ദോഷകരമായ വാതകം ശ്വസിച്ച് ജീവനു ഭീഷണി: ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ യാത്രക്കാരുമായി പമ്പില്‍ കയറരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ യാത്രക്കാരുമായി പെട്രോള്‍ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ യാത്രക്കാരുമായി പെട്രോള്‍ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ഗതാഗത വകുപ്പ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ അംഗം പി. മോഹന്‍ദാസ് നിര്‍ദ്ദേശം നല്‍കിയത്.  പൊതുതാത്പര്യം മുന്‍നിര്‍ത്തി വളപട്ടണം സ്വദേശി മുജീബ് റഹ്മാന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 

യാത്രാമധ്യേ ബസുകള്‍ ഇന്ധനം നിറയ്ക്കാന്‍ പമ്പുകളില്‍ നിര്‍ത്തിയിടുന്നതു കാരണം ദോഷകരമായ വാതകം ശ്വസിച്ച് യാത്രക്കാരുടെ ജീവനു ഭീഷണിയുണ്ടാവുമെന്നാണ് പരാതി. പമ്പില്‍ നിര്‍ത്തുന്ന ബസിനുള്ളില്‍ യാത്രക്കാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് കാരണം അപകടസാധ്യതയുണ്ടെന്നും പരാതിയില്‍ പറയുന്നു. കമ്മീഷന്‍ ഗതാഗത വകുപ്പു കമ്മീഷണറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. 

നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ യാക്ക്രാരുമായി പോകുന്ന ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇത് പാലിക്കാറില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com