എംബി രാജേഷിന്റെ തോല്‍വിയില്‍ തനിക്ക് പങ്കില്ല; വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് അറിയില്ല: പികെ ശശി

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് ഒരു ചുമതലയും ഉണ്ടായിരുന്നില്ലെന്നും അട്ടിമറിക്ക് കാരണം താനല്ലെന്നും പി കെ ശശി
എംബി രാജേഷിന്റെ തോല്‍വിയില്‍ തനിക്ക് പങ്കില്ല; വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് അറിയില്ല: പികെ ശശി

പാലക്കാട്: പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷിന്റെ തോല്‍വിയില്‍ പങ്കില്ലെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് ഒരു ചുമതലയും ഉണ്ടായിരുന്നില്ലെന്നും അട്ടിമറിക്ക് കാരണം താനല്ലെന്നും പി കെ ശശി പറഞ്ഞു.

എം ബി രാജേഷിന്റെ  തോല്‍വിക്ക് പിന്നില്‍ തന്റെ കരങ്ങളല്ല. മണ്ണാര്‍ക്കാട്ടെ നിയോജക മണ്ഡലത്തില്‍ എം ബി രാജേഷിന് വോട്ട് കുറഞ്ഞതെങ്ങനെയെന്ന് അറിയില്ലെന്നും മണ്ണാര്‍ക്കാട്ടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല തനിക്കായിരുന്നില്ലെന്നും പി കെ ശശി പറഞ്ഞു.  തന്റെ മണ്ഡലമായ ഷൊര്‍ണൂരില്‍ രാജേഷിനായി പ്രവര്‍ത്തിച്ചുവെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. ശക്തമായ അടിത്തറയുള്ള  പാലക്കാട്ടെ അപ്രതീക്ഷിത തോല്‍വിയെക്കുറിച്ച് പാര്‍ട്ടി വിശദമായ പരിശോധന നടത്തുമെന്നും പി കെ ശശി അഭിപ്രായപ്പെട്ടു.

ശശിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതി കേന്ദ്രനേതൃത്വത്തിന് മുന്നില്‍ എത്തിക്കുന്നതില്‍ എംബി രാജേഷിന്റെ ഇടപെടലാണെന്നാണ് ശശിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് പല വിഷയങ്ങളിലും പി കെ  ശശിയും എം ബി രാജേഷും രണ്ട് ചേരിയിലായിരുന്നു. ജില്ലയിലെ ശക്തരായ രണ്ട് നേതാക്കള്‍ തമ്മിലുളള അഭിപ്രായ ഭിന്നതകളും വിയോജിപ്പുകളും ജില്ലാ ഘടകത്തെ പലപ്പോഴും പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു.

ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ നഷ്ടമായതാണ് തോല്‍വിക്ക് കാരണമെന്നായിരുന്നു എം ബി രാജേഷിന്റെ ആദ്യ പ്രതികരണം. ശക്തി കേന്ദ്രമായ ഒറ്റപ്പാലത്തും ഷൊര്‍ണൂരും കോങ്ങാടും പോലും തിരിച്ചടി ഉണ്ടായത് വിശദമായി പരിശോധിക്കുമെന്നും പി കെ ശശി വിഷയം തിരിച്ചടി ആയോ എന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും എംബി രാജേഷ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com