഡലത്തില്‍ നിന്നും 37000 വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പില്‍ 24244 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭയില്‍ ഇത് 17,558 വോട്ടായിരുന്നു. 

എറണാകുളത്തും തൃക്കാക്കരയിലും 31,000 വോട്ടുകള്‍ വീതം ഇക്കുറി കിട്ടും. കൊച്ചിയിലും വൈപ്പിനിലും 22,000 വോട്ടുകളാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തിലാണ് വോട്ടില്‍ വര്‍ധന ഉണ്ടാവുന്നതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. നിയമസഭാ മണ്ഡലം പ്രസിഡന്റുമാരാണ് അതതിടത്തെ വോട്ടുകണക്കുകള്‍ അവതരിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com