170 രോഗങ്ങള്‍ക്ക് ഒറ്റമരുന്ന് ;' സിദ്ധൗഷധവുമായി ' സര്‍വീസ് വിട്ട ഐഎഎസ് ഉദ്യോഗസ്ഥന്‍; കേസ്, നിരീക്ഷണം

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മരുന്ന് വില്‍പ്പന നടത്തുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ പേട്ട് മുനിലക്കപ്പ രാജു ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്
170 രോഗങ്ങള്‍ക്ക് ഒറ്റമരുന്ന് ;' സിദ്ധൗഷധവുമായി ' സര്‍വീസ് വിട്ട ഐഎഎസ് ഉദ്യോഗസ്ഥന്‍; കേസ്, നിരീക്ഷണം

കാസര്‍കോട്: 170  രോഗങ്ങള്‍ക്ക് ഒറ്റ മരുന്ന് എന്ന അവകാശവാദവുമായി ഐഎഎസ് വിട്ട മുന്‍ ഉദ്യോഗസ്ഥന്‍. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നേരിട്ടതിനെ തുടര്‍ന്ന് ഐഎഎസ് വിട്ട ഉദ്യോഗസ്ഥനാണ് വ്യക്ക സംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പെടെ ഗുരുതര രോഗങ്ങള്‍ക്ക് സിദ്ധൗഷധം കണ്ടെത്തി എന്ന് അവകാശപ്പെട്ട് ചികിത്സ നടത്തുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മരുന്ന് വില്‍പ്പന നടത്തുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ പേട്ട് മുനിലക്കപ്പ രാജു ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. 30 വര്‍ഷത്തെ ഗവേഷണ ഫലമായാണ് വിവിധ രോഗങ്ങള്‍ക്കുളള സിദ്ധൗഷധം കണ്ടെത്തിയത് എന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം.

1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു മുനിലക്കപ്പ രാജു. ബീഹാറില്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നതിനിടെ 2018ലാണ് അദ്ദേഹം ഐഎഎസ് വിട്ടത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ടു കേസില്‍ അദ്ദേഹം പ്രതിയായിരുന്നു. ഇതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ കഴിയുന്ന സമയത്താണ് ഇദ്ദേഹം സര്‍വീസ് ഉപേക്ഷിച്ചത്. തുടര്‍ന്ന് പൈല്‍സ്, ആസ്തമ, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് സിദ്ധൗഷധം കണ്ടെത്തി എന്ന് അവകാശപ്പെട്ട് മെഡിക്കല്‍ ക്യാമ്പ് നടത്തി വരികയായിരുന്നു.മിറാക്കിള്‍ ഡ്രിംഗ് എന്നാണ് കഷായത്തിന് അദ്ദേഹം നല്‍കിയിരുന്ന പേര്. 5000 രൂപയാണ് ഒരു കഷായത്തിന് അദ്ദേഹം ഈടാക്കിയിരുന്നത്.

കഴിഞ്ഞ ദിവസം കാസര്‍കോട് കാഞ്ഞങ്ങാട് രാജു നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനയ്ക്കായി ഡ്രഗ് ഇന്‍സ്‌പെക്ടര്‍ അടങ്ങുന്ന സംഘം എത്തിയതോടെയാണ് ഇദ്ദേഹം നിരീക്ഷണത്തിലാണ് എന്ന കാര്യം പുറംലോകമറിഞ്ഞത്. മുറിവൈദ്യം നടത്തുന്നവരെ തടയാന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ പ്രതിനിധികളും പരിശോധന സംഘത്തിനൊടൊപ്പം ഉണ്ടായിരുന്നു. ഇതിനിടയില്‍ രാജു സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞതായി ആന്റി ക്വാക്കറി കമ്മിറ്റിയുടെ ചെയര്‍മാനായ ടി പത്മനാഭന്‍ പറഞ്ഞു. അതേസമയം മിറാക്കിള്‍ ഡ്രിംഗ്് എന്ന പേരില്‍ കഷായത്തിന്റെ വില്‍പ്പന നടത്തിയ പ്രാദേശിക ഡീലറിന്റെ പേരില്‍ ഡ്രഗ്‌സ് ആന്റ് മാജിക് റെമഡിസ് ആക്ട് അനുസരിച്ച് ഡ്രഗ്‌സ് വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല എന്ന്് ടി പത്മനാഭന്‍ ആരോപിച്ചു. ആരോഗ്യരംഗത്തെ ഇത്തരം തട്ടിപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഐഎഎസ് പദവി ദുരുപയോഗം ചെയ്തായിരുന്നു രാജു മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നതെന്ന് ആയുര്‍വേദ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഡോക്ടര്‍ആദീഷ് സുന്ദര്‍ പറഞ്ഞു. സിദ്ധൗഷധം ഉപയോഗിച്ചതിനെ തുടര്‍ന്ന് തന്റെ അച്ഛന്റെ വ്യക്ക സംബന്ധമായ രോഗം ഭേദമായതായി കാണിച്ചുകൊണ്ടുളള യൂട്യൂബ് വീഡിയോയും രാജു വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. മിറാക്കിള്‍ ഡ്രിംഗ് എന്ന പേരിലുളള കഷായം ബംഗലൂരുവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ കീഴിലുളള ആയുഷ് വകുപ്പും ഡ്രിംഗിന് അംഗീകാരം നല്‍കിയിട്ടുണ്ട്.  എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ സുന്ദര്‍ പറഞ്ഞു. ഇതിന്റെ ഗുണഫലങ്ങളെ കുറിച്ച് ഇപ്പോള്‍ പരിശോധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com