സെഞ്ചുറിയടിച്ചിട്ടും ടീം തോറ്റ ബാറ്റ്‌സ്മാന്റെ നിരാശയിലാണ് ഞാന്‍ ; വിഷമം മറച്ച് വയ്ക്കാതെ ശശി തരൂര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd May 2019 05:12 PM |
Last Updated: 23rd May 2019 05:12 PM | A+A A- |
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മികച്ച ലീഡ് നിലനിര്‍ത്തുമ്പോഴും കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് നേരിട്ട തിരിച്ചടിയില്‍ ശശിതരൂര്‍ നിരാശനാണ്. സെഞ്ചുറിയടിച്ചിട്ടും ടീം തോറ്റാല്‍ ബാറ്റ്‌സ്മാനുണ്ടാകുന്ന വിഷമം തനിക്കുണ്ടെന്ന് തരൂര്‍ മറച്ചുവച്ചില്ല. 72 ശതമാനം വോട്ടുകളും എണ്ണിത്തീരുമ്പോള്‍ മുന്നിലാണ് എന്നത് ദേശീയ തലത്തിലെ കോണ്‍ഗ്രസിന്റെ അവസ്ഥ വച്ച് നോക്കുമ്പോള്‍ സന്തോഷം പകരുന്നതല്ലെന്നും തരൂര്‍ പറഞ്ഞു.
ഇത് മൂന്നാം തവണയാണ് തിരുവനന്തപുരത്ത് നിന്നും എംപിയായി ശശി തരൂര്‍ പാര്‍ലമെന്റിലേക്ക് എത്തുന്നത്. കഴിഞ്ഞ തവണ 48,731 വോട്ടുകളുടെ ഭൂരിപക്ഷമാണ് തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയെക്കാള്‍ നേടിയതെങ്കില്‍ മുപ്പത് ശതമാനം വോട്ടുകള്‍ എണ്ണാന്‍ ശേഷിക്കുമ്പോള്‍ ഭൂരിപക്ഷം 50,000 കടന്നിട്ടുണ്ട്.
വോട്ടെണ്ണല്‍ അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ ശശിതരൂര്‍ 3,67,244 വോട്ടുകളാണ് നേടിയത്. രണ്ടാം സ്ഥാനത്ത് ബിജെപിയുടെ കുമ്മനം രാജശേഖരനാണുള്ളത്. 2,99624 വോട്ടുകളാണ് അദ്ദേഹം ഇതുവരെ നേടിയത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ സി ദിവാകരന്‍ തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്താണ്.