കാട്ടുപാവല്‍ കൃഷി ചെയ്ത കൊച്ചുമകനെ കഞ്ചാവ് വളര്‍ത്തിയതിന് അറസ്റ്റ് ചെയ്തു; എക്‌സൈസിനെതിരെ പരാതിയുമായി വലിയമ്മ 

വീട്ടില്‍ നിന്നും പിടിച്ചെടുത്ത കാട്ടു പാവല്‍ ചെടി കഞ്ചാവാണെന്ന് ആരോപിച്ച് തന്റെ കൊച്ചുമകനെ അറസ്റ്റ് ചെയ്തതതായി വലിയമ്മയുടെ പരാതി
കാട്ടുപാവല്‍ കൃഷി ചെയ്ത കൊച്ചുമകനെ കഞ്ചാവ് വളര്‍ത്തിയതിന് അറസ്റ്റ് ചെയ്തു; എക്‌സൈസിനെതിരെ പരാതിയുമായി വലിയമ്മ 

കോട്ടയം: വീട്ടില്‍ നിന്നും പിടിച്ചെടുത്ത കാട്ടു പാവല്‍ ചെടി കഞ്ചാവാണെന്ന് ആരോപിച്ച് തന്റെ കൊച്ചുമകനെ അറസ്റ്റ് ചെയ്തതതായി വലിയമ്മയുടെ പരാതി. പെരുവ മാവേലിത്തറ എലിയാമ്മ മത്തായിയാണ് എക്‌സൈസിന് എതിരെ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്. 

വീട്ടില്‍ നിന്നും 33 കഞ്ചാവ് ചെടികള്‍ പിടികൂടിയെന്ന പേരില്‍ ചെറുമകനെ എക്‌സൈസ് ജയിലില്‍ അടച്ചെന്നും പിടികൂടിയത് കാട്ടുപാവലാണെന്നുമാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ എക്‌സൈസ് ഇത് നിഷേധിക്കുന്നു. വീട്ടില്‍ നിന്നു പിടികൂടിയ ചെടി കാട്ടുപാവലാണെന്നുളള വലിയമ്മയുടെ പരാതിയില്‍ കഴമ്പില്ലന്ന് എക്‌സൈസ് പറയുന്നു. 

എലിയാമ്മയുടെ കൊച്ചു മകന്‍ മാത്യുസ് റോയി (20) അഞ്ചോളം കേസുകളില്‍ പ്രതിയായിട്ടുണ്ടന്ന് എക്‌സൈസ് പറയുന്നു. വെള്ളൂര്‍, പിറവം സ്‌റ്റേഷനുകളില്‍ കേസുണ്ട്. പിടിച്ചുപറിക്കും അടിപിടിക്കും കേസുകള്‍ ഉണ്ടായിരുന്നു. 

ഇയാളുടെ പേരില്‍ കഞ്ചാവ് ഉപയോഗത്തിനും വില്‍പനയ്ക്കും കേസുകളുണ്ടെന്നും എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളുടെ വീട്ടില്‍ നിന്നു പിടികൂടിയത് കഞ്ചാവ് ചെടികള്‍ തന്നെയാണന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. 

ഇത് പ്രതി സമ്മതിക്കുകയും ചെയ്തു. കഞ്ചാവ് ചെടികള്‍ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എക്‌സൈസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com