കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങിമരിച്ച സംഭവം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ 

മണര്‍കാട് പൊലീസ് സ്റ്റേഷനിലെ സിപിഒ സെബാസ്റ്റ്യൻ വർ​​ഗ്​ഗീസ്, എഎസ്ഐ പ്രസാദ് എന്നിവർക്കാണ് സസ്പെൻഷൻ
കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങിമരിച്ച സംഭവം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ 

കോട്ടയം: കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങിമരിച്ച സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യ‌ോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. മണര്‍കാട് പൊലീസ് സ്റ്റേഷനിലെ സിപിഒ സെബാസ്റ്റ്യൻ വർ​​ഗ്​ഗീസ്, എഎസ്ഐ പ്രസാദ് എന്നിവർക്കാണ് സസ്പെൻഷൻ. മണര്‍കാട് സ്വദേശി നവാസ് ( 27) ആണ് മരിച്ചത്. ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് ബഹളം വെയ്ക്കുകയും മര്‍ദിക്കുകയും ചെയ്തെന്നായിരുന്നു ബന്ധുക്കളുടെ പരാതി. രാത്രിമുഴുവന്‍ സ്റ്റേഷനില്‍ ഇരുത്തിയ നവാസിനെ രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. 

ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ നവാസ് അരമണിക്കൂറിന് ശേഷവും വാതില്‍ തുറന്നില്ല. തുടര്‍ന്ന് സംശയം തോന്നി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോള്‍ നവാസിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം നവാസിന്റെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ച് രംഗത്തുവന്നു. പൊലീസ് കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് സംഭവത്തില്‍  പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചു. അതേസമയം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. കസ്റ്റഡിമരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com