വോട്ടു നിലയിലും താരമായി സുരേഷ് ഗോപി, ബിജെപി വോട്ടു കുത്തനെ കൂടി

വോട്ടു നിലയിലും താരമായി സുരേഷ് ഗോപി, ബിജെപി വോട്ടു കുത്തനെ കൂടി
വോട്ടു നിലയിലും താരമായി സുരേഷ് ഗോപി, ബിജെപി വോട്ടു കുത്തനെ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ വോട്ടു നില കുത്തനെ വര്‍ധിപ്പിച്ച് ബിജെപി. പത്തനംതിട്ടയിലും തൃശൂരുമാണ് ബിജെപി വോട്ടുനില കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വന്‍തോതില്‍ ഉയര്‍ന്നത്. ആറ്റിങ്ങലിലും വോട്ടു വിഹിതത്തില്‍ വന്‍ വര്‍ധന ഉണ്ടായപ്പോള്‍ കഴിഞ്ഞ തവണ രണ്ടാമത് എത്തിയ തിരുവനന്തപുരത്ത് സമാനമായ പ്രകടനം ആവര്‍ത്തിക്കാനും ബിജെപിക്കായി.

പത്തനംതിട്ടയില്‍ മൂന്നു ലക്ഷത്തിനടുത്ത് വോട്ടാണ് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ നേടിയത്. 2,95,543 വോട്ടാണ് 99.79 ശതമാനെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ സുരേന്ദ്രന്റെ പേരിലുള്ളത്. അന്തിമ ഫലത്തില്‍ ഇതില്‍ നേരിയ വര്‍ധനയ്ക്കു കൂടിയാണ് സാധ്യതയുള്ളത്. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ രണ്ടിരട്ടിയോളം വോട്ടുകള്‍ നേടാന്‍ സുരേന്ദ്രനായി. പത്തനംതിട്ടയിലെ ഏഴു ലോക്‌സഭാ മണ്ഡലങ്ങളില്‍ അടൂരില്‍ രണ്ടാം സ്ഥാനത്ത് എത്താനും ബിജെപിക്കു കഴിഞ്ഞു.

സംസ്ഥാനത്ത് മത്സര രംഗത്തെ താരസാന്നിധ്യമായിരുന്ന സുരേഷ് ഗോപി വോട്ടു നേടുന്നതിലും താരമായി. ടിഎന്‍ പ്രതാപനും രാജാജി മാത്യു തോമസിനും പിന്നില്‍ മൂന്നാമതായെങ്കിലും 2,93,822 വോട്ടാണ് സുരേഷ് ഗോപിയുടെ പെട്ടിയില്‍ വീണത്. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ രണ്ടാമതെത്തിയതും സുരേഷ് ഗോപിയാണ്.

86 ശതമാനം വോട്ട് എണ്ണിയപ്പോള്‍ തിരുവനന്തപുരത്ത് രണ്ടാമത് എത്തിയ കുമ്മനം രാജശേഖരന്‍ 2,81,247 വോട്ടാണ് നേടിയിട്ടുള്ളത്. നേമം മണ്ഡലത്തില്‍ ഒന്നാമത്ത എത്താനും വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും കഴക്കൂട്ടത്തും കോവളത്തും രണ്ടാമത് എത്താനും കുമ്മനത്തിനായി. 

ശോഭാ സുരേന്ദ്രന്‍ മത്സരിച്ച ആറ്റിങ്ങല്‍ ആണ് ബിജെപി വോട്ടില്‍ വലിയ വര്‍ധനയുണ്ടായ മറ്റൊരു മണ്ഡലം. 96 ശതമാനം വോട്ട് എണ്ണിയപ്പോള്‍ 2,37,264 വോട്ടാണ് ശോഭാ സുരേന്ദ്രന്‍ നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com