വയനാട്ടില്‍ ഏറെ പിന്നിലായി തുഷാറിന്റെ മൂന്നാം സ്ഥാനം, തിളങ്ങാനാവാതെ ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍

വയനാട്ടില്‍ ഏറെ പിന്നിലായി തുഷാറിന്റെ മൂന്നാം സ്ഥാനം, തിളങ്ങാനാവാതെ ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍
വയനാട്ടില്‍ ഏറെ പിന്നിലായി തുഷാറിന്റെ മൂന്നാം സ്ഥാനം, തിളങ്ങാനാവാതെ ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍ഡിഎയ്ക്കു കാര്യമായ നേട്ടമുണ്ടാക്കാനാവാതെ പോയ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ സഖ്യകക്ഷിയായ ബിഡിജെഎസിന്റേത് തിളക്കമില്ലാത്ത പ്രകടനം. മത്സരിച്ച നാലു മണ്ഡലങ്ങളില്‍ ഒരിടത്തു മാത്രമാണ് ബിഡിജെഎസിന് ഒരു ലക്ഷം വോട്ടു തികയ്ക്കാനായത്. 

വയനാട്ടില്‍ മത്സരിച്ച ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക്, 67 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കിട്ടിയത് 54,324 വോട്ടാണ്. ഭൂരിപക്ഷം മൂന്നു ലക്ഷത്തിലേക്കു നീങ്ങുന്ന രാഹുല്‍ ഗാന്ധി 4,73,648 വോട്ടു നേടി മുന്നേറ്റം തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള സിപിഐയിലെ പിപി സുനീറിനു നേടാനായത് ഒരു ലക്ഷത്തി എണ്‍പത്തി അയ്യായിരത്തിലേറെ വോട്ടാണ്.

യുഡിഎഫിലെ രമ്യാ ഹരിദാസ് വന്‍ മുന്നേറ്റം കാഴ്ച വച്ച ആലത്തൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി ടിവി ബാബു നേടിയത് 89,198 വോ്ട്ടാണ്. 99.56 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോഴുള്ള കണക്കാണിത്. 

യുഡിഎഫിലെ ഡീന്‍ കുര്യാക്കോസ് ഒരു ലക്ഷത്തി എഴുപത്തി ഒന്നായിരം വോട്ടിനു ജയം നേടിയ ഇടുക്കിയില്‍ ബിഡിജിഎസ് സ്ഥാനാര്‍ഥി ബിജു കൃഷ്ണന്‍ നേടിയത് 78,451 വോട്ട്. ഇവിടെ ഇനി ഒരു ശതമാനത്തില്‍ താഴെ വോട്ടു മാത്രമാണ് എണ്ണാനുള്ളത്. 

മാവേലിക്കരയില്‍ മത്സരിച്ച തഴവ സഹദേവന്‍ മാത്രമാണ് ബിഡിജെഎസ് സ്ഥാനാര്‍ഥികളില്‍ ഒരു ലക്ഷത്തിനു മുകളില്‍ വോട്ടു പിടിച്ചത്. കൊടിക്കുന്നില്‍ സുരേഷ് മെച്ചപ്പെട്ടപ്രകടനം ആവര്‍ത്തിച്ച തെരഞ്ഞെടുപ്പില്‍ സിപിഐയിലെ ചിറ്റയം ഗോപകുമാറാണ് രണ്ടാമത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com