ശബരിമല വോട്ടായോ? ബിജെപി ഇരുപതു ശതമാനം കടന്നത് നാലു മണ്ഡലങ്ങളില്‍, ഒറ്റയക്കത്തില്‍ ഒതുങ്ങിയത് മൂന്നിടത്ത്; എക്‌സിറ്റ് പോള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ കേരളത്തില്‍ മുഖ്യ ചര്‍ച്ചാ വിഷയമായിരുന്ന ശബരിമല വിഷയം ഏതു വിധത്തില്‍ പ്രവര്‍ത്തിച്ചെന്ന വിലയിരുത്തലുകള്‍ സജീവമായി
ശബരിമല വോട്ടായോ? ബിജെപി ഇരുപതു ശതമാനം കടന്നത് നാലു മണ്ഡലങ്ങളില്‍, ഒറ്റയക്കത്തില്‍ ഒതുങ്ങിയത് മൂന്നിടത്ത്; എക്‌സിറ്റ് പോള്‍

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ കേരളത്തില്‍ മുഖ്യ ചര്‍ച്ചാ വിഷയമായിരുന്ന ശബരിമല വിഷയം ഏതു വിധത്തില്‍ പ്രവര്‍ത്തിച്ചെന്ന വിലയിരുത്തലുകള്‍ സജീവമായി. സംസ്ഥാനത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കുമെന്ന് ഏറെക്കുറെ എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത് ശബരിമല വിഷയം വോട്ടായി മാറിയെന്നതിന്റെ സൂചയാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ബിജെപിയുടെ വോട്ടു വിഹിതത്തില്‍ സ്വാഭാവിക വര്‍ധന മാത്രമാണുള്ളതെന്നും രണ്ടോ മൂന്നോ മണ്ഡലങ്ങളില്‍ മാത്രമാണ് ശബരിമല സ്വാധീനമായിട്ടുള്ളതെന്നുമാണ് മറുവിഭാഗം പറയുന്നത്.  

തെരഞ്ഞെടുപ്പു വിഷയമാക്കരുതെന്ന് സംസ്ഥാന മുഖ്യ ഇലക്ടറല്‍ ഓഫിസര്‍ നിര്‍ദേശിച്ചിരുന്നെന്നും ശബരിമല തന്നെയായിരുന്നു ഈ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം. ഇത് എങ്ങനെ സ്വാധീനിച്ചു എന്നാണ് എക്‌സിറ്റ് പോള്‍ വന്നതോടെ വിലയിരുത്തപ്പെടുന്നത്. ദേശീയ ചാനലുകള്‍ ഉള്‍പ്പെടെ നടത്തിയ എക്‌സിറ്റ് പോളുകളില്‍ സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിക്കുന്നുണ്ട്. ഇത് ശബരിമല വോട്ടായി മാറിയതിനു തെളിവാണെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. എന്നാല്‍ നേരത്തെ തന്നെ ബിജെപി ശക്തി തെളിയിച്ച തിരുവനന്തപുരത്ത് വിജയിക്കുന്നത് എങ്ങനെ ശബരിമലയുടെ അക്കൗണ്ടില്‍ പെടുത്താനാവുമെന്ന് എതിരാളികള്‍ ചോദിക്കുന്നു.

സംസ്ഥാനത്ത് നടത്തിയ എക്‌സിറ്റ് പോളുകളില്‍ മണ്ഡലം തിരിച്ച് ഓരോ മുന്നണിയുടെയും വോട്ടു വിഹിതം പ്രവചിച്ചിട്ടുള്ളത് മാതൃഭൂമി ന്യൂസ് ആണ്. അവരുടെ പ്രവചനം അനുസരിച്ച് നാലു മണ്ഡലങ്ങളിലാണ് ബിജെപിയുടെ വോട്ടു വിഹിതം ഇരുപതു ശതമാനത്തിനു മുകളില്‍ പോവുന്നത്. ബിജെപിക്കു ജയം പ്രവചിക്കുന്ന തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ 37 ശതമാനം വോട്ടു നേടുമെന്നാണ് പ്രവചനം. ശബരിമല പ്രക്ഷോഭത്തിന്റെ കേന്ദ്രസ്ഥാനമായ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന് 31 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. ഇവിടെ സുരേന്ദ്രന്‍ യുഡിഎഫിന്റെ ആന്റോ ആന്റണിക്കു പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. 

തൃശൂരും പാലക്കാടുമാണ് ബിജെപി വോട്ടു വിഹിതം 20 കടക്കുമെന്ന് പ്രവചിക്കുന്ന മറ്റു രണ്ടു മണ്ഡലങ്ങള്‍. തൃശൂരില്‍ സുരേഷ് ഗോപി 23ഉം പാലക്കാട് സി കൃഷ്ണകുമാര്‍ 29ഉം ശതമാനം വോട്ടുനേടുമെന്നാണ് പ്രവചനം. 23 ശതമാനം വോട്ടു നേടുമെങ്കിലും ടിഎന്‍ പ്രതാപനും രാജാജി മാത്യു തോമസിനും പിന്നില്‍ മൂന്നാമതായിരിക്കും സുരേഷ് ഗോപി എന്നാണ് സര്‍വേ പറയുന്നത്. 41 ശതമാനം വോട്ടു നേടി വിജയിക്കുന്ന എംബി രാജേഷിനു പിന്നില്‍ കൃഷ്ണകുമാര്‍ രണ്ടാമത് എത്തുമെന്നും പോള്‍ പറയുന്നു.

കാസര്‍കോട് ആണ് ബിജെപി വോട്ടു വിഹിതം കൂടുന്ന മറ്റൊരു മണ്ഡലം. ഇവിടെ രവീശതന്ത്രി കുണ്ടാര്‍ പതിനെട്ടു ശതമാനം വോട്ടു നേടുമെന്ന് എക്‌സിറ്റ് പോള്‍ പറയുന്നു. എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനം 17 ശതമാനവും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്‍ പതിനാറു ശതമാനവും വോട്ടു നേടുമെന്നാണ് പ്രവചനം.

കണ്ണൂര്‍ സികെ പദ്മനാഭന്‍ പതിമൂന്നു ശതമാനം, വടകര വികെ സജീവന്‍ 9 ശതമാനം, വയനാട് തുഷാര്‍ വെള്ളാപ്പള്ളി പന്ത്രണ്ടു ശതമാനം, കോഴിക്കോട് പ്രകാശ് ബാബു 11 ശതമാനം, പൊന്നാനി വിടി രമ 11 ശതമാനം, മലപ്പുറത്ത് വി ഉണ്ണികൃഷ്ണന്‍ എട്ടു ശതമാനം, ആലത്തൂര്‍ ടിവി ബാബു 13 ശതമാനം, ചാലക്കുടി എഎന്‍ രാധാകൃഷ്ണന്‍ 12 ശതമാനം, ഇടുക്കി ബിജു കൃഷ്ണന്‍ 12 ശമതാനം, ആലപ്പുഴ കെഎസ് രാധാകൃഷ്ണന്‍ 10 ശതമാനം, മാവേലിക്കര തഴവ സഹദേവന്‍ 9 ശതമാനം, കൊല്ലം സാബു വര്‍ഗീസ് 12 ശതമാനം എന്നിങ്ങനെയാണ് മറ്റു എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ വോട്ടു വിഹിതം. 

വടക്കന്‍ കേരളത്തില്‍ യുഡിഎഫ് 44 ശതമാനവും എല്‍ഡിഎഫ് 38 ശതമാനവും വോട്ടു നേടുമ്പോള്‍ എന്‍ഡിഎ വോട്ടു വിഹിതം 14 ശതമാനം ആയിരിക്കുമെന്ന് പോള്‍ പറയുന്നു. മധ്യകേരളം യുഡിഎഫ് 45, എല്‍ഡിഎഫ് 37, എന്‍ഡിഎ 15 എന്നിങ്ങനെയാണ് വോട്ടു നില.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എന്‍ഡിഎ പതിനാറു ശതമാനത്തിന് അടുത്ത് വോട്ടു നേടിയിരുന്നു. ഇതില്‍നിന്നു കാര്യമായ വര്‍ധന കാണിക്കുന്നത് നാലു മണ്ഡലങ്ങളില്‍ മാത്രമാണ്. ശബരിമല കാര്യമായി പ്രതിഫലിക്കേണ്ട മാവേലിക്കര പോലെയുള്ള തെക്കന്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ എന്‍ഡിഎ വോട്ടു വിഹിതം ഒറ്റയക്കത്തില്‍ ഒതുങ്ങി. എക്‌സിറ്റ് പോളില്‍ പറയുന്ന ഇതേ വോട്ടുനിലയാണ് യഥാര്‍ഥ ഫലത്തിലെങ്കില്‍ ശബരിമല എത്രത്തോളം വോട്ടായി മാറിയെന്നത് സംശയകരമാണെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com