സിപിഎമ്മിന് ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച ; ഒന്ന് രണ്ടാക്കി സിപിഐ

പതിനേഴാം ലോക്‌സഭയില്‍ സിപിഎമ്മിന് ചരിത്രത്തിലെ ഏറ്റവും കുറവ് അംഗബലം മാത്രമാകും ഉണ്ടാകുക
സിപിഎമ്മിന് ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച ; ഒന്ന് രണ്ടാക്കി സിപിഐ

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്. 2004 ല്‍ മികച്ച അംഗബലത്തോടെ, ഒന്നാം യുപിഎ ഭരണത്തെ നിയന്ത്രിച്ചിരുന്ന സിപിഎം ഇത്തവണ ഒരു കൈയുടെ വിരലില്‍ മാത്രം എണ്ണാവുന്ന തരത്തിലേക്ക് ചുരുങ്ങിപ്പോയിരിക്കുന്നു. പതിനേഴാം ലോക്‌സഭയില്‍ സിപിഎമ്മിന് ചരിത്രത്തിലെ ഏറ്റവും കുറവ് അംഗബലം മാത്രമാകും ഉണ്ടാകുക. 

2004 ലാണ് സിപിഎമ്മിന് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കാനായത്. അന്ന് 43 സീറ്റുകള്‍ നേടിയ സിപിഎം മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ ഭരണത്തിന്റെ ചുക്കാന്‍ നിയന്ത്രിച്ചു. എന്നാല്‍ തുടര്‍ന്നു വന്ന തെരഞ്ഞെടുപ്പുകളില്‍ ആ പ്രതാപം നിലനിര്‍ത്താന്‍ സിപിഎമ്മിനായിരുന്നില്ല. 

2009 ല്‍ സിപിഎം 16 ലേക്ക് ചുരുങ്ങി. എന്നാല്‍ 2014 ലെ തെരഞ്ഞെടുപ്പില്‍ സിപിഎം അംഗസംഖ്യ ഒമ്പതിലേക്ക് കൂപ്പുകുത്തി. അത് ഇത്തവണ മൂന്നിലേക്ക് ചുരുങ്ങുകയാണ്. കോയമ്പത്തൂരില്‍ നിന്നും പി ആര്‍ നടരാജന്‍, മധുരയില്‍ എസ് വെങ്കടേശന്‍, ആലപ്പുഴയില്‍ എ എം ആരിഫ് എന്നിവരാണ് ഇത്തവണ സിപിഎം ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് പോകുന്നത്. 

തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി സംഖ്യത്തില്‍ ഏര്‍പ്പെടാനായതാണ് സിപിഎമ്മിനും സിപിഐക്കും ഗുണകരമായത്. സംസ്ഥാനത്ത് അലയടിച്ച ഡിഎംകെ തരംഗത്തില്‍ ഇടതുപാര്‍ട്ടികളും വിജയിക്കുകയായിരുന്നു. നാഗപട്ടണത്തു നിന്നും എം സെല്‍വരാജ്, തിരുപ്പൂരില്‍ നിന്നും കെ സുബ്ബരായന്‍ എന്നിവരാണ് സിപിഐ ടിക്കറ്റില്‍ വിജയിച്ചവര്‍. കഴിഞ്ഞ തവണ തൃശൂരില്‍ നിന്നുള്ള സി എന്‍ ജയദേവന്‍ മാത്രമായിരുന്നു സിപിഐയുടെ പ്രതിനിധി. 

1952 മുതല്‍ സിപിഐ നേടിയ സീറ്റുകള്‍ ഇതാണ്. 1952 ല്‍ 16, 1957 ല്‍ 27, 1962 ല്‍ 29, 1967 ല്‍ 23, 1971 ല്‍ 23, 1977 ല്‍ 07, 1980 ല്‍ 10, 1984 ല്‍ 06, 1989 ല്‍ 12, 1991 ല്‍ 14, 1996 ല്‍ 12, 1998 ല്‍ 09 1999 ല്‍ 04, 2004 ല്‍ 10, 2009 ല്‍ 04, 2014 ല്‍ ഒന്ന് എന്നിങ്ങനെയാണ്. അതേസമയം സിപിഎം ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ നേടിയ സീറ്റുകള്‍ ഇപ്രകാരമാണ്. 1967 ല്‍ 19, 1971 ല്‍ 25, 1977 ല്‍ 22, 1980 ല്‍ 37, 1984 ല്‍ 22, 1989 ല്‍ 33, 1991 ല്‍ 35, 1996 ല്‍ 32, 1998 ല്‍ 32, 1999 ല്‍ 33, 2004 ല്‍ 43, 2009 ല്‍ 16, 2014 ല്‍ 09 എന്നിങ്ങനെയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com