'ശബരിമല'യും തുണച്ചില്ല, ബിജെപിക്കു ബാലികേറാമലയായി വീണ്ടും കേരളം

'ശബരിമല'യും തുണച്ചില്ല, ബിജെപിക്കു ബാലികേറാമലയായി വീണ്ടും കേരളം
'ശബരിമല'യും തുണച്ചില്ല, ബിജെപിക്കു ബാലികേറാമലയായി വീണ്ടും കേരളം

തിരുവനന്തപുരം: രാജ്യമൊട്ടാകെ മോദി തരംഗം ആഞ്ഞു വീശുമ്പോഴും കേരളത്തിലെ ബിജെപിക്ക് ഇക്കുറിയും നേട്ടമുണ്ടാക്കാനായില്ല. പാര്‍ട്ടിയെ തുണയ്ക്കുമെന്ന് വിലയിരുത്തിയിരുന്ന ശബരിമല വിഷയവും വോട്ടായി മാറിയില്ലെന്നാണ് ഫല സൂചനകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് തിരുവനന്തപുരത്ത് രണ്ടാമത് എത്താന്‍ കഴിഞ്ഞതാണ് ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ നേട്ടം. 

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് സീറ്റുകളിലാണ് ബിജെപി ഇത്തവണ പ്രതീക്ഷ വച്ചു പുലര്‍ത്തിയിരുന്നത്. ആറ്റിങ്ങല്‍, കോട്ടയം, കാസര്‍ക്കോട് മണ്ഡലങ്ങളിലും മുന്നേറ്റമുണ്ടാക്കാനാവുമെന്ന് ബിജെപിയും എന്‍ഡിഎ നേതൃയോഗവും വിലയിരുത്തിയിരുന്നു. ഇതില്‍ തിരുവനന്തുപരത്ത് രണ്ടാമത് എത്താന്‍ കഴിഞ്ഞതു മാത്രമാണ് ഇതുവരെ പുറത്തുവന്ന ഫലം അനുസരിച്ച് ബിജെപിക്കുണ്ടായ നേട്ടം. ഇതാവട്ടെ, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ പാര്‍ട്ടി കൈവരിച്ചതുമാണ്.

ഇക്കുറി സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതി മാറ്റിമറിക്കുന്ന തെരഞ്ഞെടുപ്പു ഫലമാണ് പുറത്തുവരികയെന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം. എന്നാല്‍ അന്‍പതു ശതമാനത്തിലേറെ വോട്ടുകള്‍ എണ്ണിക്കഴിയുമ്പോഴും ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത് പതിവു പോലെ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ തന്നെയാണ്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ രണ്ടാമത് എത്തിയെങ്കിലും ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ വട്ടിയൂര്‍ക്കാവിലും നേമത്തും മാത്രമാണ് ബിജെപിക്ക് മുന്നിലെത്താനായത്. 

ശബരിമല പ്രക്ഷോഭത്തിന്റെ കേന്ദ്രമായ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ പ്രചാരണത്തില്‍ വന്‍ മുന്നേറ്റമാണ് നടത്തിയതെങ്കിലും അതു വോട്ടായി മാറിയില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. അറുപതു ശതമാനത്തോളം വോട്ട് എണ്ണിത്തീരുമ്പോള്‍ മുപ്പതിനായിരത്തിലേറെ  വോട്ടുമായി വിജയം ഉറപ്പിച്ച യുഡിഎഫിന്റെ ആന്റോ ആന്റണിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് സുരേന്ദ്രന്‍. ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ അടൂരില്‍ മാത്രമാണ് സുരേന്ദ്രന് രണ്ടാം സ്ഥാനത്തെങ്കിലും എത്താനായത്. 

തൃശൂരില്‍ എഴുപതു ശതമാനത്തോളം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ അറുപതിനായിരത്തിലേറെ ലീഡുമായി ജയം ഉറപ്പിച്ച ടിഎന്‍ പ്രതാപനും രണ്ടാം സ്ഥാനത്തുളള രാജാജി മാത്യു തോമസിനും പിന്നിലാണ്, ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. രണ്ടു ലക്ഷത്തില്‍ താഴെ വോട്ടാണ് ഇതുവരെ സുരേഷ് ഗോപിക്കു നേടാനായത്. നിയമസഭാ മണ്ഡലങ്ങളില്‍ തൃശൂരും ഇരിങ്ങാലക്കുടിയിലും സുരേഷ് ഗോപി രണ്ടാമത് എത്തി.

യുഡിഎഫ് അപ്രതീക്ഷിതമായി വന്‍ മുന്നേറ്റം നടത്തിയ പാലക്കാട്ടും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ബിജെപിക്കായില്ല. എണ്‍പതു ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ഇരുപതിനായിരത്തിലേറെ വോട്ടിന് മുന്നിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി വികെ ശ്രീകണ്ഠന്‍. 1,78,703 വോട്ടാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ ഇതുവരെ നേടിയത്. ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നില്‍പ്പോലും മുന്നിലെത്താന്‍ കൃഷ്ണകുമാറിനായില്ല.

കാസര്‍ക്കോട് 56 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോഴുള്ള കണക്ക് അനുസരിച്ച് മഞ്ചേശ്വരത്തും കാസര്‍ക്കോടും രണ്ടാം സ്ഥാനത്തെത്താന്‍ ബിജെപി സ്ഥാനാര്‍ഥി രവീശ തന്ത്രിക്കായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com