രണ്ടുദിവസം മദ്യനിരോധനം എന്ന പ്രചാരണം തെറ്റ്; ഡ്രൈ ഡേ നാളെ മാത്രം 

സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും 21 ചൊവ്വാഴ്ച വൈകിട്ട് മുതൽ അടയ്ക്കുമെന്നായിരുന്നു പ്രചരണം
രണ്ടുദിവസം മദ്യനിരോധനം എന്ന പ്രചാരണം തെറ്റ്; ഡ്രൈ ഡേ നാളെ മാത്രം 

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടുദിവസം മദ്യവിൽപനശാലകൾ അവധിയായിരിക്കുമെന്ന പ്രചാരണം തെറ്റ്. വോട്ടെണ്ണൽ ദിവസമായ 23നു മാത്രമായിരിക്കും സംസ്ഥാനത്ത് ഡ്രൈ ഡേ എന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. നേരത്തെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും 21 ചൊവ്വാഴ്ച വൈകിട്ട് മുതൽ അടയ്ക്കുമെന്നായിരുന്നു പ്രചരണം. 

ഇതുസംബന്ധിച്ച് നിരവധിപ്പേർ സംശയനിവാരണത്തിനായി സമീപിച്ചതിന് പിന്നാലെയാണ് വ്യക്തത വരുത്തി അധികൃതരുടെ വിശദീകരണം.  വോട്ടെണ്ണൽ ദിവസം മദ്യശാലകൾ അവധിയായിരിക്കുമെന്നത് നേരത്തെ തീരുമാനിച്ചതാണെന്നും അതിൽ മാറ്റങ്ങൾ ഒന്നും ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. 

ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന വോട്ടെണ്ണല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെങ്ങും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു.  

22,640 പൊലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ദിവസം ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിരിക്കുന്നത്.  ഇവരില്‍ 111 ഡി.വൈ.എസ്.പിമാരും 395 ഇന്‍സ്‌പെക്ടര്‍മാരും 2632 എസ്‌ഐ/എഎസ്‌ഐമാരും ഉള്‍പ്പെടുന്നു. കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 പൊലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും.
          
എല്ലാ ജില്ലകളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.  െൈക്ര ബ്രാഞ്ച്, സ്‌പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയ സ്‌പെഷ്യല്‍ യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും ആവശ്യമുള്ള പക്ഷം ഡ്യൂട്ടിക്ക് നിയോഗിക്കുന്നതാണ്. പ്രശ്‌നബാധിതപ്രദേശങ്ങളില്‍ അധികമായി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് മേഖലയിലും എത്തിച്ചേരാന്‍  വാഹനസൗകര്യവും  ഏര്‍പ്പാടാക്കി. ആവശ്യമെങ്കില്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com