'രാഷ്ട്രീയത്തിനപ്പുറം ചില പരാജയങ്ങള്‍ സന്തോഷിപ്പിക്കുന്നു'

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ വന്‍ ഭൂരിപക്ഷം, കബളിപ്പിക്കപ്പെട്ട പാവം വയനാട്ടുകാരെ കുറിച്ചോര്‍ത്ത് ആശങ്കയുണ്ടാക്കുന്നുണ്ട്
'രാഷ്ട്രീയത്തിനപ്പുറം ചില പരാജയങ്ങള്‍ സന്തോഷിപ്പിക്കുന്നു'


തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയെ വിജയിപ്പിക്കാത്തതില്‍ കേരളത്തിലെ പ്രബുദ്ധ ജനതയോട് നന്ദി പറഞ്ഞ് എഴുത്തുകാരി ശാരദക്കുട്ടി. 'മതമാണ് രാഷ്ട്രീയം' എന്ന കെട്ട കാലത്ത്, ശബരിമല വിഷയം എത്ര വലിയ 'വികാര'മായിരുന്നെങ്കിലും ബിജെപിയെ കേരളത്തില്‍ ഒരിടത്തു പോലും ജയിപ്പിക്കാതിരുന്ന വിവേകത്തിന് നന്ദിയുണ്ട്.

വിശ്വാസവളളിയില്‍ കെട്ടിയിട്ട് ജനതയെ പിന്നോട്ടു നടത്തില്ല എന്ന ഉറച്ച നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനൊപ്പം വീണ്ടും ഉറച്ചു നില്‍ക്കുകയാണ്. അതേസമയം രാഷ്ട്രീയത്തിനപ്പുറം ചില പരാജയങ്ങള്‍ സന്തോഷിപ്പിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ വന്‍ ഭൂരിപക്ഷം, കബളിപ്പിക്കപ്പെട്ട പാവം വയനാട്ടുകാരെ കുറിച്ചോര്‍ത്ത് ആശങ്കയുണ്ടാക്കുന്നുണ്ട് എന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 


'മതമാണ് രാഷ്ട്രീയം' എന്ന കെട്ട കാലത്ത് , BJP ക്കാര്‍ പാടി നടക്കുന്നതു പോലെ ശബരിമല വിഷയം എത്ര വലിയ 'വികാര'മായിരുന്നെങ്കിലും ബി ജെ പി യെ കേരളത്തില്‍ ഒരിടത്തു പോലും ജയിപ്പിക്കാതിരുന്ന വിവേകത്തിന് കേരളത്തിലെ പ്രബുദ്ധ ജനതയോട് നന്ദിയുണ്ട്.

തിരഞ്ഞെടുപ്പിലെ തോല്‍വിയോ ജയമോ അല്ല വിഷയമെന്നും അത് താത്കാലികമാണെന്നും വിശ്വാസവളളിയില്‍ കെട്ടിയിട്ട് തന്റെ ജനതയെ പിന്നോട്ടു നടത്തില്ല എന്നും ഉറച്ച നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനൊപ്പം വീണ്ടും ഉറച്ചു നില്‍ക്കുകയാണ്. നാലു വോട്ടോ നാല്‍പതു സീറ്റോ അല്ല പ്രധാനമെന്നത് എക്കാലത്തേക്കുമുള്ള ഒരു മികച്ച പ്രഖ്യാപനം തന്നെയാണ്.

വിശ്വാസികള്‍ക്കൊപ്പമാണ്, വിശ്വാസമാണ് ജനാധിപത്യത്തെ നിര്‍ണ്ണയിക്കുന്നതെന്ന മട്ടില്‍ വിജയലഹരിയില്‍ മണ്ടത്തരം വിളിച്ചു പറഞ്ഞ ആന്റോ ആന്റണിയുടെ രാഷ്ട്രീയ ബോധത്തോട് സഹതാപമുണ്ട്. ആ വിജയം ആത്യന്തികമായി ഒരു .പരാജയമാണല്ലോ എന്ന സന്തോഷമുണ്ട്.

രാഷ്ട്രീയത്തിനപ്പുറം ചില പരാജയങ്ങള്‍ സന്തോഷിപ്പിക്കുന്നു. അമ്മ പ്രസിഡന്റായിരുന്ന ഇന്നസെന്റിന്റെ പരാജയമാണതിലൊന്ന്. പി.കെ ബിജുവിനോട് എതിര്‍പ്പില്ലെങ്കിലും ആലത്തൂരില്‍ രമ്യ ഹരിദാസിന്റെ വിജയം സന്തോഷിപ്പിക്കുന്നു. ഒരു ദളിത് പെണ്‍കുട്ടി പാര്‍ലമെന്റിലേക്ക് എന്നതാണ് കാരണം. വലിയ അഴിമതിക്കെതിരെ ചിറ്റയം ഗോപകുമാര്‍ ജയിക്കേണ്ടത് ആവശ്യമായിരുന്നു എന്ന ബോധ്യമുണ്ട്.

സ്വന്തം കുടുംബ മണ്ഡലത്തില്‍ അമ്പേ തകര്‍ന്ന രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ വന്‍ ഭൂരിപക്ഷം, കബളിപ്പിക്കപ്പെട്ട പാവം വയനാട്ടുകാരെ കുറിച്ചോര്‍ത്ത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ഇന്‍ഡ്യയൊട്ടാകെയുള്ള ആ ബി ജെ പി തരംഗത്തില്‍ ലവലേശം പെടാതിരുന്ന കേരളം അതുകൊണ്ടു തന്നെ പരാജയപെട്ടിട്ടില്ല എന്ന സന്തോഷമുണ്ട്.

കേന്ദ്രത്തിലെ ഭരണത്തില്‍ കേരളത്തിന് ചെറുവിരല്‍പ്പങ്കു പോലുമില്ല എന്നത് ചെറുതല്ലാത്ത അഭിമാനമാണുണ്ടാക്കുന്നത്.

എസ്.ശാരദക്കുട്ടി
23.5.2019
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com