'ആക്ഷേപിക്കാനോ പരിഹസിക്കാനോ ഇല്ല, നമുക്ക് ഒന്നിച്ചു മുന്നേറാം'; ദീപ നിശാന്തിനോട് രമ്യ ഹരിദാസ് 

ഇടതുസഹയാത്രിക ദീപ നിശാന്തിനെ വിമര്‍ശിച്ചു കൊണ്ട് തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് തന്റേതല്ലെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്
'ആക്ഷേപിക്കാനോ പരിഹസിക്കാനോ ഇല്ല, നമുക്ക് ഒന്നിച്ചു മുന്നേറാം'; ദീപ നിശാന്തിനോട് രമ്യ ഹരിദാസ് 

കൊച്ചി: ഇടതുസഹയാത്രിക ദീപ നിശാന്തിനെ വിമര്‍ശിച്ചു കൊണ്ട് തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് തന്റേതല്ലെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. 'തെരഞ്ഞെടുപ്പിനു ശേഷം ഇപ്പോള്‍ അടുത്ത ദിവസങ്ങളിലായി ഞാന്‍ മനസ്സില്‍ പോലും ചിന്തിക്കാത്ത വിഷയങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് എന്റേ തല്ലാത്ത, ഞാന്‍ ഉപയോഗിക്കാത്ത എന്റെ അക്കൗണ്ടില്‍ വന്നതായി  അറിയാന്‍ കഴിഞ്ഞു. ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമായ ഒരു കാര്യമാണ്' - രമ്യ ഫെയ്‌സ്ബുക്കില്‍ വിശദീകരിച്ചു.

'ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനല്ല ആലത്തൂരിലെ ജനങ്ങള്‍ ഇത്രയും വലിയൊരു സ്‌നേഹം നല്‍കിയതെന്ന പൂര്‍ണ്ണ ബോധ്യം എനിക്കുണ്ട്. അതെന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ശൈലിയുമല്ല .പല ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമുള്ള മറുപടികൂടിയായിരുന്നു ഈ വിജയം.അത് കൊണ്ട് തന്നെ ആരേയും ആക്ഷേപിക്കാനോ പരിഹസിക്കാനോ ഇല്ല. നമുക്ക് ഒന്നിച്ചു മുന്നേറാം , ആലത്തൂരിന് വേണ്ടി . ഒരിക്കല്‍ കൂടി വാക്കുകള്‍ക്ക് അതീതമായ നന്ദി അറിയിക്കുന്നു ..' - രമ്യ കുറിച്ചു.

നന്ദിയുണ്ട് ടീച്ചര്‍ എന്ന വാചകത്തോടെ ദീപ നിശാന്തിന്റെ ചിത്രം സഹിതമുളള കുറിപ്പാണ് രമ്യ ഹരിദാസിന്റേത് എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. രമ്യ ഹരിദാസിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ദീപ നിശാന്ത് തന്നെ രംഗത്തുവന്നതോടെ വീണ്ടും സോഷ്യല്‍മീഡിയയില്‍ ഒരു ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന പ്രതീതി സൃഷ്ടിച്ചു.ഇത് സോഷ്യല്‍മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ക്കുളള കളമൊരുക്കുകയും ചെയ്തിരുന്നു. ഇതിനിടെ ദീപ നിശാന്തിന് അബദ്ധം സംഭവിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര എംഎല്‍എയും ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയ പോസ്റ്റ് തന്റേതല്ലെന്ന വിശദീകരണവുമായി രമ്യഹരിദാസ് രംഗത്തെത്തിയത്. താന്‍ ഉപയോഗിക്കുന്ന അക്കൗണ്ടിന്റെയും പേജിന്റെയും ലിങ്കുകള്‍ സഹിതമാണ് രമ്യയുടെ പോസ്റ്റ്.

കുറിപ്പിന്റെ പൂര്‍ണരൂപം

സ്‌നേഹം നിറഞ്ഞ എന്റെ നാട്ടുകാര്‍ അറിയാന്‍,
ഈ തെരഞ്ഞെടുപ്പു കാലത്ത് എനിക്ക് ഏറെ സാഹായകമായ ഒരു മാധ്യമമാണ് 
സോഷ്യല്‍ മിഡിയ.
നാട്ടുകാരുമായുള്ള എന്റെ സനേഹത്തിന്റെ ഇഴയടുപ്പം കുട്ടാന്‍ ഈ സാമൂഹ്യ മാധ്യമങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്. 
തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷവും 
ഇതു നല്‍കന്ന പിന്തുണ ഏറെവിലപ്പെട്ടതുമാണ്.
ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ഒരു അക്കൗണ്ടും ഒരു പേജും ആണ് ഉപയോഗിക്കുന്നത്.
അതില്‍ ഒന്ന് ഈ പേജാണ്. 
ആയതിന്റെ ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു. തെരഞ്ഞെടുപ്പിനു ശേഷം ഇപ്പോള്‍ അടുത്ത ദിവസങ്ങളിലായി ഞാന്‍ മനസ്സില്‍ പോലും ചിന്തിക്കാത്ത വിഷയങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് 
എന്റേ തല്ലാത്ത, ഞാന്‍ ഉപയോഗിക്കാത്ത എന്റെ അക്കൗണ്ടില്‍ വന്നതായി 
അറിയാന്‍ കഴിഞ്ഞു.ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമായ ഒരു കാര്യമാണ് . 
ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനല്ല ആലത്തൂരിലെ
ജനങ്ങള്‍ ഇത്രേം വലിയൊരു സ്‌നേഹം നല്‍കിയതെന്ന പൂര്‍ണ്ണ ബോധ്യമെനിക്കുണ്ട് , അതെന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ശൈലിയുമല്ല . 
ഇത്തരത്തിലുള്ള എല്ലാ പ്രൊഫൈലുകളും പേജുകളും ദയവായി അത് ഉപയോഗിക്കുന്നവര്‍ പിന്‍വലിക്കണം . 
പല ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമുള്ള മറുപടികൂടിയായിരുന്നു ഈ വിജയം , 
അത് കൊണ്ട് തന്നെ ആരേയും ആക്ഷേപിക്കാനോ പരിഹസിക്കാനോ ഇല്ല , നമ്മുക്ക് ഒന്നിച്ചു മുന്നേറാം , 
ആലത്തൂരിന് വേണ്ടി . ഒരിക്കല്‍ കൂടി വാക്കുകള്‍ക്ക് അതീതമായ 
നന്ദി അറിയിക്കുന്നു ..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com