ആലഞ്ചേരിക്കെതിരെയുളള രേഖ വ്യാജമല്ല; കേസ് അട്ടിമറിക്കാന്‍ ശ്രമം, സിബിഐ അന്വേഷണം വേണമെന്ന് അതിരൂപത

കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപത
ആലഞ്ചേരിക്കെതിരെയുളള രേഖ വ്യാജമല്ല; കേസ് അട്ടിമറിക്കാന്‍ ശ്രമം, സിബിഐ അന്വേഷണം വേണമെന്ന് അതിരൂപത

കൊച്ചി:  കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപത. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല. ജോര്‍ജ് ആലഞ്ചേരിക്കെതിരെയുളള രേഖ വ്യാജമല്ല. കേസില്‍ സത്യം പുറത്തുവരാന്‍ സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ പ്രഖ്യാപിക്കണമെന്ന് എറണാകുളം- അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മാനത്തോടത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതോടെ ഭൂമി ഇടപാട് കേസില്‍ അതിരൂപതയ്ക്കുളളിലെ അഭിപ്രായ ഭിന്നത വീണ്ടും മറനീക്കി പുറത്തുവരുകയാണ്.

രേഖ വ്യാജമെന്ന് വരുത്തിതീര്‍ത്ത് ഭൂമി ഇടപാട് കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് ഫാദര്‍ മുണ്ടാടന്‍ ആരോപിച്ചു. ജോര്‍ജ് ആലഞ്ചേരിക്കെതിരെയുളള രേഖ യഥാര്‍ത്ഥത്തിലുളളതാണ്. ഇത് വ്യാജമാണോ, അല്ലയോ എന്ന് തെളിയിക്കാന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജേക്കബ് മാനത്തോടത്ത് ആവശ്യപ്പെട്ടു. ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ ആദിത്യനെ അറസ്റ്റ് ചെയ്തിരുന്നു. ആദിത്യനെ മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും അദ്ദേഹം നിരപരാധിയാണെന്നും അതിരൂപത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഭൂമി ഇടപാടുക്കേസില്‍ പ്രതിസ്ഥാനത്തുളളവരാണ് ഇതിന് പിന്നില്‍. സഭയ്ക്ക് അകത്തും പുറത്തുമുളളവര്‍ ഇതില്‍ ഗൂഢാലോചന നടത്തിയതായി അതിരൂപത ആരോപിച്ചു.

ആദിത്യന്‍ വ്യാജരേഖ ഉണ്ടാക്കിയിട്ടില്ല. ഫാദര്‍ ടോണി കല്ലൂക്കാരന്‍ പറഞ്ഞിട്ടാണ് രേഖ നല്‍കിയതെന്ന വാദം തെറ്റെന്നും അതിരൂപത ആരോപിച്ചു. രേഖ ഒരു വ്യവസായ ഗ്രൂപ്പിന്റെ സര്‍വറില്‍ നിന്നും ലഭിച്ചതാണ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ആദിത്യ എടുക്കുക മാത്രമാണ് ചെയ്തത്. ഇക്കാര്യം ടോണി കല്ലൂക്കാരനോട് ആദിത്യ പറയുക മാത്രമാണ് ഉണ്ടായത്. അല്ലാതെ ടോണി കല്ലൂക്കാരന്‍ പറഞ്ഞിട്ടാണ് രേഖ നല്‍കിയതെന്ന വാദം തെറ്റാണ്. രേഖകളില്‍ ഒരു ബിഷപ്പിന്റെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുന്നതായി അതിരൂപത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com