പാതിരാത്രി ഓട്ടോയില്‍ കയറി: കാശ് ചോദിച്ചപ്പോള്‍  ഡ്രൈവറെ ഇതര സംസ്ഥാന തൊഴിലാളികള്‍ പുഴയിലെറിഞ്ഞു

ഓട്ടോഡ്രൈവറെ ഇതര സംസ്ഥാന തൊഴിലാളികള്‍ പുഴയിലെറിഞ്ഞു.ആക്ഷന്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങള്‍ക്കൊടുവില്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
പാതിരാത്രി ഓട്ടോയില്‍ കയറി: കാശ് ചോദിച്ചപ്പോള്‍  ഡ്രൈവറെ ഇതര സംസ്ഥാന തൊഴിലാളികള്‍ പുഴയിലെറിഞ്ഞു

വരാപ്പുഴ: ഓട്ടോഡ്രൈവറെ ഇതര സംസ്ഥാന തൊഴിലാളികള്‍ പുഴയിലെറിഞ്ഞു.
ആക്ഷന്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങള്‍ക്കൊടുവില്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം വരാപ്പുഴയിലാണ് സംഭവം നടന്നത്. എളമക്കര സ്വദേശി ബെനഡിക്ട് ഇടപ്പള്ളിയില്‍നിന്ന് പത്രക്കെട്ടുകള്‍ എടുക്കാനായി പോകുന്നതിനിടെയാണ് പേടിപ്പെടുത്തുന്ന സംഭവങ്ങളുണ്ടായത്. 

സംഭവത്തെക്കുറിച്ച് ബെനഡിക്ട് ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ: വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടര മണിയായിട്ടുണ്ടാകും. ഇടപ്പള്ളി കുന്നുംപുറം പാലത്തിനു സമീപം നാല് ചെറുപ്പക്കാര്‍ ഓട്ടോയ്ക്ക് കൈ കാണിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണെന്നു മനസ്സിലായി. അവര്‍ക്ക് വരാപ്പുഴ ഭാഗത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. പത്രക്കെട്ട് എടുക്കാന്‍ പോകുകയാണെന്നും വേറേ ഓട്ടോ നോക്കണമെന്നും പറഞ്ഞെങ്കിലും അവര്‍ പിന്മാറിയില്ല.

അത്യാവശ്യമാണെന്നു പറഞ്ഞതിനാല്‍ അവരെ വാഹനത്തില്‍ കയറ്റി. ഒരാള്‍ ഡ്രൈവര്‍ സീറ്റിലും മറ്റുള്ളവര്‍ പിന്‍സീറ്റിലും ഇരുന്നു. വരാപ്പുഴ തിരുമുപ്പം ഭാഗത്ത് ഇറക്കണമെന്ന് ആവശ്യപ്പെട്ടു.

ചാര്‍ജ് ചോദിച്ചപ്പോള്‍ 200 രൂപ ആകുമെന്ന് പറഞ്ഞു. ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ ജങ്ഷന്‍ എത്തിയപ്പോള്‍ അവര്‍ തര്‍ക്കം ഉന്നയിച്ചു. 100 രൂപയില്‍ കൂടുതല്‍ തരില്ലെന്നായി. വാക്കുതര്‍ക്കമായി. ഭീഷണിയിലേക്ക് കാര്യങ്ങള്‍ മാറി.

വരാപ്പുഴ പാലം അടുക്കാറായപ്പോള്‍ പിറകിലുണ്ടായിരുന്ന തടിച്ചയാള്‍ കഴുത്തിനു പിടിച്ചു. വണ്ടി നിര്‍ത്താന്‍ പറഞ്ഞു. എന്നാല്‍, നിര്‍ത്താതെ മുന്നോട്ടു പോയി. അപ്പോഴേക്കും പാലത്തിന്റെ നടുവില്‍ എത്തി. മുന്‍ സീറ്റില്‍ ഇരുന്നയാള്‍ താക്കോല്‍ ഊരി. അതോടെ വണ്ടി നിന്നു. തുടര്‍ന്ന് നാലുപേരും ചേര്‍ന്ന് പിടിച്ചുവലിച്ച് പാലത്തിന്റെ നടുവിലായുള്ള കൈവരിയില്‍ ചേര്‍ത്തുനിര്‍ത്തി. പോക്കറ്റില്‍ നിന്ന് പഴ്‌സ് പിടിച്ചെടുത്തു. കാലുകളില്‍ പിടിച്ച് പൊക്കി പുഴയിലേക്ക് തള്ളിയിട്ടു.

എല്ലാം അവസാനിച്ചെന്നു കരുതി.നീന്തലും അറിയില്ല. പുഴയിലേക്ക് താഴ്ന്ന് പോയി... എങ്ങനെയോ സര്‍വ ശക്തിയുമെടുത്ത് മുകളിലേക്ക് ആഞ്ഞു കുതിച്ചു. തൊട്ടടുത്ത് പാലത്തിന്റെ തൂണ്‍ കണ്ടു. ഒരു കണക്കിന് തൂണില്‍ പിടിത്തം കിട്ടി. അലമുറയിട്ട് കരഞ്ഞു. ആരു കേള്‍ക്കാന്‍! അര മണിക്കൂറിലധികം ഒച്ചത്തില്‍ നിലവിളിച്ചുകൊണ്ടേയിരുന്നു. മറുകരയില്‍ ഏലൂര്‍ ഭാഗത്ത് ചീനവലയില്‍ ഉണ്ടായിരുന്നയാള്‍ നിലവിളി കേട്ട് അടുത്തേക്കെത്തി. മദ്യപിച്ച് പുഴയില്‍ വീണതാണെന്നാണ് അയാള്‍ കരുതിയത്. തിരിച്ചുപോയി മറ്റൊരാളെയും കൂട്ടിവന്ന് വഞ്ചിയില്‍ രക്ഷപ്പെടുത്തുകയായിരുന്നു.

എല്ലാം ഒരു ദുഃസ്വപ്നം പോലെയെന്ന് ബെനഡിക്ട്. തൊട്ടടുത്ത ദിവസം തന്നെ എളമക്കര പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. വരാപ്പുഴ സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരില്‍ ഒരാളെ തിരിച്ചറിയാം എന്ന് ബെനഡിക്ട് പറഞ്ഞു.

15 വര്‍ഷത്തിലേറെയായി ഓട്ടോറിക്ഷ ഓടിച്ചാണ് 56 കാരനായ ബെനഡിക്ട് ഭാര്യയും രണ്ട് കുട്ടികളും ഉള്‍പ്പെടുന്ന കുടുംബത്തെ പോറ്റുന്നത്. കേസ് അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com