രമ്യ അത്ഭുതം സൃഷ്ടിക്കും ; ആലപ്പുഴ ചുവക്കും ; തൃശൂരില്‍ ഫോട്ടോഫിനിഷെന്നും  പ്രവചനം

ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്ജിനും ഇത്തവണ അടിപതറും. ഇവിടെ 47 ശതമാനം വോട്ടോടുകൂടെ യുഡിഎഫിലെ ഡീന്‍ കുര്യാക്കോസ് ജയിക്കും
രമ്യ അത്ഭുതം സൃഷ്ടിക്കും ; ആലപ്പുഴ ചുവക്കും ; തൃശൂരില്‍ ഫോട്ടോഫിനിഷെന്നും  പ്രവചനം

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ഇത്തവണ അത്ഭുതം സൃഷ്ടിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനം. കേരളത്തിലെ പ്രമുഖ മാധ്യമങ്ങളായ മാതൃഭൂമിയും മലയാള മനോരമയും നടത്തിയ അഭിപ്രായ സര്‍വേകളില്‍ ഇടതുകോട്ടയായ ആലത്തൂരില്‍ ഇക്കുറി അട്ടിമറി നടക്കുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. 

ആലത്തൂരില്‍ രമ്യ ഹരിദാസ് 48 ശതമാനം വോട്ടുനേടുമെന്നാണ് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യാ എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. മൂന്നാം വട്ടവും മല്‍സരിക്കാനെത്തിയ സിപിഎമ്മിലെ പി കെ ബിജു 37 ശതമാനം വോട്ടിലേക്ക് ഒതുങ്ങും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി വി ബാബുവിന് 13 ശതമാനം വോട്ടു ലഭിക്കുമെന്നും സര്‍വേ പറയുന്നു. 

ആലത്തൂരില്‍ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടുമെന്നാണ് മനോരമ ന്യൂസിനായി കാര്‍വി ഇന്‍സൈറ്റ്‌സ് നടത്തിയ സര്‍വേ ഫലവും പ്രവചിക്കുന്നത്. അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിയായെത്തിയ രമ്യ ഹരിദാസ്, മികച്ച പ്രചാരണങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതോടൊപ്പം രമ്യക്കെതിരായ എ വിജയരാഘവന്‍ അടക്കമുള്ള ഇടതുനേതാക്കളുടെ കമന്റുകളും ബിജുവിന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. 

ആലപ്പുഴയില്‍ ഇടതുപക്ഷം ഇത്തവണ സീറ്റ് പിടിച്ചെടുക്കുമെന്ന് മാതൃഭൂമി സര്‍വേ പറയുന്നു. എല്‍ഡിഎഫിന്റെ എഎം ആരിഫ് 45 ശതമാനം വോട്ടു നേടിയാണ് ആലപ്പുഴയില്‍ കോട്ട തിരിച്ചുപിടിക്കുക. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് 42 ശതമാനം വോട്ടു ലഭിക്കുമ്പോള്‍, എന്‍ഡിഎയുടെ കെ എസ് രാധാകൃഷ്ണന് 10 ശതമാനം വോട്ടുകളേ ലഭിക്കൂ എന്നും സര്‍വേ പ്രവചിക്കുന്നു. 

ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്ജിനും ഇത്തവണ അടിപതറും. ഇവിടെ 47 ശതമാനം വോട്ടോടുകൂടെ യുഡിഎഫിലെ ഡീന്‍ കുര്യാക്കോസ് ജയിക്കും. ജോയ്‌സ് ജോര്‍ജ്ജ് 39 ശതമാനം വോട്ടിലേക്ക് ഒതുങ്ങും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണന്‍ 12 ശതമാനം വോട്ടിലേക്ക് ചുരുങ്ങുമെന്നും മാതൃഭൂമി സര്‍വേ പ്രവചിക്കുന്നു. 

തൃശൂരില്‍ ഫോട്ടോഫിനിഷെന്നാണ് മനോരമ പ്രചനം. യുഡിഎഫിന്റെ ടി എന്‍ പ്രതാപന്‍, എല്‍ഡിഎഫിന്റെ രാജാജി മാത്യു തോമസ്, ബിജെപിയുടെ സുരേഷ് ഗോപി എന്നിവര്‍ തീപാറുന്ന പോരാട്ടമായിരുന്നു. തൃശൂരില്‍ യുഡിഎഫിന്റെ ടി എന്‍ പ്രതാപന് നേരിയ മുന്‍തൂക്കം ഉണ്ടെന്നാണ് മാതൃഭൂമി പ്രവചിക്കുന്നത്. അതേസമയം രാജാജി മാത്യു തോമസിനാണ് മനോരമ മുന്‍തൂക്കം പ്രവചിക്കുന്നത്.

എറണാകുളത്ത് ഹൈബി ഈഡനും, കോട്ടയത്ത് തോമസ് ചാഴിക്കാടനും, ആറ്റിങ്ങലില്‍ എ സമ്പത്തും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും വിജയിക്കും. അതേസമയം കൊല്ലത്ത് യുഡിഎഫിന്റെ എന്‍ കെ പ്രേമചന്ദ്രനെ പിടിച്ചുകെട്ടാന്‍ സിപിഎമ്മിന്റെ കെ എന്‍ ബാലഗോപാലിന് സാധിക്കില്ലെന്നും മാതൃഭൂമി പ്രവചിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com