പാലക്കാട്ടെ തോല്‍വിക്ക് പിന്നില്‍ ഗൂഡാലോചന ; പിന്നില്‍ സ്വാശ്രയകോളേജ് മേധാവിയെന്ന് എംബി രാജേഷ്

ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസിലെ പീഡനകഥ അതിന് തെളിവാണ്. അത് കെട്ടിച്ചമച്ച കഥയാണ്. ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിരുന്നു
പാലക്കാട്ടെ തോല്‍വിക്ക് പിന്നില്‍ ഗൂഡാലോചന ; പിന്നില്‍ സ്വാശ്രയകോളേജ് മേധാവിയെന്ന് എംബി രാജേഷ്

പാലക്കാട് : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ തന്റെ തോല്‍വിക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായി ഇടതുസ്ഥാനാര്‍ത്ഥി എം ബി രാജേഷ് ആരോപിച്ചു.  ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസിലെ പീഡനകഥ അതിന് തെളിവാണ്. അത് കെട്ടിച്ചമച്ച കഥയാണ്. ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇല്ലാത്തകാര്യം ഉണ്ടാകണമെങ്കില്‍ ഒരു ഗൂഢാലോചന ഉണ്ടാകണമല്ലോ. ഇതിന് പിന്നില്‍ സ്വാശ്രയ കോളേജ് മേധാവിയാണെന്നും എംബി രാജേഷ് പറഞ്ഞു. 

മണ്ണാര്‍ക്കാട്ടെ വോട്ടു ചോര്‍ച്ചയാണ് തന്റെ തോല്‍വിക്ക് പ്രധാന കാരണമെന്നും എംബി രാജേഷ് പറഞ്ഞു. മണ്ണാര്‍ക്കാട് അപ്രതീക്ഷിതമായ തരത്തില്‍ യുഡിഎഫിന് വോട്ടു ലഭിച്ചു. പട്ടാമ്പിയിലും എല്‍ഡിഎഫിന് കാര്യമായ വോട്ടുചോര്‍ച്ച ഉണ്ടായി. പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് പ്രവര്‍ത്തനങ്ങളില്‍ പിഴവുണ്ടായോ എന്ന് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പറയുന്നത് ശരിയല്ല എന്ന് കരുതുന്നു. എല്ലാ കാര്യങ്ങളും പാര്‍ട്ടി പരിശോധിക്കുമെന്നും രാജേഷ് പറഞ്ഞു. 

പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വി കെ ശ്രീകണ്ഠനോട് 11,000 ലേറെ വോട്ടുകള്‍ക്കാണ് രാജേഷ് പരാജയപ്പെട്ടത്. ഏത് മണ്ഡലം കൈവിട്ടാലും പാലക്കാട് നഷ്ടമാകില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു സിപിഎം നേതൃത്വം. അതേസമയം യുഡിഎഫ് നേതൃത്വം പോലും കണക്കുകൂട്ടാത്ത തരത്തിലുള്ള പ്രകടനമായിരുന്നു ശ്രീകണ്ഠന്‍ കാഴ്ച വെച്ചത്. 23 വര്‍ഷം എല്‍ഡിഎഫ് കാത്ത കോട്ടയാണ് ശ്രീകണ്ഠന്‍ കൈപ്പിടിയിലൊതുക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com