ടിസി നല്‍കണമെങ്കില്‍ ഒരു ലക്ഷം രൂപ: മലപ്പുറത്തെ സ്വകാര്യ സ്കൂളിനെതിരെ മുഖ്യമന്ത്രിക്ക് പരാതി 

മലപ്പുറം എടക്കരയിലെ ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരെയാണ് പരാതി
ടിസി നല്‍കണമെങ്കില്‍ ഒരു ലക്ഷം രൂപ: മലപ്പുറത്തെ സ്വകാര്യ സ്കൂളിനെതിരെ മുഖ്യമന്ത്രിക്ക് പരാതി 

മലപ്പുറം: സ്കൂൾ മാറ്റത്തിന് വേണ്ട ടിസി നല്‍കാൻ വിദ്യാർത്ഥികളോട് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട സ്വകാര്യ സ്കൂളിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നല്‍കി. മലപ്പുറം എടക്കരയിലെ ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരെയാണ് പരാതി. അടുത്ത തിങ്കളാഴ്ച ചേരുന്ന സിറ്റിംഗില്‍ വിഷയം പരിഗണിക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചിട്ടുണ്ട്. 

പത്താം ക്ലാസ് വിജയിച്ച ശേഷം പ്ലസ് വണ്‍ പ്രവേശനത്തിനായി മറ്റ് സ്‌കൂളുകളില്‍ ചേരാന്‍ ആഗ്രഹിച്ച വിദ്യാര്‍ഥികളുടെ ടിസിയാണ് മാനേജുമെന്റ് തടഞ്ഞുവച്ചത്. പ്ലസ് വണ്‍, പ്ലസ് ടു സീറ്റുകളിലെ കോഴ്സ് ഫീയായ ഒരു ലക്ഷം രൂപ അടച്ചാലെ എസ്എസ്എല്‍സി കഴിഞ്ഞ കുട്ടികള്‍ക്ക് ടിസി നല്‍കൂ എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗുഡ് ഷെപ്പേര്‍ഡ് സ്കൂള്‍ മാനേജ്മെന്റ്. ടിസി നല്‍കാത്തതില്‍ പ്രതിഷേധിച്ച് എട്ട് വിദ്യാര്‍ഥികളും മാതാപിതാക്കളും ശിശുക്ഷേമ സമിതി പരാതി നല്‍കിയിരുന്നു. 

സ്കൂൾ മാനേജ്മെന്റിനെതിരെയുള്ള വിദ്യാർത്ഥികളുടെയും രക്ഷിതാക്കലുടെയും പ്രതിഷേധം ശക്തമാവുകയാണ്. ടിസി നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രിൻസിപ്പലിനെ ഉപരോധിച്ചു. ടിസിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ വീശദീകരണം നല്‍കാൻ തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു ഉപരോധം. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയത്. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന ശിശുക്ഷേമ സമിതിയുടെ സിറ്റിംഗില്‍ വിഷയം പരിഗണനയ്ക്ക് വന്നു. അടുത്ത തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇരു കക്ഷികൾക്കും നോട്ടീസ് അയച്ചു.

സ്കൂളിൽ ചേരുമ്പോൾ തന്നെ ഇങ്ങനെയൊരു നിയമം ഉണ്ടെന്നാണ് സ്കൂൾ മാനേജുമെന്റ് വാദിക്കുന്നത്. വിദ്യാർഥികളും മാതാപിതാക്കളും ഇതിൽ ഒപ്പിട്ടിട്ടുണ്ടെന്നും ടിസി ലഭിക്കണമെങ്കിൽ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കുകയോ അല്ലെങ്കിൽ ഇതിനെതിരെ കോടതിയെ സമീപിച്ച് അനുകൂല വിധിയുമായി വരികയോ ചെയ്യണമെന്നാണ് ആരോപണങ്ങളോട് മാനേജുമെന്റ് പ്രതികരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com