യുഡിഎഫിന്റെ വോട്ടു വിഹിതത്തില്‍ 8 ശതമാനത്തിലേറെ വര്‍ധന ; ബിജെപിയുടെ നേട്ടം അരശതമാനത്തില്‍ ഒതുങ്ങി; തിരിച്ചടി എല്‍ഡിഎഫിന്

ആകെയുള്ള 140 മണ്ഡലങ്ങളില്‍ 123 ഇടത്തും യുഡിഎഫ് ഒന്നാമതെത്തി. എല്‍ഡിഎഫിന് 16 നിയമസഭാ സീറ്റുകളില്‍ മാത്രമേ മുന്നിലെത്താന്‍ കഴിഞ്ഞുള്ളു
യുഡിഎഫിന്റെ വോട്ടു വിഹിതത്തില്‍ 8 ശതമാനത്തിലേറെ വര്‍ധന ; ബിജെപിയുടെ നേട്ടം അരശതമാനത്തില്‍ ഒതുങ്ങി; തിരിച്ചടി എല്‍ഡിഎഫിന്

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തോടെ സംസ്ഥാനത്ത് യുഡിഎഫിന് വോട്ടുവിഹിതത്തിലും കാര്യമായ നേട്ടമുണ്ടാക്കാനായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടുവിഹിതത്തില്‍ യുഡിഎഫിന് 8.64 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. അതേസമയം ബിജെപിക്ക് 0.63 ശതമാനം മാത്രം വോട്ട് വര്‍ധിപ്പിക്കാനാണ് ബിജെപിക്ക് സാധിച്ചത്. എല്‍ഡിഎഫിനാകട്ടെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. വോട്ടുവിഹിതത്തില്‍  8.04 ശതമാനമാണ് കുറഞ്ഞത്. 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ യുഡിഎഫിന് 5.2 ശതമാനം വോട്ടാണ് കൂടിയത്. ഇത് 47.23 ശതമാനമായി. അതേസമയം ഇടതുപക്ഷത്തിന് 6.88% വോട്ട് കുറഞ്ഞ് 35.1 ശതമാനമായി. വോട്ട് വിഹിതത്തില്‍ ബിജെപിയും നേട്ടമുണ്ടാക്കി. 4.74 ശതമാനം വോട്ട് ബിജെപിക്ക് കൂടുതല്‍ ലഭിച്ചു. 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 41.98 ശതമാനം വോട്ടാണ് ലഭിച്ചത്. ഇത് 2019 ല്‍ 47.23 ശതമാനമായാണ് വര്‍ധിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ 38.59 ശതമാനമായി താഴ്ന്നത്, 8.64 ശതമാനം ഉയര്‍ത്താനും യുഡിഎഫിന് സാധിച്ചു. ബിജെപിക്കും വോട്ടു വിഹിതത്തില്‍ വര്‍ധന ഉണ്ടാക്കാനായി. 

2014 ല്‍ ബിജെപിയുടെ വോട്ടുവിഹിതം 10.82 ശതമാനമായിരുന്നു. ഇത് 4.07 ശതമാനം ഉയര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞു. ഇത്തവണ 15.53 ശതമാനമാണ് ബിജെപിയുടെ വോട്ടു വിഹിതം. അതേസമയം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ വര്‍ധനയുമായി താരതമ്യം ചെയ്യുമ്പോള്‍ നിരാശാജനകവുമാണ്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ 14.93 ശതമാനം വോട്ടുണ്ടായിരുന്നത്, 0.63 ശതമാനം മാത്രം വര്‍ധിപ്പിക്കാനാണ് ബിജെപിക്ക് സാധിച്ചത്. 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫിന് 6.88 ശതമാനം വോട്ട് കുറഞ്ഞു. 2014 ല്‍ എല്‍ഡിഎഫിന് ലഭിച്ചത് 40.12 ശതമാനം വോട്ടാണ്. എന്നാല്‍ 2019 ല്‍ ലഭിച്ചതാകട്ടെ 35.10 ശതമാനം മാത്രവും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടുവിഹിതം 8.04 ശതമാനവും കുറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ 43.14 ആയിരുന്നു ഇടതുപക്ഷത്തിന്റെ വോട്ടു വിഹിതം. ഇതാണ് 8.04 ശതമാനം കുറഞ്ഞ് 35.10 ശതമാനത്തിലേക്ക് താഴ്ന്നത്. 

ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് മിന്നും ജയമാണ് സമ്മാനിച്ചത്. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 123 ഇടത്തും യുഡിഎഫ് ഒന്നാമതെത്തി. എല്‍ഡിഎഫിന് 16 നിയമസഭാ സീറ്റുകളില്‍ മാത്രമേ മുന്നിലെത്താന്‍ കഴിഞ്ഞുള്ളു. ഒ രാജഗോപാല്‍ വിജയിച്ച തിരുവനന്തപുരം നേമത്ത് ബിജെപി ലീഡ് നിലനിര്‍ത്തി. സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളില്‍ പത്തൊന്‍പതിലും ഇടതുമുന്നണി പരാജയപ്പെട്ടിരുന്നു. 

രണ്ടുവര്‍ഷത്തിനപ്പുറം നിയമസഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ 140  മണ്ഡലങ്ങളില്‍ 122 എണ്ണത്തിലും എല്‍ഡിഎഫ് പിന്നിലാണ്. അതില്‍ത്തന്നെ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തുമാണ്. ബിജെപിയാണ് ആറിടത്തും സിപിഎമ്മിനേയും ഇടതുമുന്നണിയേയും പിന്തള്ളി രണ്ടാമത്. നേമം മണ്ഡലത്തില്‍ ബിജെപി ഒന്നാംസ്ഥാനത്താണ്. ഇടതുമുന്നണി ലീഡ് നേടിയ അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ വെറും 2000 വോട്ടിന്റെ വ്യത്യാസമേ ബിജെപിയുമായുള്ളു. 

നേമത്തെ ബിജെപിയുടെ ലീഡ് 12,041 വോട്ടാണ്. അവര്‍ അവിടെ നിലയുറപ്പിച്ചു എന്ന് വിലയിരുത്താനാകും. കുമ്മനം രാജശേഖരന്‍ കഴിഞ്ഞതവണ തലനാരിഴയ്ക്ക് തോറ്റ വട്ടിയൂര്‍ക്കാവില്‍ മൂവായിരത്തില്‍ത്താഴെ വോട്ടിന്റെ വ്യത്യാസമേ യുഡിഎഫും ബിജെപിയും തമ്മിലുള്ളു. കഴക്കൂട്ടത്ത് വ്യത്യാസം 1500 വോട്ടില്‍ താഴെയാണ്. സിപിഎം വിജയിച്ച ഏകസീറ്റായ ആലപ്പുഴയിലും അഞ്ച് നിയമസഭാസീറ്റുകള്‍  യുഡിഎഫിനൊപ്പമായിരുന്നു. വോട്ടു വിഹിതത്തിലെ വന്‍ ചോര്‍ച്ചയും ബിജെപിയുടെ വളര്‍ച്ചയും എല്‍ഡിഎഫിന് വന്‍ ഭീഷണിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com