കാരിയര്‍മാരെത്തുമ്പോള്‍ ഡ്യൂട്ടിക്കെത്തും ; പരിശോധനകള്‍ നേരിട്ട് ; സിസിടിവി നിര്‍ണായകമായി ; സ്വര്‍ണ്ണക്കടത്തില്‍ ഒത്താശ നല്‍കിയ കസ്റ്റംസ് സൂപ്രണ്ടും അറസ്റ്റില്‍

സൂപ്രണ്ടോ, ഇദ്ദേഹത്തിന്റെ ബാച്ചിലെ ആളുകളോ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നപ്പോഴാണ് ഭൂരിഭാഗം സ്വര്‍ണ്ണക്കടത്തും നടന്നതെന്ന് ഡിആര്‍ഐ വ്യക്തമാക്കി
കാരിയര്‍മാരെത്തുമ്പോള്‍ ഡ്യൂട്ടിക്കെത്തും ; പരിശോധനകള്‍ നേരിട്ട് ; സിസിടിവി നിര്‍ണായകമായി ; സ്വര്‍ണ്ണക്കടത്തില്‍ ഒത്താശ നല്‍കിയ കസ്റ്റംസ് സൂപ്രണ്ടും അറസ്റ്റില്‍


തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് സൂപ്രണ്ട് ബി രാധാകൃഷ്ണന്‍ അറസ്റ്റില്‍. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്തിന് സൂപ്രണ്ട് ഒത്താശ ചെയ്യുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. 

സൂപ്രണ്ടോ, ഇദ്ദേഹത്തിന്റെ ബാച്ചിലെ ആളുകളോ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നപ്പോഴാണ് ഭൂരിഭാഗം സ്വര്‍ണ്ണക്കടത്തും നടന്നതെന്ന് ഡിആര്‍ഐ വ്യക്തമാക്കി. സ്വര്‍ണക്കടത്തിന്റ മുഖ്യസൂത്രധാരനായ അഡ്വ. ബിജു സ്വര്‍ണം വിറ്റ പഴവങ്ങാടിയിലെ സ്വര്‍ണക്കട ഉടമ ഹക്കീമിന്റെ അക്കൗണ്ടന്റ് റാഷിദിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജുവും സഹായികളായ വിഷ്ണുവും പ്രകാശന്‍ തമ്പിയും സ്വര്‍ണക്കട ഉടമ ഹക്കീമും ഒളിവിലാണ്. ഇവര്‍ക്കായി ലൂക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്. 

വിഷ്ണുവുമായാണ് കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. ഇവര്‍ തമ്മില്‍ ഫോണില്‍ നിരന്തരമായി ബന്ധപ്പെട്ടിരുന്നതായും ഡിആര്‍ഐയ്ക്ക് തെളിവുകള്‍ ലഭിച്ചു. വിമാനത്താവളത്തിലെ ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണക്കടത്ത് നടന്ന സമയത്തെല്ലാം രാധാകൃഷ്ണന്‍ പരിശോധന കേന്ദ്രത്തില്‍ ഉണ്ടായിരുന്നതായി തെളിവു ലഭിച്ചു. റജിസ്റ്ററും ഡ്യൂട്ടി സമയവും പരിശോധിച്ചപ്പോള്‍ ഇതു ശരിയാണെന്ന് ബോധ്യപ്പെട്ടു. 

സ്വര്‍ണ്ണക്കടത്തുകാര്‍ വരുമ്പോള്‍ വിഷ്ണു മുന്‍കൂട്ടി വിവരം സൂപ്രണ്ടിനെ അറിയിക്കും. അപ്പോള്‍ ഡ്യൂട്ടിയിലുള്ളവരെ മാറ്റി രാധാകൃഷ്ണന്‍ നേരിട്ടാണ് ബാഗുകള്‍ പരിശോധിച്ചിരുന്നതും സ്‌കാനിങ് മെഷീനിലൂടെ കടത്തിവിട്ടിരുന്നതും. കടത്തുകാര്‍ സുരക്ഷിതമായി പുറത്തെത്തുമ്പോള്‍ ഇയാളും പരിശോധനാ കേന്ദ്രത്തില്‍ നിന്ന് മാറും. ഡ്യൂട്ടി മാറുമ്പോള്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്ന നിബന്ധന പാലിച്ചിരുന്നില്ലെന്നും ഡിആര്‍ഐ കണ്ടെത്തി.

മെയ് 13നാണ് 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാര്‍ (45), കഴക്കൂട്ടം സ്വദേശി സെറീന(42) എന്നിവരെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്. മസ്‌കറ്റില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ഒമാന്‍ എയര്‍വേയ്‌സിന്റെ വിമാനത്തിലാണ് ഇരുവരും എത്തിയത്. ഇവരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ബിജുവിനെക്കുറിച്ചും കൂട്ടാളികളെക്കുറിച്ചും വിവരം ലഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com